നിര്‍മാണ തൊഴിലാളികളുടെ കലക്ടറേറ്റ് മാര്‍ച്ച്: ജില്ലാതല വാഹന പ്രചാരണ ജാഥ തുടങ്ങി

Posted on: August 3, 2014 9:28 am | Last updated: August 3, 2014 at 9:28 am

അമ്പലവയല്‍: നിര്‍മാണ മേഖലയിലെ തൊഴിലും ക്ഷേമനിധിയും സംരിക്ഷിക്കാന്‍ മുഴുവന്‍ ട്രേഡ് യൂണിയനുകളുടെയും നേതൃത്വത്തില്‍ ഏഴിന് നടത്തുന്ന കലക്ടറേറ്റ് ഉപരോധത്തിന് മുന്നോടിയായുള്ള ജില്ലാതല വാഹന പ്രചാരണ ജാഥ ആരംഭിച്ചു.എ ഐ ടി യു സി ജില്ലാ സെക്രട്ടറി പി കെ മൂര്‍ത്തി ഉദ്ഘാടനം ചെയ്തു.
കെ കെ ശ്രീധരന്‍ അധ്യക്ഷനായിരുന്നു. സി ഭാസ്‌ക്കരന്‍(സി ഐ ടി യു), കെ പി കുര്യാക്കോസ്(ഐ എന്‍ ടി യു സി),എ എ സുധാകരന്‍(എ ഐ ടി യു സി), കണക്കയില്‍ മുഹമ്മദ്(എസ് ടി യു) ഹരിദാസന്‍(ബി എം എസ്), എം മധു(സി ഐ ടി യു) പ്രസംഗിച്ചു. നിര്‍മാണ മേഖല കടുത്ത പ്രതിസന്ധിയിലാണ്. ആയിരക്കണക്കില്‍ തൊഴിലാളികള്‍ക്ക് ഇതിനകം തൊഴിലില്ലാതായി. കരിങ്കല്ലും മണലും ലഭിക്കാതായി. കമ്പിക്കും സിമന്റിനുമെല്ലാം വില കുത്തനെ കൂടി. ഈ ഘട്ടത്തിലും നിര്‍മാണ തൊഴിലാളി ക്ഷേമനിധിയില്‍ അനാവശ്യ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയും ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചും യഥാസമയം നല്‍കാതെയും തൊഴിലാളികളെ ദ്രോഹിക്കുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നത്. ഇതിനെതിരായാണ് കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ മുഴുവന്‍ തൊഴിലാളികളും യോജിച്ച പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നത്. സി ഐ ടി യു നേതാവ് എം മധു ക്യാപ്ടനും എ ഐ ടി യു സി നേതാവ് എ എ സുധാകരന്‍ ഡയറക്ടറും എന്‍ വേണുഗോപോല്‍(കെ കെ എന്‍ ടി സി) മാനേജരും പി കെ കുഞ്ഞിമൊയ്തീന്‍(ഐ എന്‍ ടി യു സി) വൈസ് ക്യാപ്ടനുമാണ്. ഇന്ന് രാവിലെ മീനങ്ങാടിയില്‍ നിന്ന് പ്രയാണം ആരംഭിക്കുന്ന ജാഥ ബത്തേരി-9.30, പുല്‍പള്ളി 10.30, കേണിച്ചിറ 11.30, പനമരം 12, മാനന്തവാടി-ഒരു മണി, തരുവണ 2.00, പടിഞ്ഞാറത്തറ 2.30, കമ്പളക്കാട് 3.15, കല്‍പറ്റ 4 00 എന്നിവിടങ്ങളില്‍ പര്യടനം നടത്തി അഞ്ച് മണിക്ക് മേപ്പാടിയില്‍ സമാപിക്കും. വിവിധ സംഘടനാ പ്രതിനിധികളായ സി എസ് സ്റ്റാന്‍ലിന്‍, ഒ പി ശങ്കരന്‍, എം നാരായണന്‍, പി ജെ ആന്റണി, എ രാജന്‍, ജോര്‍ജ് മണ്ണത്താനി, കെ വാസുദേവന്‍, ഇ അബ്ദുറഹ്മാന്‍, പി കെ പ്രകാശന്‍, ടി പി കാസിം, പ്രമോദ്, മോഹന്‍ദാസ്, അയൂബ്, സലിംകുമാര്‍ എന്നിവരാണ് ജാഥാംഗങ്ങള്‍.
നിര്‍മാണ മേഖലയില്‍ തൊഴിലാളികള്‍ക്ക് ജോലിയും ക്ഷേമനിധി ആനുകൂല്യങ്ങളും നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് ഈ രംഗത്തെ എല്ലാ യൂണിയനുകളും ചേര്‍ന്ന് പ്രക്ഷോഭം ആരംഭിക്കുന്നത്. സംസ്ഥാനത്തെ മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി കഴിഞ്ഞ ഏതാനും മാസങ്ങളായി ജില്ലയില്‍ നിര്‍മാണ മേഖല പൂര്‍ണ സ്തംനാവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് വിവിധ യൂണിയന്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി.