കുംഭകോണം സ്‌കൂള്‍ തീപ്പിടിത്തം: മാനേജര്‍ക്ക് ജീവപര്യന്തം

Posted on: July 30, 2014 1:47 pm | Last updated: August 1, 2014 at 7:12 am

Thanjavur.8

തഞ്ചാവൂര്‍: തമിഴ്‌നാട് കുംഭകോണത്തെ ഒരു പ്രൈമറി സ്‌കൂളിലുണ്ടായ അഗ്നിബാധയില്‍ 94 കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ കൃഷ്ണ ഇംഗ്ലീഷ് മീ ഡിയം സ്‌കൂളിന്റെ സ്ഥാപകനും മാനേജരുമായ പുലവര്‍ പളനിച്ചാമിയെ ജീവപര്യന്തം തടവിനും മറ്റ് ഒമ്പത് പേരെ കഠിന തടവിനും തഞ്ചാവൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി മുഹമ്മദ് അലി ശിക്ഷിച്ചു.
മൊത്തം 21 പ്രതികളില്‍ 11 പേരെ കോടതി വെറുതെ വിട്ടു. മൂന്ന് അധ്യാപകരെയും വിദ്യാഭ്യാസ വകുപ്പിലെ എട്ട് ഉദ്യോഗസ്ഥരെയുമാണ് കോടതി വിട്ടയച്ചത്. സ്‌കൂള്‍ കറസ്‌പോന്‍ഡ ന്റും പളനിച്ചാമിയുടെ ഭാര്യയുമായ സരസ്വതി, പ്രധാനാധ്യാപിക സന്താനലക്ഷ്മി എന്നിവരടക്കം അഞ്ച് പേരെ പത്ത് വര്‍ഷം വീതം കഠിന തടവിന് ശിക്ഷിച്ചു. മറ്റു രണ്ട് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം വീതം കഠിന തടവാണ് വിധിച്ചത്.
കൊലപാതകത്തോളം വരാത്ത നരഹത്യക്ക് ഐ പി സി 304 വകുപ്പനുസരിച്ച് പ്രതികളെല്ലാം കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. പ്രതികള്‍ക്ക് 51 ലക്ഷം രൂപ പിഴയും ചുമത്തി. ദുരന്തത്തില്‍ മരിച്ച ഓരോ കുട്ടിയുടെ ബന്ധുവിനും 50,000 രൂപ വീതം നഷ്ടപരിഹാരമായി നല്‍കാനും ജഡ്ജ് ഉത്തരവിട്ടു.
2004 ജൂലൈ 16നാണ് കൃഷ്ണ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ തീ പടര്‍ന്നത്. ഓലമേഞ്ഞ കെട്ടിടത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്ന അടുക്കളയില്‍ നിന്ന് മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരുകയായിരുന്നു. കുട്ടികളെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യാനാകും മുമ്പ് ആളിപ്പടര്‍ന്ന തീയില്‍ 94 പിഞ്ചു വിദ്യാര്‍ഥികളാണ് വെന്തു മരിച്ചത്. പത്തില്‍ താഴെ മാത്രം പ്രായമുള്ള കുട്ടികളാണ് ദുരന്തത്തിനിരയായത്.
2012 സെപ്തംബര്‍ 24നാണ് കേസില്‍ വിചാരണ തുടങ്ങിയത്. 18 വിദ്യാര്‍ഥികളടക്കം 500 ഓളം സാക്ഷികളെ വിസ്തരിച്ചു. ഈ മാസം 24ന് വിചാരണ പൂര്‍ത്തിയായി.
കേസിലെ ആദ്യത്തെ മൂന്ന് പ്രതികള്‍ വിദ്യാഭ്യാസ വകുപ്പിന്റെ ചട്ടങ്ങളും നിബന്ധനകളും പാലിക്കാതെയാണ് സ്‌കൂള്‍ നടത്തിയിരുന്നതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. സ്‌കൂളിനോട് ചേര്‍ന്നുള്ള പാചകശാല മുനിസിപ്പല്‍ കമ്മീഷണറോ ടൗണ്‍ പ്ലാനിംഗ് ഓഫീസറോ സന്ദര്‍ശിച്ചിരുന്നില്ല. ശ്രീകൃഷ്ണ എയ്ഡഡ് പ്രൈവറ്റ് സ്‌കൂള്‍, സരസ്വതി നഴ്‌സറി ആന്‍ഡ് പ്രൈമറി സ്‌കൂള്‍, ശ്രീകൃഷ്ണ ഗേള്‍സ് ഹൈസ്‌കൂള്‍ എന്നീ സ്‌കൂളുകളാണ് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്.