Connect with us

National

പുനഃസംഘടന വേണ്ടെന്ന് ഐ ഗ്രൂപ്പ്; രമേശ് സോണിയയെ കണ്ടു

Published

|

Last Updated

ന്യൂഡല്‍ഹി: മന്ത്രിസഭാ പുനഃസംഘടനക്കെതിരായ നിലപാട് ഐ ഗ്രൂപ്പ് ഹൈക്കമാന്‍ഡിനെ അറിയിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചാണ് പുനഃസംഘടന ആവശ്യമില്ലെന്ന് അറിയിച്ചത്. കെ ബി ഗണേഷ്‌കുമാറിനെ തിരികെ മന്ത്രിസഭയിലെത്തിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും ചെന്നിത്തല സോണിയാ ഗാന്ധിയോട് പറഞ്ഞു. പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കാനേ പുനഃസംഘടന ഇടയാക്കൂവെന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്.
പുനഃസംഘടനയെക്കുറിച്ച് മുഖ്യമന്ത്രി നേരത്തെ ആലോചനകള്‍ തുടങ്ങിയിരുന്നെങ്കിലും സ്പീക്കര്‍ സ്ഥാനം രാജിവെച്ച് മന്ത്രിസഭയിലെത്താന്‍ ജി കാര്‍ത്തികേയന്‍ താത്പര്യം പ്രകടിപ്പിച്ചതോടെയാണ് ചര്‍ച്ചകള്‍ സജീവമായത്. കെ പി സി സി പ്രസിഡന്റ് അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയതോടെ പുനഃസംഘടനക്കായി എ ഗ്രൂപ്പ് സമ്മര്‍ദം ശക്തമാക്കി. ഈ സാഹചര്യത്തിലാണ് പുനഃസംഘടനക്കെതിരായ ഐ ഗ്രൂപ്പിന്റെ വികാരം സോണിയ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും രമേശ് ചെന്നിത്തല പങ്ക് വെച്ചത്. ജി കാര്‍ത്തികേയനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നതില്‍ എതിര്‍പ്പില്ല. അതിനായി ഐ ഗ്രൂപ്പ് മന്ത്രിമാരുടെ എണ്ണം കുറക്കാനാകില്ല. പുനഃസംഘടന മന്ത്രിസഭക്കും പാര്‍ട്ടിക്കും മുന്നണിക്കും ഗുണം ചെയ്യില്ലെന്നും കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിവെക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തന്റെ മന്ത്രിസഭാ പ്രവേശം ഗ്രൂപ്പ് സമവാക്യമായി കാണരുത്. ഹൈക്കമാന്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് താന്‍ മന്ത്രിസഭയിലേക്ക് വന്നത്. ഇത് മന്ത്രിസഭയിലെ ഗ്രൂപ്പുസമവാക്യമായി കണക്കാക്കാനാകില്ലെന്ന് ചെന്നിത്തല പറഞ്ഞു. കെ ബി ഗണേഷ് കുമാറിനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നത് ഗുണം ചെയ്യില്ല. ഗണേഷ് കുമാറിനെതിരായ ആരോപണങ്ങള്‍ സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് കോട്ടമുണ്ടാക്കുമെന്നും രമേശ് ചെന്നിത്തല സോണിയാ ഗാന്ധിയെ അറിയിച്ചു.