Connect with us

Ongoing News

800ല്‍ അട്ടിമറി; അമോസ് ചാമ്പ്യന്‍

Published

|

Last Updated

800 ല്‍ അമോസ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നു

ഗ്ലാസ്‌ഗോ: ഒളിമ്പിക് ചാമ്പ്യനും ലോക റെക്കോര്‍ഡുകാരനുമായ കെനിയയുടെ ഡേവിഡ് റുഡിഷയെ അട്ടിമറിച്ച് കോമണ്‍വെല്‍ത്ത് ഗെയിംസ് 800 മീറ്ററില്‍ ബോട്‌സ്വാനയുടെ നിജെല്‍ അമോസ് ജേതാവായി. ഒരു മിനുട്ട് 45.18 സെക്കന്‍ഡ്‌സിലായിരുന്നു അമോസിന്റെ ഫിനിഷിംഗ്. റുഡിഷ 1.45.48 സെക്കന്‍സില്‍ വെള്ളിയും ദക്ഷിണാഫ്രിക്കയുടെ ആന്ദ്രെ ഒലിവര്‍ 1.46.03 സെക്കന്‍ഡ്‌സില്‍ വെങ്കലവും കരസ്ഥമാക്കി. 2013 സീസണ്‍ മുഴുവന്‍ പരിക്ക് കാരണം നഷ്ടമായ റുഡിഷക്ക് അവസാന നൂറ് മീറ്ററില്‍ സ്വതസിദ്ധ ശൈലിയില്‍ ആധിപത്യം സ്ഥാപിക്കാനായില്ല.
ട്രാക്ക് ഇനങ്ങളില്‍ ആഫ്രിക്കന്‍ ശക്തികളായ ജമൈക്കയും നൈജീരിയയും മുന്നേറ്റം തുടരുന്നതിനിടെ പുരുഷവിഭാഗം ലോംഗ് ജമ്പില്‍ ബ്രിട്ടന്റെ ഒളിമ്പിക് ചാമ്പ്യന്‍ ഗ്രെഗ് റുഥര്‍ഫോഡിന് സ്വര്‍ണം. റുഥര്‍ഫോഡ് 8.20 മീ. ചാടിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ സാര്‍ക്ക് വിസ്സാര്‍(8.12 മീ.) വെള്ളിയും റുഷ്വാല്‍ സമെയ് (8.08 മീ.) വെങ്കലവും നേടി.
ഹൈജമ്പില്‍ 2.31 മീ. ഉയരം താണ്ടിയ കാനഡയുടെ ഡെറെക്ക് ഡ്രോയിന്‍ സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ സൈപ്രസിന്റെ കിരിയാകോസ് ലോണോയു വെള്ളിയും(2.28 മീ.) കാനഡയുടെ മൈക്കേല്‍ മാസോണ്‍(2.25 മീ.) വെങ്കലവും സ്വന്തമാക്കി.
വനിതകളുടെ 400 മീ. ഹര്‍ഡില്‍സില്‍ ജമൈക്ക മെഡല്‍ തൂത്തുവാരിയപ്പോള്‍ 10,000 മീറ്ററില്‍ കെനിയ മൂന്ന് മെഡലും സ്വന്തമാക്കി കുത്തക നിലനിര്‍ത്തി. ജോയ്‌സ് ചെപ് കിരുയി ഈയിനത്തില്‍ സ്വര്‍ണം നേടിയപ്പോള്‍ ഫ്‌ലോറന്‍സ് കിപ്ലെഗാട്ട് വെള്ളിയും എമിലി ചെബാട്ട് വെങ്കലും നേടി.
വനിതാ മാരത്തണിലും സ്വര്‍ണവും വെള്ളിയും കെനിയയ്ക്കായി. ഫ്‌ലൊമേണ ചെയാക് ഡാനിയേല്‍ ഒന്നാമതെത്തിയപ്പോള്‍(2:26:45) കരോളിന്‍ കിലെല്‍(2:27:10) വെള്ളി നേടി. ഓസ്‌ട്രേലിയയുടെ ജെസ് ട്രെന്‍ഗോവിനാണ് ഈയിനത്തില്‍ വെങ്കലം.
ട്രിപ്പിള്‍ ജമ്പില്‍ ജമൈക്കയുടെ കിംബെര്‍ലി വില്യംസിനാണ് സ്വര്‍ണം.

Latest