കെ എസ് ഇ ബി- വനം വകുപ്പ് തര്‍ക്കം

Posted on: August 3, 2014 6:00 am | Last updated: August 5, 2014 at 7:16 am

KSEB-Logoതിരുവനന്തപുരം: വൈദ്യുതി ബോര്‍ഡ് കമ്പനിയായതോടെ കൈവശം വെച്ചിരിക്കുന്ന വനഭൂമിയെച്ചൊല്ലി തര്‍ക്കം. ബോര്‍ഡിനെ കമ്പനിയാക്കിയപ്പോള്‍ ആസ്തികള്‍ പുതിയ കമ്പനിക്ക് കൈമാറിയതിനൊപ്പം വനഭൂമി കൈമാറ്റം ചെയ്തത് അറിയിച്ചില്ലെന്ന് കാണിച്ച് വന സംരക്ഷണത്തിന്റെ ചുമതലയുള്ള അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വനം, വന്യജീവി വകുപ്പുകളുടെ ചുമതലയുള്ള അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. കൈമാറ്റം നിയമപരമാകണമെങ്കില്‍ വനഭൂമിയുടെ മതിപ്പ് വില ഈടാക്കി നിശ്ചിത തുക കൈമാറണമെന്നാണ് വനം വകുപ്പിന്റെ ആവശ്യം. കെ എസ് ഇ ബി ലിമിറ്റഡിന്റെ കൈവശമുള്ള ഭൂമിക്ക് ഹെക്ടറിന് ശരാശരി 10.70 ലക്ഷം രൂപയാണ് വനം വകുപ്പ് വില കണക്കാക്കിയിരിക്കുന്നത്. ആവശ്യം അംഗീകരിച്ചാല്‍ 1,400 കോടിയിലധികം രൂപ വനം വകുപ്പിന് നല്‍കേണ്ടി വരും. ത്രികക്ഷി കരാറില്‍ ഏര്‍പ്പെട്ടതോടെ വെള്ളിയാഴ്ചയാണ് കെ എസ് ഇ ബി പൂര്‍ണ തോതില്‍ കമ്പനിയായി മാറിയത്.

കെ എസ് ഇ ബിയുടെ കൈവശമുണ്ടായിരുന്ന വനഭൂമി പുതിയ കമ്പനിയിലേക്കു കൈമാറുന്നത് ചട്ടപ്രകാരമല്ലെന്ന് വനം വകുപ്പിന്റെ കത്തില്‍ വ്യക്തമാക്കുന്നു. ഈ ഭൂമിക്കുമേലുണ്ടായിരുന്ന അവകാശം വൈദ്യുതി ബോര്‍ഡ് കമ്പനിയായതോടെ നഷ്ടമായി. വനഭൂമി പാട്ടത്തിന് നല്‍കുന്നത് കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയോടെയായതിനാല്‍ ഇത് പുതിയൊരു സ്ഥാപനത്തിനു കൈമാറണമെങ്കിലും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന് കണ്‍സര്‍വേറ്ററുടെ കത്തില്‍ പറയുന്നു.
എന്നാല്‍, ബോര്‍ഡ് ഇത്തരം അനുമതികള്‍ വാങ്ങിയിട്ടില്ല. അനുമതിയില്ലാതെയുള്ള വനഭൂമി കൈമാറ്റം ചട്ടവിരുദ്ധമാണെന്ന് 1980ലെ വന സംരക്ഷണ നിയമത്തിലും അനുബന്ധ ചട്ടങ്ങളിലും വ്യക്തമാക്കുന്നുണ്ട്. 13841.7985 ഹെക്ടര്‍ വനഭൂമി കെ എസ് ഇ ബി ലിമിറ്റഡിന്റെ കൈവശമുണ്ടെന്നാണ് കണക്ക്. പല കാലയളവുകളില്‍ വനം വകുപ്പ് കൈമാറിയ ഭൂമിയാണിത്.
2014 മാര്‍ച്ച് പന്ത്രണ്ടിലെ സുപ്രീം കോടതി വിധിയും ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ കത്തില്‍ എടുത്തുകാണിക്കുന്നുണ്ട്. എപ്പോഴെങ്കിലും കൈവശാവകാശത്തില്‍ മാറ്റമുണ്ടായാല്‍ പുതിയ ഏജന്‍സിയില്‍ നിന്ന് വനഭൂമിയുടെ നിലവിലുള്ള മൂല്യം ഈടാക്കണമെന്നാണ് കോടതി നിര്‍ദേശം. അടുത്തിടെ റാന്നി ഡിവിഷനില്‍ വനഭൂമി അവകാശമാറ്റം നടന്നതിനെ തുടര്‍ന്ന് അയ്യപ്പ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ട് ലിമിറ്റഡില്‍ നിന്ന് മൂല്യം ഈടാക്കാന്‍ നടപടി തുടങ്ങിയതും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
1956ലെ കമ്പനി നിയമപ്രകാരമാണ് വൈദ്യുതി ബോര്‍ഡ് കമ്പനിയായി മാറിയതെങ്കിലും രൂപമാറ്റം സംബന്ധിച്ചോ ആസ്തിബാധ്യതകളുടെ കൈമാറ്റത്തെക്കുറിച്ചോ ബോര്‍ഡോ പുതിയതായി വന്ന കെ എസ് ഇ ബി ലിമിറ്റഡ് എന്ന കമ്പനിയോ തങ്ങളെ അറിയിച്ചിട്ടില്ലെന്ന് കത്തില്‍ പറയുന്നു. കെ എസ് ഇ ബി വെബ്‌സൈറ്റില്‍ നിന്നാണ് കെ എസ് ഇ ബി ലിമിറ്റഡ് എന്ന കമ്പനി നിലവിലുണ്ടെന്ന് മനസ്സിലായതെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.
2008ലെ മന്ത്രിസഭാ തീരുമാന പ്രകാരമാണ് കെ എസ് ഇ ബിയുടെ കമ്പനിവത്കരണ നടപടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് കെ എസ് ഇ ബിയുടെ ആസ്തിബാധ്യതകള്‍ സര്‍ക്കാറില്‍ നിക്ഷിപ്തമാക്കി. 2013ല്‍ കമ്പനിയായി പ്രഖ്യാപിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറങ്ങി. ഇതോടെ ആസ്തിബാധ്യതകള്‍ പുതിയ കമ്പനിയിലേക്ക് പുനര്‍നിക്ഷേപിച്ചു. എന്നാല്‍, ജീവനക്കാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് തുടര്‍ നടപടികള്‍ വൈകുകയായിരുന്നു. അതേസമയം, വനം വകുപ്പ് നല്‍കിയ കത്തിന് വ്യക്തമായ മറുപടി നല്‍കുമെന്നാണ് കെ എസ് ഇ ബിയുടെ വിശദീകരണം. നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന നിലപാടും വനം വകുപ്പിനെ കെ എസ് ഇ ബി അറിയിക്കും.