കട്ജുവിന്റെ വെളിപ്പെടുത്തല്‍

Posted on: July 24, 2014 6:00 am | Last updated: July 24, 2014 at 12:18 am

SIRAJ.......ആരോപണവിധേയനായ ജഡ്ജിയുടെ കാലാവധി നീട്ടിക്കൊടുക്കാന്‍ യു പി എ സര്‍ക്കാറിലെ ഘടകകക്ഷിയായിരുന്ന ഡി എം കെക്കു വേണ്ടി ഇടപെട്ടുവെന്ന പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കട്ജുവിന്റെ ആരോപണം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദും സ്ഥിരീകരിച്ചിരിക്കയാണ്. ഐ ബി അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മദ്രാസ് ഹൈക്കോടതി ജഡ്ജിയുടെ സര്‍വീസ് കാലാവധി നീട്ടിക്കൊടുക്കരുതെന്ന് സുപ്രീം കോടതി കൊളീജിയം നിര്‍ദേശിച്ചിട്ടും അതവഗണിച്ചു കാലാവധി നീട്ടാന്‍ അന്നത്തെ നിയമ മന്ത്രാലയം സമ്മര്‍ദം ചെലുത്തിയെന്നാണ് കട്ജുവിന്റെ ആരോപണം. സംഭവത്തില്‍ മുന്‍ ചീഫ് ജസ്റ്റീസ് ആര്‍ സി ലഹോത്തിയടക്കം മൂന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസുമാര്‍ക്ക് പങ്കുണ്ടെന്നും കട്ജു പറയുന്നു.
അസുഖകരമായ വാര്‍ത്തകളാണ് നീതിന്യായ മേഖലയില്‍ നിന്ന് അടുത്തിടെ തുടരെത്തുടരെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സുപ്രീം കോടതി ജഡ്ജി സ്ഥാനത്തേക്ക് കോളീജിയം ശിപാര്‍ശ ചെയ്തിരുന്ന ഗോപാല്‍ സുബ്രഹ്മണ്യത്തെ തഴഞ്ഞു പകരം, പ്രധാനമന്ത്രിയുടെ വലം കൈയായ അമിത് ഷായുടെ അഭിഭാഷകന്‍, ഉദയ് യു ലളിതിനെ നിയമിക്കാനുള്ള പുറപ്പാടിലാണ് മോദി സര്‍ക്കാര്‍. കുപ്രസിദ്ധമായ സുഹ്‌റാബുദ്ദീന്‍ ശൈഖ്, തുളസീറാം പ്രജാപതി ഏറ്റുമുട്ടല്‍ കേസുകളില്‍ അമിത് ഷാക്ക് വേണ്ടി വാദിച്ചിരുന്നത് ഉദയ് യു ലളിതായിരുന്നു. കൊലപാതകം, ഗുഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് രണ്ട് കേസിലും ഷാക്കെതിരെ ചുമത്തിയിരിക്കുന്നത്. ചില കേസുകളില്‍ ജഡ്ജിമാരെ സ്വാധീനിക്കാന്‍ അധികാരി വര്‍ഗവും കോര്‍പറേറ്റുകളും നടത്തുന്ന ശ്രമങ്ങളും ജഡ്ജിമാരുടെ ബന്ധുക്കള്‍ക്കും സമ്പന്ന വര്‍ഗത്തിനും കോര്‍പറേറ്റ് അഭിഭാഷകര്‍ക്കും ജഡ്ജി നിയമനത്തില്‍ നല്‍കുന്ന പരിഗണനയും മുന്‍ഗണനയും വിവാദമായതാണ്.
