കോമണ്‍വെല്‍ത്ത് ഗെയിംസ്: ആദ്യ ദിനം അഭിമാന പൂര്‍വ്വം ഇന്ത്യ

Posted on: July 25, 2014 2:19 pm | Last updated: July 25, 2014 at 2:19 pm

commen wealthഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യ ദിനം തന്നെ സ്വര്‍ണവും വെള്ളിയും നേടി ഇന്ത്യ എക്കൗണ്ട് തുറന്നു. വനിതകളുടെ 48 കിലോ വിഭാഗം ഭാരോദ്വഹനത്തില്‍ സഞ്ജിത ചാനും സ്വര്‍ണം നേടിയപ്പോള്‍ മീരാഭായ് ചാനു വെള്ളി സ്വന്തമാക്കി. ആകെ 173 കിലോ ഉയര്‍ത്തിയാണ് സഞ്ജിത സുവര്‍ണതാരമായത്. നാട്ടുകാരിയുമായുള്ള പോരില്‍ മീരാഭായ് 170 കിലോ ഉയര്‍ത്തി രണ്ടാം സ്ഥാനം കരസ്ഥമാക്കി. നൈജീരിയയുടെ നകേചി ഒപറ 162 കിലോ ഉയര്‍ത്തി മൂന്നാം സ്ഥാനത്തെത്തി.

ജുഡോയില്‍ രണ്ട് മെഡലുകള്‍ ഉറപ്പാക്കിയതും ടേബിള്‍ ടെന്നീസ്, ബാഡ്മിന്റണ്‍ ടീം ഇനങ്ങളില്‍ മികച്ച വിജയം നേടിയതും ആദ്യ ദിനത്തില്‍ ഇന്ത്യക്ക് തിളക്കമേകി. വനിതാ ഹോക്കിയില്‍ 4-2ന് കാനഡയെ തകര്‍ത്തപ്പോള്‍ ലോണ്‍ ബോള്‍സില്‍ ഇന്ത്യയുടെ പുരുഷ വനിതാ ടീമുകള്‍ പരാജയപ്പെട്ടു.

ഡല്‍ഹിയില്‍ നടന്ന കഴിഞ്ഞ ഗെയിംസില്‍ ഇന്ത്യ രണ്ട് വീതം സ്വര്‍ണവും വെള്ളിയും നാല് വെങ്കലവും നേടി ഭാരോദ്വഹന വിഭാഗത്തില്‍ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ഇക്കുറി മത്സരിക്കുന്ന ഇന്ത്യക്കാരില്‍ മിക്കവരും കഴിഞ്ഞവര്‍ഷം ജൊഹാനസ്ബര്‍ഗില്‍ നടന്ന കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയവരും റാങ്കിങ്ങില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ നില്ക്കുന്നവരുമാണ്. നൈജീരിയയാണ് കോമണ്‍വെല്‍ത്ത് ഭാരോദ്വഹനത്തിലെ ശക്തന്മാര്‍. ഇന്ത്യക്ക് വെല്ലുവിളിയുയര്‍ത്തുന്നതും അവര്‍ തന്നെ. ഡല്‍ഹി ഗെയിംസില്‍ നൈജീരിയ അഞ്ചു സ്വര്‍ണമടക്കം 14 മെഡലും രണ്ടാം സ്ഥാനത്തുവന്ന സമോവ മൂന്ന് സ്വര്‍ണവും കരസ്ഥമാക്കിയിരുന്നു.

