Connect with us

Articles

നദീസംയോജനത്തിലേക്ക് എടുത്തു ചാടും മുമ്പ്

Published

|

Last Updated

പ്രകൃത്യാ ഉണ്ടാകുന്ന വലിയ ജലസരണികള്‍ എന്നാണ് നദികളെ പൂര്‍ണാര്‍ഥത്തില്‍ ശുദ്ധ മലയാളത്തില്‍ പറഞ്ഞുവെക്കാറുള്ളത്. ഒരു നാടിന്റെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും മഹാധമനികളായി കൂടി ഇവയെ കാണുമ്പോഴാണ് നദികളുടെ ആഴത്തിലുള്ള അര്‍ഥം കുറേക്കൂടി വ്യക്തമാകുക. എന്നാല്‍ പുരാതനമായ നദികളെക്കുറിച്ചും നദി നനച്ചുവളര്‍ത്തിയ നദീതട സംസ്‌കൃതികളെ കുറിച്ചും അഭിമാനിക്കുകയും സ്വകാര്യമായി അഹങ്കരിക്കുകയും ചെയ്യുമ്പോഴും നദികളുടെ നാശത്തെക്കുറിച്ച് വലിയ തോതില്‍ നമ്മളാരും ആശങ്കപ്പെടാറില്ല. പക്ഷേ, ഈയടുത്ത കാലത്തായി നഷ്ടപ്പെടുന്ന ജലസമ്പത്തിനെക്കുറിച്ച് ചെറുതായെങ്കിലും നാം ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. നേരിട്ട്, ഉടനടി ബാധിക്കുന്ന കാര്യങ്ങളിലൊഴികെ മറ്റൊന്നിലും ക്രിയാത്മകമായി പ്രതികരിക്കാത്തവനായിരുന്നു മാറിയ സാമൂഹിക വ്യവസ്ഥയിലെ മലയാളി. എന്നാല്‍ ജലസമ്പത്തിന്റെ വലിയ നഷ്ടം കേരളീയരെ നേരിട്ട് ബാധിച്ചു തുടങ്ങിയപ്പോള്‍ പുഴയെക്കുറിച്ചും കാടിനെക്കുറിച്ചുമെല്ലാം ചിന്തിക്കാനും അവയെക്കുറിച്ച് പഠിക്കാനും ചില കോണുകളില്‍ നിന്നെങ്കിലും ശ്രമം തുടങ്ങിയിട്ടുണ്ടെന്നത് കാണാതെ പോകാനാകില്ല. ഒരു പതിറ്റാണ്ട് മുമ്പുയര്‍ന്ന നദീജല സംയോജനത്തെക്കുറിച്ച് വീണ്ടും ചര്‍ച്ചകളുയര്‍ന്നപ്പോള്‍ മുമ്പത്തേക്കാളേറെ ഇക്കാര്യത്തില്‍ ഉയര്‍ന്ന ആശങ്ക വെറുമൊരു തിരിച്ചറിവിനുമപ്പുറം അനുഭവങ്ങളുടെ കൂടി വെളിച്ചത്തിലാണെന്ന് പറയേണ്ടി വരും. നദീസംയോജനത്തെക്കുറിച്ച് പുതിയ പഠനങ്ങള്‍ വേണമെന്നും കേരളത്തിന്റെ അനുമതിയില്ലാതെ പദ്ധതി നടപ്പാക്കാനാകില്ലെന്നും ഭരണകൂടം ഇപ്പോള്‍ ഉറപ്പിച്ചു പറയുന്നത് ഒരു പക്ഷെ വരാനുള്ള ദുരിതങ്ങളുടെ ചെറു ചലനമെങ്കിലും മുന്നില്‍ കണ്ടിട്ടാകണം.
