മലൈക വെള്ളി മാലാഖ

Posted on: July 26, 2014 7:54 am | Last updated: July 26, 2014 at 7:54 am

goya copyഗ്ലാസ്‌ഗോ: പതിനാറുകാരി മലൈക ഗോയല്‍ ഇന്ത്യയുടെ വെള്ളിനക്ഷത്രം. കോമണ്‍വെല്‍ത്ത് ഗെയിംസ് പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിംഗില്‍ മലൈക വെള്ളിമെഡല്‍ കരസ്ഥമാക്കി. ഗ്ലാസ്‌ഗോ ഗെയിംസില്‍ ഷൂട്ടിംഗ് റേഞ്ചില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്. മലൈകയുടെ റോള്‍മോഡലും മുന്‍ ലോക ഒന്നാം നമ്പര്‍ താരവുമായ ഹീന സിദു നിരാശാജനകമായ പ്രകടനത്തോടെ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോക പതിനഞ്ചാം നമ്പറായ മലൈക ആകെ 197.1 പോയിന്റെടുത്താണ് ബാരി ബഡന്‍ ഷൂട്ടിംഗ് സെന്ററില്‍ ഫേവറിറ്റ് താരങ്ങളെ അതിശയിപ്പിച്ച് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. അതേ സമയം, സിംഗപ്പൂരിന്റെ ഷുന്‍ സി തിയോ 198.6 പോയിന്റോടെ സ്വര്‍ണമെഡല്‍ സ്വന്തമാക്കിയത് അതിനേക്കാളും അതിശയമായി. കാനഡയുടെ ഡൊറോതി ലുഡ്‌വിഗ് 177.2 പോയിന്റോടെ മൂന്നാമത്. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ മത്സരിച്ചവരില്‍ ഉയര്‍ന്ന റാങ്കിംഗ് ഇന്ത്യന്‍ താരങ്ങള്‍ക്കായിരുന്നു. അതുകൊണ്ടു തന്നെ ആദ്യ രണ്ട് മെഡലുകള്‍ ഇന്ത്യക്ക് ലഭിക്കുമെന്ന ഉയര്‍ന്ന പ്രതീക്ഷയായിരുന്നു. ഹീനക്ക് പിഴച്ചപ്പോള്‍ ആശ്വാസമായത് മലെയ്കയുടെ വെള്ളിയാണ്. പഞ്ചാബിലെ ലുധിയാന സ്വദേശിയാണ് മലെയ്ക. പതിനാറാം വയസില്‍ ലോക റാങ്കിംഗില്‍ പതിമൂന്നാം സ്ഥാനത്തെത്തി പഞ്ചാബുകാരി ഭാവിയിലെ സൂപ്പര്‍താരമാണെന്ന സൂചന നല്‍കി.
ജൂഡോയില്‍ വെള്ളിത്തിളക്കം

