നേപ്പാളില്‍ നിന്ന് ബിഹാറിലേക്ക് വെള്ളപ്പാച്ചില്‍; ബീഹാറില്‍ ഒരു ലക്ഷം പേരെ ഒഴിപ്പിച്ചു

Posted on: August 3, 2014 2:40 pm | Last updated: August 4, 2014 at 10:22 am

BIIIIIIIIIII

പാറ്റ്‌ന/ കാഠ്മണ്ഡു: നേപ്പാളില്‍ കൂറ്റന്‍ മലയിടിഞ്ഞുണ്ടായ അപകടത്തില്‍ കോസി നദിയിലുണ്ടായ വെള്ളക്കെട്ട് തുറന്നുവിടാനുള്ള ശ്രമങ്ങള്‍ ബീഹാറിനെ വെള്ളപ്പൊക്ക ഭീഷണിയിലാക്കുന്നു. ഇതേത്തുടര്‍ന്ന് ബീഹാറിലെ അതിര്‍ത്തി ജില്ലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഒരു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. നേപ്പാളിലെ സിന്ധുപാല്‍ചൗക്ക് ജില്ലയിലുണ്ടായ കനത്ത മഴയിലാണ് മലയിടിച്ചിലുണ്ടായത്. അപകടത്തില്‍ ഒമ്പത് പേര്‍ മരിക്കുകയും നിരവധി വീടുകള്‍ മണ്ണിനടിയിലാകുകയും ചെയ്തു. നൂറുകണക്കിനാളുകളെ കാണാതായിട്ടുണ്ട്.
മലയുടെ വലിയൊരു ഭാഗം ഇടിഞ്ഞുവീണ് നേപ്പാളിലെ സണ്‍കോശി നദിയുടെ ഒഴുക്ക് ചെളി നിറഞ്ഞ് തടസ്സപ്പെടുകയായിരുന്നു. ബീഹാറില്‍ കോസി എന്ന പേരില്‍ ഒഴുകുന്ന നദിയാണ് നേപ്പാളിലെ സണ്‍കോശി. നദിയിലെ മണ്ണ് മാറ്റി ഒഴുക്ക് ശരിയാക്കുന്നതോടെ ബീഹാറില്‍ വെള്ളപ്പൊക്കമുണ്ടാകുമെന്നാണ് കരുതുന്നത്. നദിയിലെ ചെളി സ്‌ഫോടക വസ്തുക്കള്‍ പൊട്ടിച്ച് നീക്കം ചെയ്യാനാണ് ശ്രമിക്കുന്നത്. ബീഹാറിലെ നൂറോളം ഗ്രാമങ്ങലില്‍ വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യതയെ തുടര്‍ന്നാണ് ആളുകളെ യുദ്ധകാലാടിസ്ഥാനത്തില്‍ ഒഴിപ്പിക്കുന്നത്. എട്ട് ജില്ലകളില്‍ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സോപോള്‍, മധുബാനി, സഹര്‍ഷ ജില്ലകളില്‍ നിന്നാണ് ആളുകളെ ഒഴിപ്പിച്ചത്. ഇരുനൂറ് ബോട്ടുകളിലായാണ് ദുരന്ത നിവാരണ സേന ആളുകളെ ഒഴിപ്പിക്കുന്നത്.
ദേശീയ ദുരന്ത നിവാരണ സേനയുടെ പതിമൂന്ന് സംഘങ്ങളെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നാല് സംഘങ്ങളെയും പ്രദേശത്ത് വിന്യസിച്ചു. സൈനിക വിമാനത്തില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെയും മേഖലയിലേക്ക് അയച്ചിട്ടുണ്ട്. കരസേനക്കൊപ്പം വ്യോമ, നാവിക സേനാംഗങ്ങളെയും സുരക്ഷക്കായി പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. നദിയിലെ തടസ്സം നീക്കുന്നതോടെ പത്ത് മീറ്റര്‍ ഉയരത്തില്‍ വെള്ളം ഉയരുമെന്നാണ് വിലയിരുത്തുന്നത്. 2008ല്‍ കോസി നദി കരകവിഞ്ഞൊഴുകുകയും നദിയുടെ ഗതി മാറുകയും ചെയ്തതിനെ തുടര്‍ന്ന് അഞ്ഞൂറ് പേര്‍ മരിക്കുകയും ഇരുപത് ലക്ഷം ആളുകളെ ബാധിക്കുകയും ചെയ്തിരുന്നു.
രണ്ട് സ്‌ഫോടനങ്ങള്‍ നടത്തി നദിയുടെ ഒഴുക്ക് ശരിയാക്കാനാണ് ശ്രമിക്കുന്നതെന്ന് നേപ്പാള്‍ സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. മണ്ണും പാറകളും വീണ് നദിയില്‍ മൂന്ന് കിലോമീറ്റര്‍ നീളത്തില്‍ തടാകത്തിന് സമാനമായി വെള്ളം കെട്ടിക്കിടക്കുകയാണെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ALSO READ  കൊവിഡ്: ഏറ്റവും കുറഞ്ഞ മരണ നിരക്കില്‍ രാജ്യത്ത് രണ്ടാമത് കേരളം