2002ല്‍ അധികാരത്തിലിരുന്ന വാജ്‌പേയി സര്‍ക്കാറിന്റെ പിന്‍തുടര്‍ച്ചക്കാരുടെ ഭരണമാണിപ്പോഴെന്നതിനാല്‍ അവര്‍ അന്ന് ആവിഷ്‌കരിച്ച പദ്ധതി വൈകാതെ നടപ്പാക്കിയേക്കുമെന്നുള്ള വേവലാതിയാണ് നദീസംയോജനം ചൂടേറിയ ചര്‍ച്ചക്ക് വിഷയമായി വീണ്ടും വന്നത്. നദീസംയോജനത്തിനായി കേന്ദ്ര ബജറ്റില്‍ വന്‍തുക നീക്കിവെച്ചിട്ടുണ്ടെന്നതും വിഷയത്തിന്റെ ഗൗരവം വര്‍ധിക്കുന്നതിനിടയാക്കി. നദീസംയോജനത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് പ്രശ്‌നങ്ങള്‍ പഠിച്ചു മാത്രമേ പദ്ധതി നടപ്പാക്കൂയെന്ന് കേന്ദ്രം മറുപടി നല്‍കുന്നുണ്ടെങ്കിലും ആരാണ് പഠിക്കുക, പഠന റിപോര്‍ട്ട് എന്തായിരിക്കുമെന്നുമെല്ലാമുള്ള ആശങ്ക ഇപ്പോഴേ ശക്തമായിക്കഴിഞ്ഞു. നേരത്തെ ദേശീയ ജല വികസന ഏജന്‍സി ഇക്കാര്യത്തില്‍ നടത്തിയ നിരീക്ഷണങ്ങളാണ് ഇത്തരത്തിലുള്ള സംശയങ്ങള്‍ക്ക് വക നല്‍കുന്നത്. കേരളത്തിലെ നദികളില്‍ വെള്ളത്തിന്റെ കുറവില്ലെന്നും മഴക്കാലത്ത് ധാരാളം വെള്ളം ഒഴുകിപ്പോകുന്നുവെന്നും പഠിച്ച് പ്രഖ്യാപിച്ച ദേശീയ ജലവികസന ഏജന്‍സി നാടിന്റെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതില്‍ കേരളത്തിലെ നദികള്‍ക്കുള്ള പങ്ക് കണ്ടില്ലെന്നു നടിച്ചു. അതുകൊണ്ടു തന്നെ നദീസംയോജനത്തിന് മുമ്പ് കേരളത്തിന്റെ ഭൂമിശാസ്ത്രവും പാരിസ്ഥിതികവുമായ പ്രശ്‌നങ്ങള്‍ ആരാണ് വ്യക്തമായി പഠിച്ച് കേന്ദ്രത്തിന് മുന്നിലെത്തിച്ച് നല്‍കുകയെന്നത് പുതിയ ചോദ്യമായി ഉയര്‍ന്നുനില്‍ക്കുന്നുണ്ട്. നദീസംയേജനം നടത്തിയാല്‍ 2050ഓടെ രൂക്ഷമായ ജലക്ഷാമമുണ്ടാകുമെന്നും പമ്പയും അച്ചന്‍കോവിലാറും വറ്റിവരളുമെന്നും മധ്യ തിരുവിതാംകൂറിലെ പരിസ്ഥിതി സന്തുലിതാവസ്ഥ തകരുമെന്നും കേരളം പഠിച്ചു പറയുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി വരുന്ന പമ്പ, അച്ചന്‍കോവില്‍, മൂവാറ്റുപുഴ, മീനച്ചില്‍, മണിമല ആറുകളില്‍ അധിക ജലമില്ലെന്ന് സി ഡബ്ല്യു ആര്‍ ഡി എം നടത്തിയ പഠനം നേരത്തെ വ്യക്തമാക്കിയിരുന്നു. പദ്ധതി വന്നാല്‍ 2004 ഹെക്ടര്‍ നിബിഡ വനം വെള്ളത്തിനടിയിലാകുമെന്ന് ഡല്‍ഹി ഐ ഐ ടി നടത്തിയ പഠനത്തിലും പറയുന്നുണ്ട്. പത്തനംതിട്ട, ആലപ്പുഴ മേഖലകളില്‍ പാരിസ്ഥിതിക പ്രത്യാഘാതം നദീസംയോജനത്തെ തുടര്‍ന്നുണ്ടാകുമെന്നും വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങളെല്ലാം നേരത്തെ ഉയര്‍ന്നിരുന്നിട്ടും കേരളത്തിന്റെ ആശങ്കകള്‍ എന്തുകൊണ്ടാണ് കൃത്യസമയത്ത് ബന്ധപ്പെട്ടവരെ ഗൗരവകരമായി അറിയിക്കാന്‍ കഴിയാതിരുന്നത്? ്
