തടവുകാരെ സി ഐ എ പീഡിപ്പിച്ചെന്ന് ഒബാമ

Posted on: August 3, 2014 1:33 am | Last updated: August 3, 2014 at 12:34 am

obamaവാഷിംഗ്ടണ്‍: വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ തുടര്‍ന്ന് പിടിയിലായവരെ അമേരിക്ക പീഡിപ്പിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് ബരാക് ഒബാമ. സി ഐ എയുടെ ക്രൂരതകളെ സംബന്ധിച്ച വലിയൊരു വെളിപ്പെടുത്തലാണ് ഒബാമ നടത്തിയത്. സി ഐ എയുടെ ഇത്തരം ചെയ്തികള്‍ പ്രസിഡന്റ് പദവി ഏറ്റെടുത്ത ശേഷം ഒബാമ നിരോധിച്ചിരുന്നു.
വൈറ്റ് ഹൗസില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഒബാമ ഇക്കാര്യം അറിയിച്ചത്. ‘നമ്മുടെ മൂല്യങ്ങള്‍ക്ക് നിരക്കാത്ത ചിലത് ചെയ്‌തെ’ന്ന് അദ്ദേഹം സമ്മതിച്ചു. തടവുകാരോടുള്ള സി ഐ എയുടെ സമീപനത്തെ വിമര്‍ശിക്കുന്ന സെനറ്റിന്റെ റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് ഒബാമയുടെ പ്രതികരണം. മറ്റൊരു ആക്രമണമുണ്ടാകുമെന്ന സമ്മര്‍ദം കാരണമാകും ദേശീയ സുരക്ഷാ ഉദ്യോഗസ്ഥര്‍ അപ്രകാരം ചെയ്തതെന്ന് ഒബാമ ന്യായീകരിച്ചു. വര്‍ത്തമാന സാഹചര്യത്തില്‍ സുരക്ഷിതമാകുമെന്ന ലെന്‍സിലൂടെ എല്ലാ കാര്യങ്ങളും തീര്‍പ്പ് കല്‍പ്പിക്കുന്ന തരത്തില്‍ അമേരിക്കക്കാര്‍ കൂടുതല്‍ കപടന്‍മാരാകരുതെന്ന് ഒബാമ പറഞ്ഞു. ജോര്‍ജ് ഡബ്ല്യു ബുഷ് കാലത്തെ ഉദ്യോഗസ്ഥര്‍ ഇന്നും പറയുന്നത് അത് പീഡനമല്ലെന്നും മറിച്ച് യു എസ് നിയമത്തിന് കീഴിലുള്ള ശിക്ഷാ രീതികളെന്നുമാണ്. പ്രസിഡന്റ് പദത്തിലേക്ക് മത്സരിക്കുന്ന പ്രഥമ ഘട്ടത്തില്‍ ഒബാമയുടെ പ്രധാന പ്രചാരണ ആയുധമായിരുന്നു അല്‍ ഖാഇദ തടവുകാരെ സി ഐ എ പീഡിപ്പിച്ച സംഭവങ്ങള്‍.