ഖാദിയുടെ പ്രസക്തി മുന്‍കാലത്തേക്കാളും വര്‍ധിച്ചു: മുഖ്യമന്ത്രി

Posted on: July 27, 2014 10:28 am | Last updated: July 27, 2014 at 10:28 am

oommenchandiകോഴിക്കോട്: മുന്‍ കാലങ്ങളേക്കാള്‍ ഖാദിയുടെ പ്രസക്തി ഇന്ന് വര്‍ധിച്ചിരിക്കയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഖാദി എന്നത് ഇന്ത്യന്‍ ജനതയുടെ എക്കാലത്തെയും വികാരമാണ്. സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മുന്നേറ്റത്തിന് പ്രേരക ശക്തിയായത് ഖാദി പ്രസ്ഥാനമാണ്. ലോകം മുഴുവന്‍ ഗാന്ധിയന്‍ ആശയങ്ങളെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. രാഷ്ട്രപിതാവിനും അദ്ദേഹം മുറുകെപിടിച്ച ആശയങ്ങള്‍ക്കും സമകാലിക സമൂഹത്തില്‍ ഏറെ സ്വീകാര്യതയുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ചെറൂട്ടി റോഡിലെ നവീകരിച്ച ഖാദി ഗ്രാമസൗഭാഗ്യ ഷോറൂമിന്റെയും ഖാദി- ഓണം- റമസാന്‍ മേളയുടെയും തൊഴിലാളികള്‍ക്കുള്ള ഇ എസ് ഐ പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി രാഷ്ട്രപിതാവും അദ്ദേഹത്തിന്റെ മാര്‍ഗദര്‍ശനങ്ങളുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഖാദി പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കാനും നിലനിര്‍ത്താനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സര്‍ക്കാര്‍ തലത്തില്‍ എല്ലാ പിന്തുണയും സഹകരണവും ഖാദി മേഖലയിലെ തൊഴിലാളികള്‍ക്ക് ഉറപ്പുവരുത്തും. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമൂഹിക ക്ഷേമ മന്ത്രി ഡോ. എം കെ മുനീര്‍ അധ്യക്ഷനായിരുന്നു. ഓണം മേള സമ്മാന പദ്ധതിയുടെ ഉദ്ഘാടനവും ആദ്യ വില്‍പ്പനയും എം കെ രാഘവന്‍ എം പി നിര്‍വഹിച്ചു. പബ്ലിക്ക് റിലേഷന്‍ വകുപ്പ് മേഖലാ മേധാവി ടി വേലായുധന്‍ ഏറ്റുവാങ്ങി. ഖാദി വ്യവസായത്തിന്റെ ആധുനീകരണത്തിനുള്ള പ്രത്യേക പദ്ധതി ഉദ്ഘാടനവും പ്രത്യേക തൊഴില്‍ദാന പദ്ധതി പ്രകാരമുള്ള സബ്‌സിഡി വിതരണവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ പി നൂറുദ്ദീന്‍ നിര്‍വഹിച്ചു. ഡി സി സി പ്രസിഡന്റ് കെ സി അബു, മുന്‍ എം എല്‍ എ പി വിശ്വന്‍, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, സി പി ഐ ജില്ലാ സെക്രട്ടറി ഐ വി ശശാങ്കന്‍, കൗണ്‍സിലര്‍ പി കിഷന്‍ചന്ദ്, ജനതാദള്‍ എസ് ജില്ലാ പ്രസിഡന്റ് കെ ലോഹ്യ, വി ബാബുരാജ്, എം ചന്ദ്രന്‍, സെക്രട്ടറി പി ടി തോമസ്, ഖാദി ഫെഡറേഷന്‍ കെ പി ഗോപാലപൊതുവാള്‍, കോഴിക്കോട് സര്‍വോദയ സംഘം സെക്രട്ടറി എന്‍ കൃഷ്ണകുമാര്‍, പി ആര്‍ സുനില്‍കുമാര്‍, ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം രാജന്‍, ബിജു ആന്റണി സംബന്ധിച്ചു.
ഖാദി ഗ്രാമ സൗഭാഗ്യ ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള കേരളത്തിലെ ഏറ്റവും വലിയ ഷോറൂമാണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്. 2600 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ ഷോറൂമില്‍ എല്ലാ ഖാദി- ഗ്രാമ വ്യവസായ ഉത്പന്നങ്ങളും വില്‍പ്പനക്കായി സജ്ജീകരിച്ചിട്ടുണ്ട്. ഉദ്ഘാടന ദിവസം മൂന്ന് മണിക്കൂര്‍കൊണ്ട് മൂന്ന് ലക്ഷം രൂപയുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ സാധിച്ചു. ഓണം- റമസാന്‍ പ്രമാണിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം ഗവ. റിബേറ്റ് നല്‍കുന്നുണ്ട്. സര്‍ക്കാര്‍ -അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 25,000 രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്. സെപ്തംബര്‍ അഞ്ച് വരെ റിബേറ്റ് നല്‍കും.