ബ്രഹ്മപുത്ര, ഗംഗ, നര്‍മദ, തപ്തി, മഹാനദി, ഗോദാവരി, കൃഷ്ണ, പെന്ന, കാവേരി തുടങ്ങിയ നദികളെ കൂട്ടിയോജിപ്പിച്ച് ഇന്ത്യയുടെ എല്ലാ കോണിലും എല്ലാ കാലത്തും ജല ലഭ്യത ഉറപ്പാക്കാനുള്ള സോദ്ദേശ്യ പദ്ധതിയായാണ് ബ്രിട്ടീഷുകാരുടെ കാലത്ത് നദീസംയോജനമെന്ന ആശയം ഉയര്‍ന്നത.് സ്വതന്ത്ര ഇന്ത്യയില്‍, പദ്ധതി ഗൗരവമായി മുന്നോട്ടു വെക്കപ്പെടുന്നത് 1972ലെ ഗംഗ- കാവേരി ബന്ധിപ്പിക്കല്‍ പദ്ധതി വഴിയാണ്. 1972ല്‍ ജലസേചന മന്ത്രി കെ എല്‍ റാവു ഗംഗ, കാവേരി നദികളെ ബന്ധിപ്പിക്കുന്ന 2640 കിലോമീറ്റര്‍ നദീജല പദ്ധതി നിര്‍ദേശം മുന്നോട്ടു വെച്ചു. 1974ല്‍ ഗാര്‍ലന്റ് കനാല്‍ പദ്ധതിയും അവതരിപ്പിക്കപ്പെട്ടു.1982ലാണ് നദീ സംയോജനവും അതിന്റെ സാധ്യതകളും സംബന്ധിച്ച പഠനത്തിന് ദേശീയ ജല വികസന ഏജന്‍സി രൂപവത്കരിച്ചത്. കണ്‍സള്‍ട്ടന്റ് എന്‍ജിനിയറായ ദില്‍ഷാ ജെ ദസ്തൂര്‍ 1974ല്‍ മുന്നോട്ടു വെച്ച ഗാര്‍ലന്റ് കനാല്‍ പദ്ധതിക്ക് അന്ന് 15,000 കോടി രൂപയാണ് ചെലവ് വരുമെന്ന് കണക്കാക്കിയിരുന്നത്. വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന ഘട്ടത്തില്‍ 2002 ഒക്ടോബറിലാണ് നടത്തിപ്പിനായി പദ്ധതി മുന്നോട്ടുവെച്ചത്.“”രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും ഗംഗാജലം” എന്ന മുദ്രാവാക്യം പദ്ധതിക്ക് പിറകിലുണ്ടെന്ന് അന്നു തന്നെ പരസ്യപ്രചാരണമുണ്ടായിരുന്നു. 2002ല്‍ തന്നെ നദികളുടെ സംയോജന പദ്ധതി ഗൗരവമായ ചര്‍ച്ചകളിലേക്കും ആവിഷ്‌കരണ ഘട്ടത്തിലെക്കും നീങ്ങി.
പ്രധാനമായി ഉപദ്വീപ് മേഖല, ഹിമാലയന്‍ മേഖല എന്ന് തരം തിരിച്ചാണ് പദ്ധതി വിഭാവനം ചെയ്തത്. അതത് മേഖലകളിലെ നദികളുടെ സംയോജനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 16 പദ്ധതികളാണ് ഉപദ്വീപ് മേഖലയില്‍ ലക്ഷ്യമിടുന്നതെങ്കില്‍, 14 എണ്ണമാണ് ഹിമാലയന്‍ മേഖലയില്‍ ലക്ഷ്യം വെക്കുന്നത്.
