Connect with us

Malappuram

മലപ്പുറം ക്യാന്‍സര്‍ സെന്ററിന് ഒരു കോടി

Published

|

Last Updated

മലപ്പുറം: മലപ്പുറത്തെ ഇന്‍കെല്‍-എജ്യൂസിറ്റിയില്‍ ആരംഭിക്കുന്ന ക്യാന്‍സര്‍ സെന്ററിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ തിരുവനന്തപുരത്ത് മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ഉന്നതതല യോഗം ചേര്‍ന്നു.
മലപ്പുറത്ത് ക്യാന്‍സര്‍ സെന്റര്‍ ആരംഭിക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം നിയമസഭയില്‍ അവതരിപ്പിച്ച കഴിഞ്ഞ വര്‍ഷത്ത ബജറ്റിലാണ് പ്രഖ്യാപിക്കപ്പെട്ടത്. തുടര്‍ന്ന് മുഖ്യമന്ത്രി ചെയര്‍മാനും വ്യവസായ ആരോഗ്യ വകുപ്പ് മന്ത്രിമാര്‍ വൈസ് ചെയര്‍മാന്‍മാരുമായി 25 അംഗ ഗവേണിംഗ് ബോഡി, സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം മലപ്പുറം ക്യാന്‍സര്‍ സെന്റര്‍ റിസര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ട് എന്ന പേരില്‍ 2014 ഫെബ്രുവരിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഒരു കോടി രൂപ വകയിരുത്തും. മൊത്തം പദ്ധതിയുടെ ചിലവ് 100 കോടി രൂപയാണ്. സര്‍ക്കാര്‍ വിഹിതത്തിന് പുറമെ സാമൂഹ്യ സന്നദ്ധ സംഘടകള്‍, വ്യക്തികള്‍ എന്നിവയില്‍ നിന്നും പണം സ്വരൂപിക്കും. പദ്ധതിയുടെ വിശദമായ പ്രൊജക്ട റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കുന്നതിന് ഇന്‍ക്വല്‍ ചെയര്‍മാനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ കെ ബാലകൃഷ്ണനെ യോഗം ചുമതലപ്പെടുത്തി.
തലശ്ശേരിയിലുള്ള മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ മാതൃകയിലായിരിക്കും മലപ്പുറത്ത് സ്ഥാപിക്കുക. മലപ്പുറം പാണക്കാട് വില്ലേജിലേക്കുള്ള കെ എസ് ഐ ഡി സിയുടെ ഉടമസ്ഥതയിലുള്ള 25 ഏക്കര്‍ ഭൂമി കേന്ദ്രത്തിന് ഇതിനായി വിട്ടുകൊടുക്കും.
പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനുമായി സ്‌പെഷ്യല്‍ ഓഫീസറായി ഇന്‍ക്വല്‍ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായ എന്‍ ശശിധരന്‍നായരെ നിയമിക്കുന്നതിനും യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പുറമെ വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ആരോഗ്യ വകുപ്പ് മന്ത്രി വി എസ് ശിവകുമാര്‍, പി ഉബൈദുല്ല എം എല്‍ എ, ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. ഇളങ്കോവല്‍, ഇന്‍ക്വല്‍ ചെയര്‍മാനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ കെ ബാലകൃഷ്ണന്‍, തിരുവനന്തപുരം റീജ്യണല്‍ ക്യാന്‍സര്‍ സെന്റര്‍ ഡോ. പോള്‍ സെബാസ്റ്റ്യന്‍, മലപ്പുറം എ ഡി എം എം ടി ജോസഫ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.