വീട് വാടകക്കെടുത്ത് പെണ്‍വാണിഭം: മൂന്ന് പേര്‍ അറസ്റ്റില്‍

Posted on: July 26, 2014 10:09 am | Last updated: July 26, 2014 at 10:09 am

തൃശൂര്‍: വീട് വാടകക്കെടുത്ത് രണ്ടുമാസത്തോളമായി പെണ്‍വാണിഭം നടത്തിവരുന്ന രണ്ടു സ്ത്രീകളേയും ഇടപാടിനെത്തിയ ആളെയും പേരാമംഗലം പോലീസ് അറസ്റ്റു ചെയ്തു.
അമലക്കടുത്താണ് വീടുവാടക്കെടുത്ത് പെണ്‍വാണിഭം നടത്തിവരുന്നത്. രാമവര്‍മ്മപുരം സ്വദേശിനിയായ 40 വയസ്സുകാരിയുടെ നേതൃത്വത്തിലാണ് പെണ്‍വാണിഭം. ഇവരേയും സംഘത്തിലുള്ള കല്‍പ്പറ്റ സ്വദേശിനിയായ 38 കാരിയേയും ഇവിടെ ഇടപാടു നടത്താനെത്തിയ അറുപതുകാരനായ വട്ടായി സ്വദേശിയേയുമാണ് പേരാമംഗലം സി ഐ അബ്ദുല്‍ മുനീറിന്റെ നേതൃത്വത്തില്‍ പോലീസ് പിടികൂടിയത്.
സി ഐ ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് കഴിഞ്ഞ രാത്രി നടത്തിയ റെയ്ഡിലാണ് സംഘം കുടുങ്ങിയത്. മൊബൈല്‍ ഫോണ്‍ വഴിയാണ് ഇവര്‍ ഇടപാടുകള്‍ നടത്തിയിരുന്നത്. ആവശ്യക്കാരെ മൊബൈല്‍ഫോണില്‍ വിളിച്ചു വീട്ടിലെത്തിക്കുകയായിരുന്നു. കൂടാതെ ടൂര്‍ പോകുന്നതായി പെണ്‍കുട്ടികളെ ഏര്‍പ്പാടാക്കി നല്‍കുകയും ചെയ്തിരുന്നു. 5000 മുതല്‍ 10000 വരെയാണ് ഓരോ ഇടപാടിനും വാങ്ങിയിരുന്നത്. പെണ്‍വാണിഭത്തിന് നേതൃത്വം നല്‍കുന്ന യുവതി ഇതിനു മുമ്പും ഇതേ കേസില്‍ പോലീസ് പിടിയിലായിട്ടുണ്ടെന്നു പറയുന്നു.
ഒന്നരമാസം മുമ്പ് പടിഞ്ഞാറേ കോട്ടയില്‍ നിന്നും പെണ്‍വാണിഭ സംഘത്തെ പിടികൂടിയ കേസിലും യുവതി ഉള്‍പ്പെട്ടിരുന്നു. സി ഐ യുടെ നേതൃത്വത്തില്‍ സി പി ഒ ബിനന്‍, രാജന്‍, രാജന്‍, മനോജ്, വനിത പോലീസ് സത്യവതി എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.