വറുതിയുടെ നാളുകള്‍ക്ക് വിട; പ്രതീക്ഷയോടെ മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക്

Posted on: August 1, 2014 10:55 am | Last updated: August 1, 2014 at 10:55 am

seaകോഴിക്കോട്: 47 ദിവസം നീണ്ടുനിന്ന ട്രോളിംഗ് നിരോധത്തിന് ശേഷം പുതിയ പ്രതീക്ഷകളുമായി മത്സ്യത്തൊഴിലാളികള്‍ ഇന്നലെ അര്‍ധരാത്രിയോടെ കടലിലേക്ക് പുറപ്പെട്ടു. നിരോധന വേളയില്‍ ബോട്ടുകളുടെ അറ്റകുറ്റപ്പണികളെല്ലാം തീര്‍ത്തിരുന്നു. പകല്‍ ഭക്ഷണ സാധനങ്ങളും മറ്റും ശേഖരിച്ച് രാത്രി ബോട്ടുകള്‍ കടലിലിറങ്ങി. പലരും പുതിയ വലകളും വാങ്ങിയിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് വലക്കായി പലരും ചെലവഴിച്ചത്.
നീണ്ട നാളത്തെ പ്രയാസങ്ങള്‍ക്ക് അറുതി വരുത്തി ചാകര കോള് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികള്‍. കോര, കൂന്തള്‍, ചെമ്മീന്‍ ഉള്‍പ്പെടെയുള്ള മത്സ്യങ്ങള്‍ ട്രോളിംഗ് നിരോധം കഴിഞ്ഞാല്‍ കൂടുതലായി ലഭിക്കുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
ജില്ലയില്‍ ആയിരത്തില്‍പ്പരം ബോട്ടുകളിലായി പതിനായിരത്തിലേറെ മത്സ്യത്തൊഴിലാളികളാണ് നിത്യവും കടലില്‍ പോകുന്നത്. അമ്പതിനായിരത്തിലേറെ മത്സ്യത്തൊഴിലാളികളാണ് മത്സ്യബന്ധനത്തിലൂടെയും മത്സ്യ വിപണനത്തിലൂടെയും മറ്റു അനുബന്ധ ജോലികളിലൂടെയും ജില്ലയില്‍ ഉപജീവനം കഴിക്കുന്നത്. ട്രോളിംഗ് നിരോധം പ്രഖ്യാപിച്ച കാലയളവില്‍ ബോട്ടുകളിലെയും യന്ത്രങ്ങളിലെയും വലകളിലെയും അറ്റകുറ്റ പണികള്‍ തീര്‍ക്കലുകളെല്ലാം പൂര്‍ത്തിയാക്കുകയായിരുന്നു അവര്‍. വലിയ അനിഷ്ടസംഭവങ്ങള്‍ ഒന്നും ഇല്ലാതെയാണ് ട്രോളിംഗ് നിരോധം അവസാനിച്ചത്. മംഗലാപുരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നായിരുന്നു ഈ കാലത്ത് കോഴിക്കോട്ടേക്ക് മത്സ്യം എത്തിയത്. ഈ ദിവസങ്ങളില്‍ നിത്യ ചെലവിന് മറ്റു തൊഴിലുകള്‍ വരെ തേടിയാണ് മത്സ്യത്തൊഴിലാളികള്‍ ഉപജീവന മാര്‍ഗം കണ്ടെത്തിയത്. ട്രോളിംഗ് നിരോധം മൂലം റമസാനില്‍ മത്സ്യ വിലയും നന്നായി കൂടിയിരുന്നു.