സി സാറ്റ്

Posted on: July 28, 2014 8:36 am | Last updated: July 28, 2014 at 8:36 am

യു പി എസ് സി അഭിരുചി പരീക്ഷയെച്ചൊല്ലി രൂപപ്പെട്ട പ്രക്ഷോഭം ശക്തമാകുകയാണ്. പാര്‍ലിമെന്റിലേക്ക് മാര്‍ച്ച് നടത്തിയ 150 ഉദ്യോഗാര്‍ഥികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറു കണക്കിന് വിദ്യാര്‍ഥികള്‍ ഡല്‍ഹിയില്‍ തമ്പടിക്കുകയാണ്. മുഖര്‍ജി ഭവന് മുന്നില്‍ നാല് വിദ്യാര്‍ഥികള്‍ മരണം വരെ നിരാഹാരം തുടങ്ങിയിട്ടുണ്ട്. പാര്‍ലിമെന്റിനകത്തും പ്രതിഷേധമിരമ്പി. ഭാഷാ തര്‍ക്കത്തിന്റെയും പാഠ്യവിഷയങ്ങള്‍ തമ്മിലുള്ള ഉത്തമ, അധമ വാദത്തിന്റെയും തലത്തിലേക്ക് പ്രക്ഷോഭം വഴിമാറുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.
2010 വരെ യു പി എസ് സി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയില്‍ പൊതുപഠനം (ജനറല്‍ സ്റ്റഡീസ്), ഐച്ഛിക വിഷയം എന്നിങ്ങനെ രണ്ട് പേപ്പറുകളാണ് ഉണ്ടായിരുന്നത്. ഇവയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് തിരഞ്ഞെടുക്കാനുള്ള സാധ്യതകള്‍ ഏറെയായിരുന്നു. എന്നാല്‍ ഈ സമ്പ്രദായം പരീക്ഷയുടെ ഗുണമേന്‍മയെ ബാധിക്കുന്നുണ്ടെന്ന വിലയിരുത്തല്‍ ശക്തമായപ്പോള്‍ 2011ല്‍ ഈ സ്ഥിതി മാറ്റി. പകരം സിവില്‍ സര്‍വീസ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്(സി സാറ്റ്) കൊണ്ടുവന്നു. ഇതില്‍ സി സാറ്റ് -1, സി സാറ്റ്-2 എന്നിങ്ങനെ രണ്ട് നിര്‍ബന്ധിത പേപ്പറുകള്‍ ഉണ്ട്. സി സാറ്റ്-2ല്‍ സാംഖ്യിക വിശകലനം, യുക്തി പരീക്ഷണം, ഇംഗ്ലീഷ് പരിജ്ഞാനം എന്നിവയാണ് വരുന്നത്. ഹിന്ദി, ഹ്യൂമാനിറ്റീസ് പശ്ചാത്തലത്തില്‍ നിന്ന് വരുന്ന ഉദ്യോഗാര്‍ഥികളെ തഴയാനും ശാസ്ത്ര വിഷയങ്ങള്‍ പഠിച്ചവരെയും ഇംഗ്ലീഷ് മീഡിയക്കാരെയും സഹായിക്കാനുമാണ് ഈ ടെസ്റ്റെന്നാണ് പ്രതിഷേധക്കാരുടെ വാദം. ഈ ആരോപണത്തില്‍ തീരെ കഴമ്പില്ലെന്ന് പറയാനാകില്ല. കാരണം ക്വാണ്ടിട്ടേറ്റീവ് എബിലിറ്റി, ലോജിക്കല്‍ റീസണിംഗ് എന്നീ വിഷയങ്ങളിലെ ചോദ്യങ്ങള്‍ മാനവിക വിഷയങ്ങള്‍ പഠിച്ച് വന്നവര്‍ക്ക് കടുപ്പം തന്നെയായിരിക്കും. ഇവിടെ ചോദ്യങ്ങള്‍ തയ്യാറാക്കുന്നത് ശാസ്ത്ര, ഗണിത ശാസ്ത്രരംഗത്തു നിന്ന് ഉള്ളവരാണ്. അതുകൊണ്ട് ശാസ്ത്ര വിഷയങ്ങള്‍ പഠിച്ചുവന്നവര്‍ക്ക് പ്രത്യേക പരിശീലനം സിദ്ധിക്കാതെ തന്നെ ഈ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ നന്നായി തിളങ്ങാന്‍ സാധിച്ചേക്കാം. എന്നാല്‍ മാനവികവിഷയങ്ങളില്‍ ബിരുദവും മറ്റുമുള്ളവര്‍ കടുത്ത പരിശീലനത്തിനും അധിക തയ്യാറെടുപ്പുകള്‍ക്കും മുതിര്‍ന്നാലും സി സാറ്റ് രണ്ടില്‍ ശോഭിച്ചു കൊള്ളണമെന്നില്ല. ഇനി ഇംഗ്ലീഷിന്റെ കാര്യം. പൊതുവേ ഇത്തരം പരീക്ഷകളിലെല്ലാം ഇംഗ്ലീഷ് പരിജ്ഞാനം അനിവാര്യമാണ്. ഹിന്ദിയടക്കമുള്ള ഭാഷകള്‍ക്ക് ഒരു തരം അപകര്‍ഷകത്വത്തിന് ഇത് വഴിവെക്കുന്നുണ്ട്. ഇംഗ്ലീഷിലെ പരിജ്ഞാനം പ്രത്യേകം പരിശോധിക്കുന്ന ഒരു ടെസ്റ്റ് പ്രാഥമിക ഘട്ടത്തില്‍ തന്നെ കടന്നുവരുന്നതോടെ ഈ അപകര്‍ഷത ഗൗരവമുള്ളതാകുന്നു.
ചോദ്യപ്പേപ്പറുകള്‍, അത് ഏത് വിഷയത്തിന്റെതായാലും ഇംഗ്ലീഷിനൊപ്പം ഹിന്ദിയിലേക്ക് മൊഴിമാറ്റി നല്‍കുന്നുണ്ട്. അതുകൊണ്ട് ഹിന്ദിക്കാരെ തഴഞ്ഞുവെന്ന് പറയുന്നതില്‍ അര്‍ഥമില്ലെന്നാണ് യു പി എസ് സി അധികൃതരുടെ വാദം. എന്നാല്‍ ഇംഗ്ലീഷ് പരിജ്ഞാനം പരിശോധിക്കുന്ന ചോദ്യങ്ങളുടെ ഹിന്ദി പരിഭാഷ പദാനുപദമാണെന്നും അത് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുന്നതെന്നും പ്രക്ഷോഭക്കാര്‍ പറയുന്നു. സാങ്കേതികമായി ചുറ്റും നടക്കുന്ന വികാസങ്ങളോട് ചേര്‍ന്നു പോകുന്ന തരത്തില്‍ പരീക്ഷാ സമ്പ്രദായവും സിലബസും പരിഷ്‌കരിക്കുക മാത്രമാണ് ചെയ്തതെന്നും യു പി എസ് സി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. കേരളം പോലുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികളെ സംബന്ധിച്ചിടത്തോളം ഇംഗ്ലീഷ് പരിജ്ഞാന പരീക്ഷണം ഒരു പ്രശ്‌നമാകാനിടയില്ല. എന്നാല്‍ മാനവിക വിഷയങ്ങളുടെ പ്രശ്‌നം നമ്മെ സംബന്ധിച്ചും പ്രസക്തമാണ്.
