Connect with us

Malappuram

വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ഡി വൈ എഫ് ഐ

Published

|

Last Updated

മലപ്പുറം: ചരിത്രത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ അഴിമതി നടത്തിയ വിദ്യാഭ്യാസ മന്ത്രി അബ്ദുര്‍റബ്ബ് രാജിവെക്കണണെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് ആവശ്യപ്പെട്ടു.
ആവശ്യമുള്ളിടത്ത് സീറ്റും ബാച്ചും നല്‍കാതെ സര്‍ക്കാര്‍ സ്‌കൂളുകളെ അവഗണിച്ച് മാനേജ്‌മെന്റ് സ്‌കൂളുകള്‍ക്കാണ് പ്ലസ്ടു അനുവദിച്ചത്. ഇതില്‍ വലിയ അഴിമതിയാണ് നടന്നിട്ടുള്ളത്. എസ് എസ് എല്‍ സി ഫലം വന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും പ്ലസ് ടു സംബന്ധിച്ച് തൂരുമാനമെടക്കാതെ അഴമതിക്ക് കളമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
അഴിമതി നടത്തിയ വിദ്യാഭ്യാസ മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. പ്ലസ്ടുവിന് കഴിഞ്ഞ വര്‍ഷം നാല് അലോട്ട്‌മെന്റ് നടത്തിയപ്പോള്‍ ഇത്തവണ രണ്ടെണ്ണം മാത്രമാണ് നടത്തിയത്. യാതൊരു യോഗ്യതയുമാല്ലാത്ത നടുവത്തൂര്‍ വാസുദേവ ആശ്രമം സ്‌കൂളിന് പോലും പ്ലസ്ടു നല്‍കിയിരിക്കുകയാണ്.
അടിമാലിയില്‍ സര്‍ക്കാര്‍ സ്‌കൂളിനെ അവഗണിച്ച് എസ് എന്‍ ഡി പി സ്‌കൂളിനാണ് പ്ലസ്ടു അനുവദിച്ചത്. നിലവില്‍ 1133 പ്ലസ് ടു സീറ്റ് അധികമുള്ള പത്തനംതിട്ടയില്‍ പുതിയതായി 24 എയ്ഡഡ് സ്‌കൂളിലാണ് പ്ലസ് ടു നല്‍കിയത്. ഇതിലെല്ലാം വ്യാപക അഴിമതിയാണ് നടന്നിട്ടുള്ളത്.
വിദ്യാര്‍ഥികളുടെ എണ്ണവും അനുവദിച്ച പ്ലസ് ടു സീറ്റുകളും സംബന്ധിച്ച ഒരു കത്ത് ഡി വൈ എഫ് ഐ മുഖ്യമന്ത്രിക്ക് നല്‍കും. പ്ലസ്ടു അനുവദിക്കാനുള്ള മാനദണ്ഡമെന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വിദ്യാഭ്യാസ മന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് നാളെ മന്ത്രിയുടെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. 31ന് കേരളത്തിലെ എല്ലാ എ ഇ ഒ ഓഫീസിലേക്കും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തും.
സംസ്ഥാനത്ത് നിയമന നിരോധം നിലനില്‍ക്കുകയാണെന്നും അഡൈ്വസ് മെമോ ലഭിച്ചവര്‍ക്ക് പോലും നിയമനം നല്‍കുന്നില്ലെന്നും സ്വരാജ് പറഞ്ഞു. ഇതിനെതിരെ 31ന് ട്രാന്‍സ്‌പോര്‍ട്ട് ഭവന്റെ മുന്നില്‍ ടി വി രാജേഷിന്റെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്തുമെന്നും എം സ്വരാജ് പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാമെന്ന സെന്‍ട്രല്‍ പെസ്റ്റിസൈഡ്‌സ് ബോര്‍ഡിന്റെ വെബ്‌സൈറ്റിലെ പരാമര്‍ശം സുപ്രീംകോടതിയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് സ്വരാജ് പറഞ്ഞു.
എന്‍ഡോസള്‍ഫാന്റെ ഉപയോഗവും നിര്‍മാണവും സുപ്രീംകോടതി നിരോധിച്ച സാഹചര്യത്തില്‍ ബോര്‍ഡിന്റെ തീരുമാനം നീതിന്യായ വ്യവസ്ഥിതിയോടുള്ള കടുത്ത വെല്ലുവിളിയാണ്. ഇതിനെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യുമെന്നും പെസ്റ്റിസൈഡ്‌സ് ബോര്‍ഡിനെതിരെയും സര്‍ക്കാറിനെതിരെയും യോജിക്കാവുന്ന എല്ലാവരുമായും യോജിച്ച് പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും സ്വരാജ് പറഞ്ഞു.