പടിഞ്ഞാറോട്ടൊഴുകുന്ന നദികളെ ദിശ മാറ്റി കിഴക്കോട്ടൊഴുന്ന നദികളുമായി ബന്ധിപ്പിക്കുക എന്നതാണ് ഉപദ്വീപ് പദ്ധതികളുടെ പ്രധാന ഉദ്ദേശ്യം. വെള്ളപ്പൊക്ക നിയന്ത്രണം, കൃഷിക്ക് കൂടുതല്‍ ജലം, കൂടുതല്‍ കുടി വെള്ളം, ജലവൈദ്യുത പദ്ധതികള്‍, തൊഴില്ലിലായ്മക്ക് പരിഹാരം, നദീ സഞ്ചാരം, ദേശീയ ഏകീകരണം എന്നിവയാണ് പദ്ധതിയുടെ ഗുണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.
വടക്ക് ഹിമാലയന്‍ നദീ വികസനവും തെക്ക് പെനിന്‍സുലാര്‍ നദീ വികസനവും ഘടകങ്ങളാക്കിയാണ് നദീബന്ധ പദ്ധതി വിഭാവനം ചെയ്യപ്പെടുന്നത്. ഇന്ത്യയിലും നേപ്പാളിലും ഭൂട്ടാനിലുമായി ഒഴുകുന്ന ഗംഗ, ബ്രഹ്മപുത്ര നദികളിലെ ജലം സംഭരിക്കുന്നതിന് അണക്കെട്ടുകള്‍ നിര്‍മിക്കുക, ഗംഗാ നദിയുടെ കിഴക്കന്‍ പോഷക നദികളിലെ മിച്ച ജലം പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ കനാലുകള്‍ പണിത് എത്തിക്കുക, ബ്രഹ്മപുത്ര നദിയും അതിന്റെ പോഷക നദികളും ഗംഗാ നദിയുമായി ബന്ധിപ്പിക്കുകയും ഗംഗാ നദിയെ മഹാനദിയുമായി കൂട്ടിയോജിപ്പിക്കുകയും ചെയ്യുക എന്നിവയാണ് ഒരു ഘട്ടം.
അതിലൂടെ 2.2 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ കൃഷിയിടങ്ങളില്‍ക്കൂടി ജലസേചനം സാധ്യമാക്കാനാകുമെന്നും 30 ജിഗാ വാട്ട് അധിക വൈദ്യുതി നിര്‍മിക്കാനാകുമെന്നും കണക്കാക്കപ്പെട്ടു. ഗംഗ, ബ്രഹ്മപുത്ര നദീ തടങ്ങളിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാനും പദ്ധതി സാഹായകമാകുമെന്നും അധിക ജലം കൊല്‍ക്കത്ത തുറമുഖത്ത് അടിഞ്ഞു കൂടിയിട്ടുള്ള ചെളിക്കെട്ട് നീക്കാന്‍ പ്രയോജനപ്പെടുത്താവുന്ന രീതിയില്‍ ഫറാക്ക ബാരേജില്‍ എത്തിക്കാനാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രധാനമായും കിഴക്കന്‍ മേഖലയില്‍ നിന്ന് വെള്ളം തെക്കും പടിഞ്ഞാറും മേഖലകളിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് തെക്കന്‍ വികസന പദ്ധതി. മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി നദികളെ കനാലുകള്‍ മുഖേന ബന്ധിപ്പിക്കുക, അധിക ജല സംഭരണത്തിനായി ആ നദികളില്‍ അണക്കെട്ടുകള്‍ നിര്‍മിക്കുക എന്നതാണ് ഇതില്‍ ഒരു ഘട്ടം.
മഹാനദി, ഗോദാവരി എന്നീ നദികളിലെ ജലം തെക്കന്‍ പ്രദേശങ്ങളില്‍ എത്തിക്കാന്‍ ഉതകുന്നതാകും ഇത്. മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ജല സേചന, കുടിവെള്ള പദ്ധതികള്‍ക്ക് ജലം ലഭ്യമാക്കാന്‍ സഹായകമായി കെന്‍, ചംബല്‍ നദികളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് മൂന്നാം ഘട്ടം. പശ്ചിമ ഘട്ടത്തില്‍ നിന്ന് ഉത്ഭവിച്ച് ഒഴുകുന്ന നദികളിലെ ജലം അറബിക്കടലിലേക്ക് ഒഴുകിപ്പോകുന്നുണ്ട്. അത്തരത്തില്‍ പാഴാകുന്ന ജലം ജലസേചനത്തിന് പ്രയോജനപ്പെടുത്താന്‍ വഴി തിരിച്ചുവിടുന്നതാണ് നാലാം ഘട്ടം. ഇതിലൂടെയെല്ലാം 1.3 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് ജലസേചനം സാധ്യമാക്കാനും നാല് ജിഗാവാട്ട് അധിക വൈദ്യുതി ഉത്പാദിപ്പിക്കാനുമാകുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.