ജൂഡോയില്‍ രണ്ട് മെഡലുറച്ചു
കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആദ്യ ദിനം ഇന്ത്യ രണ്ട് മെഡലുകള്‍ കൂടി ഉറപ്പാക്കി. ജുഡോയിലാണ് ഇത്. പുരുഷന്‍മാരുടെ 60 കിലോ വിഭാഗത്തില്‍ നവജ്യോത് ചനയും വനിതകളുടെ 48 കിലോ വിഭാഗത്തില്‍ മണിപ്പൂരി താരം സുശീല ലിക്മബാമും ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചതോടെയാണ് വെങ്കലം ഉറപ്പാക്കിയത്. ദക്ഷിണാഫ്രിക്കയുടെ ഡാനിയല്‍ ലി ഗ്രന്യേയെ ഒരു മിനുട്ട് 51 സെക്കന്‍ഡിനുള്ളിലാണ് നവജ്യോത് ചന കീഴടക്കിയത്. വെയില്‍സിന്റെ ബ്രന്‍ഡന്‍ ഡോഡ്ജുമായി മൂന്നര മിനുട്ടിലേറെ നീണ്ട ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം ജയിച്ചതിന്റെ ക്ഷീണം മാറും മുമ്പെയാണ് ചന ദക്ഷിണാഫ്രിക്കന്‍ താരത്തിനെതിരെ തകര്‍പ്പന്‍ ജയം നേടിയത്. സ്വര്‍ണ പ്രതീക്ഷയിലാണ് ഇന്ത്യ.
ആസ്‌ത്രേലിയയുടെ ചോലെ റെയ്‌നറെ രണ്ട് മിനുട്ട് 23 സെക്കന്‍ഡ്‌സില്‍ സുശീല മറികടന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ആസ്‌ത്രേലിയയുടെ തന്നെ അമി മെയറെയാണ് സുശീല തോല്‍പ്പിച്ചത്. പ്രീക്വാര്‍ട്ടറില്‍ കാമറൂണിന്റെ മനി മെദ്‌സ ഇഫിക്കെതിരെ രണ്ട് മിനുട്ടിനുള്ളില്‍ ജയിച്ച് ഇന്ത്യക്കാരി മെഡല്‍ക്കുതിപ്പ് ആരംഭിച്ചു.കല്‍പന തൗദാം, മന്‍ജീത് നന്ദല്‍ എന്നിവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റത് ഇന്ത്യക്ക് തിരിച്ചടിയായി.

ബാഡ്മിന്റണില്‍ ഇന്ത്യന്‍ കുതിപ്പ്
കോമണ്‍വെല്‍ത്ത് ഗെയിംസ് മിക്‌സഡ് ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം. ഗ്രൂപ്പ് ബിയില്‍ 5-0ന് ഘാനയെ തകര്‍ത്തു. ആദ്യ സിംഗിള്‍സില്‍ പി കശ്യപ് മികച്ച ജയം നേടിയപ്പോള്‍ വനിതാ സിംഗിള്‍സില്‍ ജയിച്ച് പി വി സിന്ധു ലീഡുയര്‍ത്തി. പുരുഷ ഡബിള്‍സില്‍ ആക്ഷയ് ദിവാല്‍കര്‍-പ്രണവ് ചോപ്ര സഖ്യവും വനിതാ സിംഗിള്‍സില്‍ അശ്വിനി പൊന്നപ്പ-ജ്വാല ഗുട്ട സഖ്യവും തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ മിക്‌സഡ് ഡബിള്‍സില്‍ പി സി തുളസി-കിദംബി ശ്രീകാന്ത് എന്നിവരും തകര്‍ത്തു. ഉഗാണ്ടക്കെതിരെയാണ് അടുത്ത മത്സരം.
പി കശ്യപ് 21-6, 21-16ന് ഡാനിയല്‍ സ്റ്റാമിനെ തോല്‍പ്പിച്ചത് 27 മിനുട്ടിനുള്ളില്‍. തുടക്കം മുതല്‍ ആധിപത്യം സ്ഥാപിച്ച കശ്യപ് ഒരിക്കല്‍ പോലും പിറകിലായില്ല. സൈന നെഹ്‌വാളിന്റെ അഭാവത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ പി വി സിന്ധു ടീം ഇനത്തില്‍ മികച്ച ഫോമിലേക്കുയര്‍ന്നു. സ്റ്റെല്ല അമാഷക്കെതിരെ ആദ്യ ഗെയിം 21-7ന് ജയിച്ച സിന്ധു രണ്ടാം ഗെയിം 21-5ന് തീര്‍ത്തു. പുരുഷ ഡബിള്‍സില്‍ അക്ഷയ്-പ്രണവ് ജോഡി 21-7, 21-11ന് ഇമ്മാനുവല്‍ ഡോങ്കര്‍,-അബ്രഹാം അയിറ്റെ സഖ്യത്തെ 22 മിനുട്ടിനുള്ളില്‍ ചുരുട്ടിക്കൂട്ടി. ഇതോടെ, 3-0ന് ഇന്ത്യ ജയമുറപ്പാക്കി. വനിതാ ഡബിള്‍സില്‍ നിലവിലെ സ്വര്‍ണ മെഡല്‍ ജേതാക്കളായ ജ്വാലഗുട്ടയും അശ്വിനി പൊന്നപ്പയും പതിനേഴ് മിനുട്ടില്‍ മത്സരം പൂര്‍ത്തിയാക്കി. ഇവെലിന്‍ ബോവെ-ഡയാന ആര്‍ചര്‍ കണ്ണിമവെട്ടും മുമ്പെ ഇന്ത്യന്‍ സഖ്യം രണ്ട് ഗെയിമുകളും ജയിച്ചു കയറി. മിക്‌സഡില്‍ 21-5, 21-9ന് ജയം.

