ജയലളിതയെ പരിഹസിച്ച് ശ്രീലങ്കന്‍ സേനയുടെ വെബ്‌സൈറ്റ്

Posted on: August 1, 2014 10:39 am | Last updated: August 2, 2014 at 12:31 am

lankan websiteകൊളംബോ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ പരിഹസിച്ച് ശ്രീലങ്കന്‍ പ്രതിരോധ സേനയുടെ വെബ്‌സൈറ്റ്. നരേന്ദ്ര മോദിക്കുള്ള ജയലളിതയുടെ പ്രേമലേഖനങ്ങള്‍ എങ്ങനെ അര്‍ത്ഥവത്താവും? എന്ന പേരിലാണ് ലേഖനം. മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തുകളെയാണ് ലേഖനത്തില്‍ പ്രണയ ലേഖനങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നത്. വെബ്‌സൈറ്റിന്റെ മുഖപേജില്‍ തന്നെയുള്ള ഈ ലേഖനത്തില്‍ മോദിയെ മനസില്‍ ഓര്‍ത്തുകൊണ്ട് കത്തെഴുതുന്ന ജയലളിതയുടെ ചിത്രവും ചേര്‍ത്തിട്ടുണ്ട്.

എന്നാല്‍, സര്‍ക്കാരിന്റെ ഒദ്യോഗികമായ വിശദീകരണമല്ല ഇതെന്നും ലങ്കന്‍ പ്രതിരോധ വകുപ്പ് വെബ്‌സൈറ്റില്‍ പറഞ്ഞിട്ടുണ്ട്. ശ്രീലങ്ക സന്ദര്‍ശിച്ച ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി തമിഴ്‌നാട്ടിലെ രാഷ്ട്രീയം ഇന്തോ-ലങ്കന്‍ ബന്ധത്തെ ബാധിക്കില്ലെന്ന് അറിയിച്ചതായും ലേഖനത്തില്‍ പറയുന്നു.

അതേസമയം, വിഷയം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞ ശേഷം പ്രതികരിക്കാമെന്ന് അണ്ണാ ഡി എം കെ നേതൃത്വവും അറിയിച്ചു.