ഇന്ത്യയെപ്പോലെ ഭാഷാ വൈവിധ്യമുള്ള ഒരു രാജ്യത്ത് ഭാഷാപരമായ വൈകാരികത അങ്ങേയറ്റം അവധാനതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. ഇപ്പോള്‍ രാജ്യം ഭരിക്കുന്ന ബി ജെ പിയുടെ ചില നേതാക്കള്‍ തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനമാണ് സത്യത്തില്‍ ഇപ്പോഴത്തെ പ്രതിഷേധത്തിന്റെ അടിസ്ഥാനം. സി സാറ്റ് ഹിന്ദിയോടുള്ള വിവേചനമാണെന്ന് ഈ നേതാക്കള്‍ പ്രചരിപ്പിച്ചു. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ സി സാറ്റ് റദ്ദാക്കുമെന്നും അവര്‍ തട്ടിവിട്ടു. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ പരമാവധി വികാരം കത്തിക്കുകയായിരുന്നു ലക്ഷ്യം. ഇപ്പോള്‍ ഇത് അവര്‍ക്ക് ബൂമറാംഗ് ആയിരിക്കുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഫേസ്ബുക്ക് പോലുള്ള മാധ്യമങ്ങളില്‍ ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്ന സര്‍ക്കുലറിറക്കി മോദി സര്‍ക്കാര്‍ പുലിവാല് പിടിച്ചിരുന്നു. ഇവിടെ ഉയര്‍ന്നു വരുന്ന ചോദ്യമിതാണ്. ദേശീയ മത്സര പരീക്ഷകളിലും മറ്റും പൊതുഭാഷയായി ഏത് സ്വീകരിക്കും? സമ്പ്രദായങ്ങളിലും ചട്ടങ്ങളിലും കൊളോനിയല്‍ അവശേഷിപ്പുകള്‍ ഇന്നും നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ഒരു ദേശീയഭാഷ അടിച്ചേല്‍പ്പിക്കാന്‍ സാധിക്കില്ലെന്നതും യാഥാര്‍ഥ്യമാണ്. ആ നിലക്ക് ഇംഗ്ലീഷിനെ മാറ്റി നിര്‍ത്താനാകുമെന്ന് തോന്നുന്നില്ല. എന്നാല്‍ ഇംഗ്ലീഷ് മാധ്യമത്തില്‍ നിന്ന് വരുന്നവര്‍ക്കേ തിളങ്ങാന്‍ കഴിയൂ എന്ന് വരുന്നത് അബദ്ധമാണ്. മാനവിക വിഷയങ്ങളുടെ കാര്യമാണ് ഏറെ പ്രസക്തം. ഇപ്പോള്‍ തന്നെ ചരിത്രവും രാഷ്ട്രമീമാംസയും ഒന്നും പഠിക്കാന്‍ ആളെ കിട്ടുന്നില്ല. സി സാറ്റ് പോലുള്ളവ ഈ പ്രവണതക്ക് ആക്കം കൂട്ടും.
സി സാറ്റ് പരീക്ഷ ആഗസ്റ്റ് 24ന് നടത്താനാണ് യു പി എസ് സിയുടെ പദ്ധതി. അഡ്മിഷന്‍ ടിക്കറ്റുകള്‍ അയച്ചുതുടങ്ങിയിട്ടുണ്ട്. അത് കാര്യമാക്കേണ്ട; ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നിയമിച്ച മൂന്നംഗ സമിതി റിപോര്‍ട്ട് സമര്‍പ്പിച്ച ശേഷം ഉദ്യോഗാര്‍ഥികളുടെ ആശങ്ക പരിഹരിക്കും വിധമുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുമെന്നാണ് പേഴ്‌സനല്‍ കാര്യ സഹമന്ത്രി ജിതേന്ദ്ര സിംഗ് രാജ്യസഭയില്‍ പറഞ്ഞത്. തീര്‍ച്ചയായും വേഗത്തിലും ശ്രദ്ധിച്ചും എടുക്കേണ്ട തീരുമാനമാണ് അത്. ഇത്രയും ആശയക്കുഴപ്പം ഉണ്ടായ സ്ഥിതിക്ക് പരീക്ഷാതീയതി നീട്ടിവെക്കാന്‍ യു പി എസ് സി തയ്യാറാകുകയാണ് അടിയന്തരമായി വേണ്ടത്.