ടേബിള്‍ ടെന്നീസ്: പുരുഷ,വനിതാ ടീമുകള്‍ക്ക്
അനായാസ ജയം
ടേബിള്‍ ടെന്നീസ് ടീം ഇനത്തില്‍ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ക്ക് വിജയത്തുടക്കം. നാല് വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ വെള്ളിമെഡല്‍ ജേതാക്കളായ വനിതാ ടീം ഇത്തവണ ആദ്യ മത്സരത്തില്‍ ബാര്‍ബഡോസിനെ 3-0ന് തകര്‍ത്തുവിട്ടു. ഷാമിനി കുമരസേന, മനിക ബത്ര, മധുരിക പത്കര്‍ ഉള്‍പ്പെടുന്നതാണ് വനിതാ ടീം.
ഷാമിനി 11-3, 11-2, 11-3ന് ഷെറിക് ഫെലിക്‌സിനെയും മനിക 11-2,11-5,11-2ന് അന്റോനിറ്റെ റിലെയെയും തോല്‍പ്പിച്ചു. ഡബിള്‍സില്‍ ഷാമിനി-മധുരിക സഖ്യം ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് ക്രിസ്റ്റി ഹാര്‍വെ-റിലെ സഖ്യത്തെ തോല്‍പ്പിച്ചു.
പുരുഷ വിഭാഗത്തില്‍ ഒന്നാം നമ്പര്‍ താരമായ ശരത് കമാലിന് വിശ്രമം അനുവദിച്ചാണ് ഇന്ത്യ വനൗതുവിനെ നേരിട്ടത്. 3-0ന് അനായാസ ജയം സ്വന്തമാക്കി. ഹര്‍മീദ് ദേശായ്, സനില്‍ ഷെട്ടി, ആന്റണി അല്‍രാജ് എന്നിവരാണ് മത്സരിച്ചത്.

സ്‌ക്വാഷ് ചാമ്പ്യന് വിജയത്തുടക്കം
പുരുഷ വിഭാഗം സ്‌ക്വാഷ് സിംഗിള്‍സ് ജേതാവ് ഇംഗ്ലണ്ടിന്റെ നിക്ക് മാത്യു കിരീടം നിലനിര്‍ത്താനുള്ള പ്രയാണം ആരംഭിച്ചു. ആദ്യ മത്സരത്തില്‍ മൗറീഷ്യസിന്റെ സേവ്യര്‍ കോയിനിംഗിനെ 11-3,11-3,11-1ന് തോല്‍പ്പിച്ചു. സെല്‍റ്റിക്ക് പാര്‍ക്കിലെ ഉദ്ഘാടന ചടങ്ങില്‍ ഇംഗ്ലണ്ടിന്റെ പതാകവാഹകനായിരുന്നു നിക്ക് മാത്യു.
ജമൈക്കയുടെ ക്രിസ് ബിന്നിയാണ് മാത്യുവിന്റെ അടുത്ത എതിരാളി.

