Connect with us

Kozhikode

സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാനുള്ള രേഖകള്‍ കൈമാറി

Published

|

Last Updated

കോഴിക്കോട്: ജനകീയ പ്രതിഷേധങ്ങള്‍ക്കും മുറവിളികള്‍ക്കുമൊടുവില്‍ മാനാഞ്ചിറ വെള്ളിമാട്കുന്ന് റോഡ്‌വികസനത്തിനായുള്ള നടപടികള്‍ വേഗത്തിലാക്കി.

ഇതിനായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമി ഏറ്റെടുക്കുന്നതിനുള്ള രേഖകള്‍ സര്‍ക്കാറിന് കൈമാറി. വിവിധ വകുപ്പുകളുടെ കീഴിലുള്ള 245.01 സെന്റ് സ്ഥലമാണ് റോഡ് വികസനത്തിനായി വിനിയോഗിക്കുന്നത്. റവന്യു, പൊതുമരാമത്ത്, വിദ്യാഭ്യാസം, കെ എസ് ആര്‍ ടി സി, മൃഗസംരക്ഷണം, ആഭ്യന്തരം, കോളജ് വിദ്യാഭ്യാസം, ജലവിഭവം, ഹൗസിംഗ്‌ബോര്‍ഡ്, പോസ്റ്റല്‍ എന്നിവയുടെ ഭൂമിയാണ് റോഡ് വികസനത്തിനായി ഉപയോഗിക്കുന്നത്. കോര്‍പറേഷന്റെ കൈവശമുള്ള ഭൂമി ഏറ്റെടുക്കുന്നതിനുള്ള അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇതിനായുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും.
സ്വകാര്യ ഉടമസ്ഥതയിലുള്ള വസ്തുക്കളുടെ എണ്ണക്കൂടുതലും സ്ഥലത്തിന്റെ പ്രാധാന്യവും കണക്കിലെടുത്ത് വില നിശ്ചയിക്കുന്ന പ്രക്രിയ സങ്കീര്‍ണമാണ്. ഇതിന് ആവശ്യമായ പ്രമാണങ്ങളുടെ പരിശോധന വേഗത്തിലാക്കാന്‍ ആക്ഷന്‍ കമ്മിറ്റിയുടെയും പൊതുജനങ്ങളുടെയും സഹകരണം ആവശ്യമാണെന്ന് ജില്ലാ കലക്ടര്‍ സി എ ലത പറഞ്ഞു. സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നിന്ന് പ്രമാണങ്ങള്‍ പരിശോധിച്ച ശേഷമാകും അന്തിമ വില സംബന്ധിച്ച തീരുമാനത്തിനായി ചര്‍ച്ചകള്‍ നടക്കുക. ഇതുവരെ സ്വീകരിച്ച നടപടികളില്‍ വീഴ്ചകളുണ്ടായിട്ടില്ല. സുതാര്യവും നിയമപരവുമായ നടപടികള്‍ തുടരുമെന്നും അവര്‍ പറഞ്ഞു.
കലക്ടറേറ്റില്‍ ഇതു സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ എം കെ രാഘവന്‍ എം പി, ആക്ഷന്‍ കമ്മിറ്റിയെ പ്രതിനിധീകരിച്ച് ഡോ. എം ജി എസ് നാരായണന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.