ഹിമാലയന്‍ കാച്ച്്‌മെന്റ് കനാല്‍, സെന്‍ട്രല്‍ ഡെക്കാന്‍ ആന്‍ഡ് സതേണ്‍ പ്‌ളേറ്റോ കനാല്‍ എന്നിങ്ങനെ രണ്ട് ബൃഹദ് കനാലുകള്‍ നിര്‍മിച്ചുള്ളതാണ് നദീ സംയോജ പദ്ധതി. ഹിമാലയ പര്‍വതത്തിന്റെ അടിവാരങ്ങളില്‍ കൂടിയുള്ള ഹിമാലയന്‍ കനാലിന് നീളം 3,800 കിലോ മീറ്റര്‍. രാവി നദിയില്‍ നിന്ന് ചിറ്റഗോംഗ് വരെ നീളും ഈ കനാല്‍. വീതി 300 മീറ്റര്‍. സമുദ്ര നിരപ്പില്‍ നിന്ന് 1000 മീറ്റര്‍ ഉയരത്തിലാണിത് പണിയുക. കനാലിന്റെ അരികുകളില്‍ അവിടവിടെ ജല സംഭരണത്തിനുള്ള ജലാശയങ്ങള്‍ പണിയും. ചമ്പല്‍ നദി മുതല്‍ കന്യാകുമാരി വരെ നീളുന്നതാണ് 900 കിലോ മീറ്റര്‍ നീളമുള്ള സെന്‍ട്രല്‍ ഡെക്കാന്‍ ആന്‍ഡ് സതേണ്‍ പ്‌ളേറ്റോ കനാല്‍. സമുദ്ര നിരപ്പില്‍ നിന്ന് 500 മീറ്റര്‍ ഉയരത്തിലായിരിക്കും ഇത്. തെക്ക്, മധ്യ സമതലങ്ങളെ ചുറ്റിപ്പറ്റിക്കിടക്കുന്ന വന്‍ മാലയുടെ (ഗാര്‍ലന്‍ഡ്) ആകൃതിയിലാണ് ഈ കനാല്‍ വിഭാവനം ചെയ്തിരിക്കുന്നത്.
ഹിമാലയന്‍ കനാലും പ്‌ളേറ്റോ കനാലും തമ്മില്‍ രണ്ടിടങ്ങളില്‍ കൂറ്റന്‍ പൈപ്പ് ലൈനുകള്‍ വഴി ബന്ധിപ്പിക്കും. ഉയരത്തിലുള്ള ഹിമാലയന്‍ കനാലില്‍ നിന്ന് താഴെ തലത്തിലുള്ള പ്‌ളേറ്റോ കനാലിലേക്ക് വെള്ളം ഒഴുകിയെത്തും. വേനല്‍ക്കാലത്ത് ഹിമാലയത്തിലെ മഞ്ഞുരുകി ഒഴുകുന്ന വെള്ളം അങ്ങനെ വേനലില്‍ വരള്‍ച്ചക്കെടുതി നേരിടുന്ന ദക്ഷണേന്ത്യന്‍ മേഖലക്ക് അനുഗ്രഹമായി ലഭ്യമാക്കാനാകും എന്നാണ് ഈ സ്വപ്‌ന പദ്ധതി വിഭാവനം ചെയ്തവര്‍ കണക്കാക്കിയിട്ടുള്ളത്.