ഇടിക്കൂട്ടില്‍ പ്രതീക്ഷയോടെ ഇന്ത്യയിറങ്ങുന്നു
മെഡല്‍ പ്രതീക്ഷയോടെ ഇന്ത്യന്‍ ബോക്‌സര്‍മാര്‍ ഇന്ന് റിംഗില്‍. 2010 ല്‍ മൂന്ന് സ്വര്‍ണമുള്‍പ്പടെ ഏഴ് മെഡലുകളായിരുന്നു ബോക്‌സര്‍മാര്‍ നേടിത്തന്നത്. ഇത്തവണ, അന്യദേശത്താണെന്ന പ്രതികൂല സാഹചര്യം മുന്നിലുണ്ട്. മാത്രമല്ല, ഇന്ത്യന്‍ ബോക്‌സിംഗ് ഫെഡറേഷന് രാജ്യാന്തര വിലക്കുള്ളതിനാല്‍ പരിശീലകര്‍ക്ക് റിംഗിനരികില്‍ നില്‍ക്കാന്‍ സാധിക്കില്ലെന്ന പ്രതിബദ്ധമുണ്ടായിരുന്നു. എന്നാല്‍, ഗെയിംസ് അധികൃതര്‍ ചെറിയ ഇളവുകള്‍ ചെയ്തത് ടീമിന് ആശ്വാസമായിരിക്കുന്നു.
ഏഴ് പുരുഷന്‍മാരും മൂന്ന് വനിതകളും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അരങ്ങേറ്റക്കാരാണ്. മനോജ് കുമാര്‍ (64 കിഗ്രാം), ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവായ വിജേന്ദര്‍ സിംഗ് (75 കിഗ്രാം) എന്നിവരാണ് ടീമിലെ പ്രധാനികള്‍. ഡല്‍ഹി ഗെയിംസില്‍ വെങ്കലം കൊണ്ട് തൃപ്തിപ്പെട്ട വിജേന്ദര്‍ ഇത്തവണ സ്വര്‍ണമാണ് ലക്ഷ്യമിടുന്നത്. ടീമിലെ ഓരോ താരവും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും – വിജേന്ദര്‍ പറഞ്ഞു.
യുവതാരങ്ങളില്‍ ദേവേന്ദ്രോ സിംഗ് (49), ശിവ ഥാപ (56), മന്‍ദീപ് ജാഗ്ര (69), സുമിത് സാഗ്‌വാന്‍ (81) മെഡല്‍ സാധ്യതയുള്ളവരാണ്. മുന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരാണിവര്‍.വനിതകളില്‍ 51 കിഗ്രാം ഇനത്തില്‍ മത്സരിക്കുന്ന പിങ്കി ജാഗ്ര ദേശീയ ചാമ്പ്യനാണ്. കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രയല്‍സില്‍ അഞ്ച് തവണ ലോകചാമ്പ്യനും ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവുമായ മേരി കോമിനെ തോല്‍പ്പിച്ചത് പിങ്കിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.
ആറ് തവണ ഏഷ്യന്‍ ചാമ്പ്യനാണ് 60 കിഗ്രാം വിഭാഗത്തില്‍ മത്സരിക്കുന്ന സരിതാ ദേവി.
യൗവന കാലത്ത് മേരി കോമിന്റെ നിഴലില്‍ ഒതുങ്ങിപ്പോയ സരിത വെറ്ററന്‍ എന്ന നിലയില്‍ പുതിയ ഉയരം തേടുകയാണ്. 2002 മുതല്‍ ഗെയിംസില്‍ ഇന്ത്യയുടെ ബോക്‌സിംഗ് പ്രകടനം ആശാവഹമാണ്. മുഹമ്മദ് അലി ഖമറിലൂടെയാണ് ആദ്യ ബോക്‌സിംഗ് മെഡല്‍ ഇന്ത്യ സ്വന്തമാക്കിയത്.