ജൂഡോയില്‍ സുശീല ലിക്മബാം, നവ്‌ജ്യോത് ചാന എന്നിവര്‍ക്ക് വെള്ളി. വനിതകളുടെ 48 കിലോ വിഭാഗത്തില്‍ ഫൈനലിലെത്തിയ സുശീല സ്‌കോട്‌ലന്‍ഡിന്റെ കിംബെര്‍ലി റെനിക്‌സിനോട് പരാജയപ്പെടുകയായിരുന്നു. ഗെയിംസില്‍ ഇന്ത്യയുടെ മൂന്നാം മെഡലായിരുന്നു ഇത്. നാലാം മെഡല്‍ പുരുഷവിഭാഗം 60 കിലോ ജൂഡോയില്‍ നവ്‌ജ്യോത് ചാനയിലൂടെ. ഇംഗ്ലണ്ടിന്റെ ആഷ്‌ലി മക്കെന്‍സിക്ക് മുന്നിലാണ് ചാന സ്വര്‍ണം അടിയറവെച്ചത്. ഫൈനലില്‍ ഒരിക്കല്‍ പോലും ചാന തന്റെ മികച്ച ഫോമിലെത്തിയില്ല. മൂന്ന് പെനാല്‍റ്റികള്‍ വരുത്തിയതാണ് മുപ്പതുകാരന് വിനയായത്. അതേ സമയം, കല്പന തൗദം കുറഞ്ഞ പിഴവുകള്‍ വരുത്തിയതിന്റെമുന്‍തൂക്കത്തില്‍ ജൂഡോയില്‍ വെങ്കലമെഡല്‍ നേടി.
2002 മാഞ്ചസ്റ്റര്‍ ഗെയിംസിന് ശേഷം ആദ്യമായാണ് ജൂഡോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തിരിച്ചെത്തുന്നത്.
നീന്തല്‍: സന്ദീപ് സെമിഫൈനലില്‍
ഗ്ലാസ്‌ഗോ: പുരുഷന്‍മാരുടെ നൂറ് മീറ്റര്‍ ബ്രെസ്റ്റ്‌സ്‌ട്രോക്ക് നീന്തലില്‍ ഇന്ത്യയുടെ സന്ദീപ് സെജ്‌വാള്‍ സെമിഫൈനലില്‍.
യോഗ്യത നേടിയ പതിനാറ് പേരില്‍ പന്ത്രണ്ടാം സ്ഥാനത്താണ് സന്ദീപ് ഫിനിഷ് ചെയ്തത്. മൂന്നാം ഹീറ്റ്‌സില്‍ ഒരു മിനുട്ട് 2.97 സെക്കന്‍ഡ്‌സില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 34 പേരാണ് യോഗ്യതാ റൗണ്ടില്‍ മത്സരിച്ചത്. ഇംഗ്ലണ്ടിന്റെ ആദം പീറ്റിയാണ് 59.47 സെക്കന്‍ഡ്‌സില്‍ ഒന്നാം സ്ഥാനക്കാരനായി സെമിഫൈനലിന് യോഗ്യത നേടിയത്. സ്‌കോട്‌ലന്‍ഡിന്റെ റോസ് മര്‍ഡോക് രണ്ടാമത്.
200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ സജന്‍ പ്രകാശിന് സെമി യോഗ്യത നേടാനായില്ല. ഇരുപത്തിരണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ജൂഡോയില്‍ സുനിബാല മെഡലിനരികെ
വനിതകളുടെ 70 കിലോ വിഭാഗം ജൂഡോയില്‍ സുനിബാല ഹ്യൂഡ്രോം വെങ്കലമെഡല്‍ റൗണ്ടില്‍. രണ്ടാം ദിനത്തില്‍ മറ്റ് ജൂഡോ താരങ്ങള്‍ നിരാശ സമ്മാനിച്ചപ്പോഴാണ് സുനിബാലയുടെ മുന്നേറ്റം ആശ്വാസമായത്.
സ്‌കോട്‌ലന്‍ഡിന്റെ സാലി കോന്‍വെയാണ് വെങ്കലമെഡല്‍ റൗണ്ടില്‍ സുനിബാലയുടെ എതിരാളി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ആസ്‌ത്രേലിയയുടെ കാതറീന്‍ അസ്‌കോടിനെ അഞ്ച് മിനുട്ട് നീണ്ട കടുത്ത പോരാട്ടത്തിലാണ് സുനിബാല കീഴടക്കിയത്. എന്നാല്‍, പ്രീക്വാര്‍ട്ടര്‍ അനായാസമായിരുന്നു. ബോട്‌സ്വാനയുടെ മെമറി സിഖാലെയെ 53 സെക്കന്‍ഡ്‌സിലാണ് പരാജയപ്പെടുത്തിയത്.
2012 ലണ്ടന്‍ ഒളിമ്പിക് യോഗ്യത നേടിയ ഏക വനിതാ താരമായ ഗരിമ വെങ്കലമെഡല്‍ റൗണ്ടില്‍ ഇംഗ്ലണ്ടിന്റെ കെ ജെ യീറ്റ്‌സ് ബ്രൗണ്ടിനോട് പരാജയപ്പെട്ടു.
ടി ടിയില്‍ ഇന്ത്യന്‍ കുതിപ്പ്
ഗ്ലാസ്‌ഗോ: ടേബിള്‍ ടെന്നീസ് ടീം ഇനത്തില്‍ ഇന്ത്യ മുന്നേറുന്നു. പുരുഷ ടീം 3-0ന് ഗയാനയെ തോല്‍പ്പിച്ചപ്പോള്‍ വനിതാ ടീം കെനിയയെയും ഇതേ മാര്‍ജിനില്‍ തകര്‍ത്തുവിട്ടു.
ആദ്യ ദിനം വനൗതുവിനെ അനായാസം കീഴടക്കിയ ഇന്ത്യന്‍ പുരുഷ ടീം ഗയാനക്കെതിരെ ആന്റണി അമര്‍രാജ്, സൗമ്യജിത് ഘോഷ്, സുനില്‍ ശങ്കര്‍ എന്നിവരുടെ മികവില്‍ ജയം ആവര്‍ത്തിച്ചു.
വനിതാ ടീമില്‍ പൗലോമി ഘതക്, മനിക ബത്ര സിംഗിള്‍സിലും അങ്കിത ദാസ്-പൗലോമി ഖതക് ഡബിള്‍സിലും ജയിച്ചു.
സൈക്ലിംഗില്‍ നിരാശ
ഗ്ലാസ്‌ഗോ ഗെയിംസില്‍ ഇന്ത്യയുടെ സൈക്ലിംഗ് താരങ്ങള്‍ നിരാശ പടര്‍ത്തുന്നു.
പുരുഷവിഭാഗം 4000 മീറ്ററിലും വനിതകളുടെ 3000 മീറ്ററിലും ഇന്ത്യ യോഗ്യത നേടിയില്ല. പുരുഷ വിഭാഗത്തില്‍ മഞ്ജീത് സിംഗ്, സോംബിര്‍, അമിത് കുമാര്‍ എന്നിവര്‍ യഥാക്രമം 16,17,18 സ്ഥാനങ്ങളിലാണ് ഫിനിഷ് ചെയ്തത്. ആകെ മത്സരിച്ചത് പത്തൊമ്പത് പേരാണ്. ആദ്യ നാല് സ്ഥാനത്തെത്തുന്നവരാണ് ഫൈനലിന് യോഗ്യത നേടുക. ആസ്‌ത്രേലിയയുടെ ജാക് ബോബ്രിജ് ഒന്നാം സ്ഥാനക്കാരനായി ഫൈനല്‍ റൗണ്ടിലെത്തി.