നദികളുടെ സംയോജന പദ്ധതി മുന്നില്‍ വെക്കുന്നത് ഒറ്റ നോട്ടത്തില്‍ വളരെ ഗുണപരമായ കാര്യങ്ങളാണെങ്കിലും, ഫലം കാണുമോ എന്നത് പഠനത്തിനു വിധേയമാണ്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, കനാലുകള്‍ നിര്‍മിക്കാന്‍ ഭൂമി ഒഴിപ്പിക്കപ്പെടുമ്പോള്‍ ഭവനരഹിതരും ഭൂമി നഷ്ടപ്പെടുന്നവരുമായ ജന വിഭാഗത്തെ പുനരധിവസിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍, നദീ ജലാവകാശം സംബന്ധിച്ചു സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ എന്നിവയെല്ലാം പ്രതിസന്ധികളായി മുന്നില്‍ നില്‍ക്കും. നിലവില്‍ ഒഴുകുന്ന നദികളുടെ ദിശ മാറുന്നത് ആ പ്രദേശത്ത് താമസിക്കുന്നവരുടെ കുടിവെള്ളം പോലുള്ള അതീവ പ്രാധാന്യമുള്ള അടിസ്ഥാന ആവശ്യങ്ങള്‍, സ്വാഭാവികമായ പ്രകൃതിയുടെ വ്യവസ്ഥ തുടങ്ങിയവ മാറ്റിമറിക്കപ്പെടാനിടയാക്കും. നദികള്‍ കൂട്ടിയോജിപ്പിക്കുന്നതു മൂലം വലിയ വിപത്ത് തീരപ്രദേശങ്ങള്‍ക്കാണ്. തീരപ്രദേശങ്ങളിലെ ഉപ്പുരസം നിയന്ത്രിച്ചു നിര്‍ത്തുന്നത്, അതിലൂടെ ഒഴുകി കടലില്‍ പതിക്കുന്ന നദികളാണ്. അവ അതു വഴി ഒരു ജീവചക്രം പൂര്‍ത്തിയാക്കുന്നു. എന്നാല്‍ നദികള്‍ മരിക്കുന്നതോടെ തീരപ്രദേശങ്ങളിലെ ഉപ്പുരസം ക്രമാതീതമായി ഉയരും, അതുവഴി അവിടങ്ങളിലെ ജനവാസ അനുപാതത്തില്‍ കാലക്രമേണ മാറ്റം വരാനും സാധ്യത നിലനില്‍ക്കുന്നു. കൂടാതെ നദികളുടെ സംയോജനം മൂലം ചില പ്രത്യേക ആവാസ വ്യവസ്ഥകളില്‍ മാത്രം നിലനില്‍ക്കുന്ന പല അപൂര്‍വ ജലജീവികളും അപ്രത്യക്ഷമാകും. ജൈവ വൈവിധ്യത്തില്‍ അഭിമാനിക്കുന്ന ഇന്ത്യയുടെ മേല്‍ അറിഞ്ഞു കൊണ്ട് വീഴ്ത്തുന്ന ഒരു പോറലാകും അത്. ജലം വഴിതിരിച്ചു വിടുന്നത് ഇതര രാഷ്ട്രങ്ങളുമായുള്ള ബന്ധങ്ങളെയും ബാധിച്ചേക്കും. കാരണം ഗംഗ പോലുള്ള പല വന്‍ നദികളും ബംഗ്ലാദേശുള്‍പ്പെയുള്ള പല രാജ്യങ്ങളിലൂടെ കടന്നു പോകുന്നവയാണ്. ഈ പദ്ധതി ലക്ഷ്യമിടുന്ന ദേശീയ ഏകീകരണത്തിനു പകരം നേരെ വിപരീത ഫലമാണ് ഉളവാക്കിയേക്കുക.
