Connect with us

International

യു എന്‍ ക്യാമ്പിലെ ആക്രമണം: അഭിമുഖത്തിനിടെ പൊട്ടിക്കരഞ്ഞ് യു എന്‍ ഡയറക്ടര്‍

Published

|

Last Updated

ക്രിസറ്റഫര്‍ ഗന്നസ് അല്‍ജസീറയുടെ അഭിമുഖത്തിനിടെ

ഗാസ സിറ്റി: കലിയടങ്ങാത്ത ഇസ്‌റാഈല്‍ താണ്ഡവത്തില്‍ ശവപ്പറമ്പായ യു എന്‍ അഭയാര്‍ഥി ക്യാമ്പിലെ ഭയാനതകള്‍ അല്‍ജസീറ ടി വിക്ക് നല്‍കിയ അഭിമുഖത്തില്‍ വിവരിക്കുന്നതിനിടെ ഐക്യരാഷ്ട്ര സഭാ ഉദ്യോഗസ്ഥന്‍ വിങ്ങിപ്പൊട്ടി. വടക്കന്‍ ഗാസയിലെ ജബലിയ്യയില്‍ പ്രവര്‍ത്തിക്കുന്ന ജബലിയ്യ എലിമെന്ററി ഗേള്‍സ് സ്‌കൂളിന്് നേരെ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നുണ്ടായ നടുക്കുന്ന വിവരണങ്ങള്‍ നല്‍കുന്നതിനിടെ യു എന്‍ ഉദ്യോഗസ്ഥന്‍ ക്രിസറ്റഫര്‍ ഗന്നസ് കരയുകയായിരുന്നു.
ആദ്യ പ്രാവശ്യം കരഞ്ഞുപോയ ക്രിസ്റ്റഫര്‍ തൊണ്ട ശരിയാക്കി, ദീര്‍ഘശ്വാസം വലിച്ച് വീണ്ടും വിശദീകരണം തുടങ്ങിയെങ്കിലും ഭയാനതകള്‍ വിവരിക്കുന്നതിനിടെ വലിയ ശബ്ദത്തില്‍ കരയുകയായിരുന്നു. ലൈവ്പ്രക്ഷേപണം അല്‍പ്പ സമയത്തേക്ക് നിര്‍ത്തിവെക്കേണ്ടി വന്നു. ചാനല്‍ ഉദ്യോസ്ഥന്‍ അദ്ദേഹത്തിന്റെ അരികിലെത്തി സമാശ്വസിപ്പിക്കുന്നതും മറ്റും പ്രക്ഷേപണം ചെയ്തിട്ടുണ്ട്.
ഫലസ്തീനിലെ കുട്ടികളുടെ പോലും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടത് വലിയ ക്രൂരതയാണെന്ന് യു എന്‍ ആര്‍ ഡബ്ല്യു എ (യുനൈറ്റഡ് നാഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്‌സ് ഏജന്‍സി ഫോര്‍ ഫലസ്തീന്‍ റഫ്യൂജീസ്) യുടെ സീനിയര്‍ ഡയറക്ടറായ ക്രിസ്റ്റഫര്‍ ചൂണ്ടിക്കാട്ടുന്നു. ജബലിയ്യയിലേത് വലിയ അഭയാര്‍ഥി ക്യാമ്പാണെന്ന് ഇസ്‌റാഈലിനെ സൈന്യത്തെ 17 തവണ ഔദ്യോഗികമായി അറിയിച്ചിട്ടും ആക്രമിച്ചത് തനി കാടത്തമാണ്. അഭിമുഖത്തിന് ശേഷം ക്രിസ്റ്റഫര്‍ ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു: “യു എന്‍ ആര്‍ ഡബ്ല്യു എ ഗാസയില്‍ തകര്‍ച്ചയുടെ വക്കിലാണ്, ഞങ്ങളുടെ ജീവനക്കാര്‍ കൊല്ലപ്പെടുകയും അഭയക്യാമ്പുകള്‍ തകര്‍ത്ത് തരിപ്പണമാക്കുകയും ചെയ്തിരിക്കുന്നു. ഇതെല്ലാം എവിടെ ചെന്ന് അവസാനിക്കും?”.