റഷ്യക്കെതിരെ യൂറോപ്പിന്റെ വന്‍ ഉപരോധം പ്രാബല്യത്തില്‍

Posted on: August 2, 2014 12:02 am | Last updated: August 2, 2014 at 12:41 am

ബ്രസല്‍സ്: മാസങ്ങള്‍ നീണ്ട അനശ്ചിതത്വത്തിന് ശേഷം റഷ്യക്കെതിരെ പുതിയ ഉപരോധത്തിന് യൂറോപ്യന്‍ യൂനിയന്റെ അംഗീകാരം. റഷ്യയുടെ ബേങ്കിംഗ്, പ്രതിരോധം, ഊര്‍ജം എന്നീ മേഖലകളെ ലക്ഷ്യമിട്ടുള്ളതാണ് പുതിയ ഉപരോധം. ഉക്രൈനില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതില്‍ റഷ്യയെ പിന്തിരിപ്പിക്കുന്നതിന് സാമ്പത്തിക ഉപരോധമേര്‍പ്പെടുത്താന്‍ വ്യാഴാഴ്ചയാണ് യൂറോപ്യന്‍ യൂനിയന്‍ തീരുമാനമെടുത്തത്.
ഉപരോധം ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നെന്ന് യൂറോപ്യന്‍ യൂനിയന്റെ ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഇതിന്റെ ആദ്യപടിയെന്ന നിലയില്‍ റഷ്യന്‍ പൊതുമേഖലാ ബേങ്കുകള്‍ യൂറോപ്പിലെ സാമ്പത്തിക കമ്പോളത്തില്‍ നടത്തുന്ന ഇടപാടുകളില്‍ നിയന്ത്രണം കൊണ്ടുവരികയും റഷ്യന്‍ സാമ്പത്തിക മേഖലയിലേക്ക് പോകുന്ന പങ്കില്‍ ഇടിവ് വരുത്തുകയും ചെയ്യും.
റഷ്യയിലെ ഏറ്റവും വലിയ ബേങ്കായ സ്ബര്‍ അടക്കം അഞ്ച് ബേങ്കുകളുടെ പ്രവര്‍ത്തനത്തെ ഉപരോധം കാര്യമായി ബാധിക്കും. യൂറോപ്യന്‍ യൂനിയനില്‍പെട്ട രാജ്യങ്ങളിലെ പൊതുമേഖലാ സ്ഥാപനങ്ങളെയും കമ്പനികളെയും ബോണ്ടുകളും ഷെയറുകളുമുള്‍പ്പെടെയുള്ളവ വാങ്ങുവാനോ വില്‍ക്കുവാനോ അനുവദിക്കില്ല.
മാത്രമല്ല റഷ്യക്ക് ആയുധവും വിവിധ ഉപയോഗ സാങ്കേതിക വിദ്യ വില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്. എണ്ണ മേഖലയിലെ സുപ്രധാന സാങ്കേതിക വിദ്യകൈമാറുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും റഷ്യയുടെ പ്രകൃതി വാതക വ്യവസായത്തെ ഉപരോധത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. യൂറോപ്പിലേക്കാവശ്യമായ വാതകത്തിന്റെ മൂന്നിലൊന്നും വിതരണം ചെയ്യുന്നത് റഷ്യയാണ്. എന്നാല്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പുതിയ കരാറുകള്‍ക്ക് മാത്രമേ ബാധകമാകൂവെന്നും നിലവിലെ കരാറുകളെ ബാധിക്കില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.