കേരളത്തെ സംബന്ധിച്ച് കടല്‍ നിരപ്പിനേക്കാള്‍ താഴെയുള്ള കുട്ടനാടന്‍ മേഖലയിലെ പരിസ്ഥിതിയുടെ സംതുലനാവസ്ഥ തകിടം മറിയാനും സാധ്യത ഏറെയാണ്. കൃഷിക്ക് യോഗ്യമല്ലാത്ത തരത്തില്‍ കായലുകളിലും തണ്ണീര്‍ തടങ്ങളിലും ഉപ്പ് വെള്ളം നിറഞ്ഞാല്‍ അവിടുത്തെ ആവാസ വ്യവസ്ഥ തന്നെ തകിടം മറിയും. പമ്പ, അച്ചന്‍കോവിലാര്‍ എന്നീ നദികളെ തമിഴ്‌നാടിലെ വൈപ്പാറുമായി ബന്ധിപ്പിക്കുക വഴി അധിക ജലം തമിഴ്‌നാട്ടിലേക്ക് ഒഴുക്കാന്‍ പദ്ധതി വിഭാവനം ചെയ്യുന്നു. വേനല്‍ക്കാലത്ത് ആവശ്യത്തിന് ജലലഭ്യതയില്ലാത്ത സ്ഥിതി നിലനില്‍ക്കുന്ന നദികളാണ് പമ്പയും അച്ചന്‍കോവിലാറും.
പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ സംയോജനവുമായി മുന്നോട്ടുപോകുന്നതിന് നേരത്തെ ദേശീയ ജല വിഭവ ഏജന്‍സി പറഞ്ഞ പ്രധാന ന്യായം രണ്ട് നദികളിലും അധിക ജലം ഉണ്ടെന്നായിരുന്നു. എന്നാല്‍ കേരളത്തിലെ ദേശീയ ജല വിഭവ ഗവേഷണ കേന്ദ്രം നടത്തിയ പഠനത്തില്‍ രണ്ട് നദികളിലുമുള്ള ജലശോഷണം പ്രത്യേകം എടുത്തുകാട്ടുന്നുണ്ട്. പമ്പയിലും അച്ചന്‍കോവിലാറിലും കേരളത്തിന്റെ ആവശ്യം കഴിഞ്ഞ് 3,127 ദശലക്ഷം ഘന മീറ്റര്‍ വെള്ളമുണ്ടെന്നാണ് ദേശീയ ജല ഏജന്‍സിയുടെ കണക്ക്. അതുകൊണ്ടു തന്നെ അധിക ജലത്തിന്റെ 20 ശതമാനം വൈപ്പാറിലേക്ക് കൊണ്ടുപോകാമെന്നും അവര്‍ നിര്‍ദേശിക്കുന്നു. എന്നാല്‍ രണ്ട് നദികളിലുമായി വാര്‍ഷിക ജല പ്രവാഹം 5978 ദശലക്ഷം ഘന മീറ്ററാണെന്നും ഇതില്‍ ഉപയോഗയോഗ്യമായത് 3801 ദശലക്ഷം ഘന മീറ്ററാണെന്നും കേരളം നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. മൂന്ന് പതിറ്റാണ്ടെങ്കിലും കഴിയുമ്പോള്‍ പമ്പ, അച്ചന്‍കോവിലാറുകളുടെ തീരങ്ങളിലുള്ളവര്‍ക്ക് വേണ്ട ജലം നല്‍കാന്‍ രണ്ട് നദികള്‍ക്കുമാകില്ലെന്നും ഇതുസംബന്ധിച്ച നിരീക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
നദി സമുദ്രത്തിലേക്ക് ഒഴുകുന്നുവെന്നതിനെ അധിക ജലമായി കാണുന്നത് വിവേകമാണെന്ന് കരുതാനാകില്ല. ഇത്രയേറെ നദികളുടെ സ്വാഭാവിക പ്രവാഹത്തെ തടസ്സപ്പെടുത്തി തിരിച്ചുവിടുന്നത് കേരളത്തിലെ ആവാസവ്യവസ്ഥയെ അപകടപ്പെടുത്തുന്നതിന് ഇട വരുത്തും. ഈ ആശങ്കകള്‍ ശാസ്ത്രീയമായി വിലയിരുത്താതെ തികഞ്ഞ അവധാനതയും സൂക്ഷ്മമായ ശാസ്ത്രീയ പഠനവും കൂടാതെ ഇത്തരമൊരു പദ്ധതിയിലേക്ക് എടുത്തുചാടുന്നത് അപകടകരമാണെന്ന് ആരൊക്കെയോ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. നല്ലത് കേള്‍ക്കാനും ഉള്‍ക്കൊള്ളാനും എപ്പോഴെങ്കിലും അധികാരികള്‍ തയ്യാറായാല്‍ അത്രയെങ്കിലും നല്ലത്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി