ജോനാഥന് ഇന്ത്യ മടുത്തു; മാവോയിസ്റ്റ് ബന്ധം കണ്ടെത്താനായില്ല

Posted on: August 2, 2014 12:28 am | Last updated: August 2, 2014 at 1:12 am

tsr jonadan poto

തൃപ്രയാര്‍(തൃശൂര്‍): സിനോജ് അനുസ്്മരണ യോഗത്തില്‍ പ്രസംഗിച്ചതിന് അറസ്റ്റിലായ സ്വിസ് പൗരന്‍ ജോനാഥന് മാവോയിസ്റ്റ് ബന്ധം കണ്ടെത്താനായില്ല.
ഇരിങ്ങാലക്കുട സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ഇയാളെ ഇന്നലെ വലപ്പാട് സി ഐ ആര്‍ രതീഷ്‌കുമാര്‍ കസ്റ്റഡിയില്‍ വാങ്ങി നടത്തിയ ചോദ്യം ചെയ്യലിലില്‍ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയിക്കാവുന്ന മൊഴികളൊന്നും ലഭിച്ചില്ല. ഇനി രാജ്യത്തേക്ക് ഒരിക്കലും വരില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് അദ്ദേഹം പറഞ്ഞു.
ജനീവ യൂനിവേഴ്‌സിറ്റിയിലെ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ഥിയായ താന്‍ പാശ്ചാത്യ രാജ്യങ്ങളിലെ കമ്മ്യൂണിസം മാവോയിസം എന്നിവയില്‍ പഠനം നടത്തുന്നതിന്റെ ഭാഗമായാണ് കൂട്ടുകാരിയോടൊപ്പം ഇന്ത്യയില്‍ എത്തിയതെന്ന് ജോനാഥന്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു. മാവോ ചിന്തകളോട് താത്പര്യമുണ്ടെന്നും എന്നാല്‍ ഇന്ത്യയില്‍ മാവോയിസ്റ്റ് പ്രസ്ഥാനം നിരോധിത സംഘടനായാണെന്ന് അറിയില്ലെന്നും ഇയാള്‍ വെളിപ്പെടുത്തി. പഠന ഗവേഷണത്തിന്റെ ഭാഗമായി സമാഹരിച്ച പുസ്തകങ്ങളാണ് താമസ സ്ഥലത്ത് നിന്ന് പോലീസ് കണ്ടെത്തിയതെന്ന് ചോദ്യം ചെയ്യലില്‍ ജോനാഥന്‍ സമ്മതിച്ചു.
24കാരനായ ജോനാഥന്‍ നിരവധി ഓണ്‍ലൈന്‍ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അവരാരും ഇന്നലെ എത്തിയില്ല.
മൂന്ന് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടതെങ്കിലും ഇന്ന് വൈകീട്ട് അഞ്ച് വരെയാണ് അനുവദിച്ച സമയം. ഇയാളുടെ മൊഴികളില്‍ സംശയിക്കേണ്ടതായ മറ്റൊന്നുമില്ലെന്നാണ് പോലീസ് പറയുന്നത്.