Connect with us

International

ബൊളീവിയ ഇസ്‌റാഈലിനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിച്ചു

Published

|

Last Updated

സുക്രെ: ലോകരാജ്യങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് ഗാസയില്‍ മനുഷ്യക്കുരുതി തുടരുന്ന ഇസ്‌റാഈലിനെ ബൊളീവിയ “ഭീകര രാഷ്ട്ര”മായി പ്രഖ്യാപിച്ചു. പ്രസിഡന്റ് ഇവോ മൊറെയില്‍സാണ് ഇസ്‌റാഈലിനെതിരെ പ്രഖ്യാപനവുമായി രംഗത്തെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വിസ ഒഴിവാക്കല്‍ കരാര്‍ റദ്ദാക്കിക്കൊണ്ടാണ് ബൊളീവിയ പ്രതിഷേധം അറിയിച്ചത്.
ഞങ്ങള്‍ ഇസ്‌റാഈലിനെ ഭീകര രാഷട്രമായി പ്രഖ്യാപിക്കുന്നു. ഇസ്രാഈല്‍ മനുഷ്യ ജീവനുകളുടെ മൂല്യത്തെ മാനിക്കുന്നില്ല. അന്താരാഷ്ട്ര സമൂഹത്തില്‍ പാലിക്കേണ്ട മാന്യതയും അവര്‍ക്ക് നഷ്ടമായിരിക്കുന്നു എന്നും മൊറെയില്‍സ് വ്യക്തമാക്കി. 1972 ഓഗസ്റ്റ് 17ന് ഒപ്പിട്ട കരാര്‍ പ്രകാരം ഇസ്‌റാഈല്‍ പൗരന്‍മാര്‍ക്ക് വിസയില്ലാതെ തന്നെ ബൊളീവിയയിലേക്ക് പോകാം. ഇതാണ് ഇപ്പോള്‍ ബൊളീവിയ റദ്ദാക്കിയിരിക്കുന്നത്. ഇസ്‌റാീലിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നേരത്തേ മൊറെയില്‍സ് ഐക്യ രാഷ്ട്രസഭയോട് ആവശ്യപ്പെട്ടിരുന്നു. ഗാസയില്‍ ഇസ്‌റാഈല്‍ നടത്തിയ സൈനിക നടപടിയില്‍ പ്രതിഷേധിച്ച് 2009ല്‍ ബൊളീവിയ ഇസ്‌റാഈലുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിച്ചിരുന്നു.
മറ്റു തെക്കേ അമേരിക്കന്‍ രാജ്യങ്ങളായ ചിലിയും എല്‍സാല്‍വഡോറും ഇസ്‌റാഈലിലുള്ള അംബാസഡര്‍മാരെ തിരിച്ചുവിളിച്ചു. ബ്രസീലും ഇക്വഡോറും പെറുവും നേരത്തേ അംബാസഡര്‍മാരെ തിരിച്ചു വിളിച്ചിരുന്നു.
ഇന്നലെ ഗാസയിലെ യു എന്‍ സ്‌കൂളില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. മൂന്നാഴ്ചയിലധികമായി ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണത്തില്‍ 1361 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 7000ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇസ്‌റാഈല്‍ ഭീകരരാഷ്ട്രം: ബൊളീവിയ