ഇന്ത്യന്‍ ജയിലുകളില്‍ വിചാരണ കാത്ത് കഴിയുന്നത് 65 ശതമാനം പേര്‍

Posted on: July 24, 2014 12:34 am | Last updated: July 24, 2014 at 12:34 am

tihar-jailന്യുഡല്‍ഹി: ഇന്ത്യന്‍ ജയിലുകളില്‍ തടവുകാരായി കഴിയുന്നവരില്‍ 65 ശതമാനം പേരും വിചാരണ കാത്ത് കഴിയുന്നവര്‍. മുന്‍ വിവരാവകാശ കമ്മീഷണര്‍ ശൈലേഷ് ഗാന്ധി ഒരു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. വിചാരണാ തടവുകാരായി ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്നവര്‍ രണ്ടര ലക്ഷം പേരാണ്.
വിചാരണാ തടവുകാരില്‍ പലരും അനിശ്ചിതകാലത്തേക്കാണ് ജയിലിലടക്കപ്പെട്ടതെന്ന് നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍ സി ആര്‍ ബി)യുടെ രേഖകളില്‍ പറയുന്നു. ജയില്‍ നിയമവും ചട്ടങ്ങളും പാലിക്കപ്പെടുന്നതിലുണ്ടാകുന്ന പരാജയമാണ് ഈ അവസ്ഥക്ക് കാരണം. ചെയ്ത കുറ്റത്തിന്റെ ഗൗരവമനുസരിച്ച് നിശ്ചിത കാലം കഴിഞ്ഞാല്‍ വിചാരണാ തടവുകാരെ വിട്ടയക്കണമെന്ന് നിയമം അനുശാസിക്കുന്നുണ്ടെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവായ ജി അനന്തപത്മനാഭന്‍ അറിയിച്ചു. ചെയ്ത കുറ്റത്തിന് ലഭിക്കാവുന്ന പരമാവധി ശിക്ഷയുടെ പകുതികാലം വിചാരണാ തടവില്‍ കഴിഞ്ഞവരെയെല്ലാം മോചിപ്പിക്കണമെന്ന് ക്രിമിനല്‍ നടപടിക്രമത്തിലെ സെക്ഷന്‍ 436എ നിര്‍ദേശിക്കുന്നുണ്ട്.
കര്‍ണാടകയില്‍ ആംനസ്റ്റി ഈയിടെ നടത്തിയ ഒരു പഠനത്തില്‍ ഇവിടെയുള്ള ജയിലധികൃതര്‍ക്ക് വിചാരണാതടവുകാരുടെ അവകാശങ്ങള്‍ സംബന്ധിച്ച് ഒന്നും അറിയില്ല. 2012 ഡിസംബര്‍ വരെ കര്‍ണാടക ജയിലുകളില്‍ വിചാരണാ തടവുകാരായി 8940 പേരുണ്ട്. സംസ്ഥാനത്തെ മൊത്തം തടവുകാരുടെ 68 ശതമാനം വരുമിത്. ഇവരില്‍ 51 പേര്‍ അഞ്ച് വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുകയാണ്. നിയമ സഹായം സംബന്ധിച്ച് വിചാരണാ തടവുകാര്‍ക്ക് വേണ്ട അറിവില്ലാത്തതും ഇക്കൂട്ടരുടെ എണ്ണം പെരുകാന്‍ കാരണമാകുന്നു. ബംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണാ തടവുകാരായി കഴിയുന്നവര്‍ക്ക് നിയമ സഹായം നല്‍കാന്‍ 2012 ജനുവരിയില്‍ 11 അഭിഭാഷകരെ നിര്‍ദേശിച്ചു. ഇവരില്‍ അഞ്ചുപേര്‍ രണ്ടര വര്‍ഷം കഴിഞ്ഞിട്ടും ഒരിക്കല്‍ പോലും ജയില്‍ സന്ദര്‍ശിച്ചിട്ടില്ലെന്ന് ആംനസ്റ്റി പറയുന്നു.
വിചാരണാ തടവുകാരെ സമയത്തിന് കോടതിയില്‍ ഹാജരാക്കാത്തത് അവരുടെ ജയില്‍ വാസം അനിശ്ചിതമായി നീളുന്നതിന് കാരണമാകുന്നു. എസ്‌കോര്‍ട്ട് പോകാന്‍ മതിയായ പോലീസില്ലാത്തതാണത്രെ ഇതിന് കാരണം. വിചാരണാ തടവുകാരുടെ കാര്യങ്ങള്‍ പരിഗണിക്കാന്‍ 2013 നവംബറില്‍ ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ചെയ്തതനുസരിച്ച് ജില്ലകള്‍ തോറും രൂപവത്കരിച്ച കമ്മിറ്റികള്‍ പ്രവര്‍ത്തിക്കാറില്ല എന്നത് ദു:ഖകരമായ വസ്തുതയാണ്.