നിഷ്പക്ഷവും സത്യസന്ധവുമായിരിക്കണം നീതിനിര്‍വഹണ സംവിധാനം. സുതാര്യവും സുഗമമായിരിക്കണം അതിന്റെ മാര്‍ഗങ്ങളും പ്രവര്‍ത്തനങ്ങളും. എങ്കില്‍ മാത്രമേ അതിന്റെ മാന്യതയും പവിത്രതയും കാത്തുസൂക്ഷിക്കാനും ജനവിശ്വാസം ആര്‍ജിക്കാനും കഴിയുകയുള്ളൂ. അധികാര സ്ഥാനത്തുള്ളവരുടെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്ന അഭിഭാഷകര്‍ക്ക് അധികാരം നേടാനും കൂടുതല്‍ സ്ഥാനം കൈക്കലാക്കാനുമുള്ള ഉപകരണമായി ഈ മേഖല അധഃപതിക്കരുത്. നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം തന്നെ സത്യസന്ധത പാലിക്കാനും സാമൂഹികനീതി ഉറപ്പ് വരുത്താനും പ്രതിജ്ഞാബദ്ധരായിരിക്കണം കോടതികളും അഭിഭാഷകരും.
ഭരണഘടനയില്‍ പ്രതിപാദിച്ച ഏക തൊഴില്‍ അഭിഭാഷകവൃത്തി മാത്രമാണന്നത് അതിന്റെ മാന്യതയും പ്രാധാന്യവും വിളിച്ചോതുന്നുണ്ട്. മറ്റു തൊഴിലുകളെ പോലെ കേവലം ഒരു തൊഴിലല്ല അഭിഭാഷക വൃത്തി. നീതിനിര്‍വഹണം ഉറപ്പ് വരുത്താന്‍ ബാധ്യസ്ഥമായ ഈ മേഖലക്ക് അതിനപ്പുറം ഉദാത്തമായ ഒരു മാനമുണ്ട്. അത് കാത്തു സൂക്ഷിക്കുമ്പോള്‍ മാത്രമേ ഭരണഘടന വിഭാവനം ചെയ്യുന്ന ലക്ഷ്യം നേടാനാകൂ. അഴിമതിക്കാരെന്ന് തെളിഞ്ഞവരും കുറ്റവാളികളെ സംരക്ഷിക്കുന്നവരുമായ അഭിഭാഷകരെ ഉന്നത സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുന്നത് അതിന്റെ ഉദാത്തതക്ക് കളങ്കമേല്‍പ്പിക്കുകയും ലക്ഷ്യങ്ങളെ അട്ടിമറിക്കുകയും ചെയ്യും. ഇന്റലിജന്‍സ് ബ്യൂറോ പ്രതികൂല അന്വേഷണ റിപോര്‍ട്ട് നല്‍കിയിട്ടും ആരോപണവിധേയനായ ജഡ്ജിയുടെ സര്‍വീസ് കാലാവധി നീട്ടിക്കൊടുത്തതും അമിത് ഷാക്കെതിരായ അതീവ ഗുരുതരമായ ക്രിമിനല്‍ കേസുകള്‍ കോടതിയില്‍ നടന്നുകൊണ്ടിരിക്കെ, കോളീജിയത്തിന്റെ ശിപാര്‍ശ മറികടന്നു അദ്ദേഹത്തിന്റെ അഭിഭാഷകനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കുന്നതും അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഭരണവൃത്തം വഴി തെറ്റുമ്പോള്‍ അത് തിരുത്തിക്കാനുള്ളത് കൂടിയാണ് നീതിന്യായ സംവിധാനം. ഇതു സാധ്യമാകണമെങ്കില്‍ കോടതികളെ നിയന്ത്രിക്കുന്നവര്‍ അധികാരി വര്‍ഗത്തോട് കടപ്പാടില്ലാത്തവരും അവരുടെ സ്വാധീനങ്ങള്‍ക്ക് വഴങ്ങാത്തവരുമായിരിക്കണം. സ്വഭാവ ശുദ്ധിയും സത്യസന്ധതയും കറ പുരളാത്ത വ്യക്തിത്വവുമായിരിക്കണം ജഡ്ജിമാരുടെ നിയമനങ്ങളില്‍ പരിഗണിക്കേണ്ട ഘടകങ്ങള്‍. ഇതിന് നിരക്കാത്ത നീക്കങ്ങള്‍ ഭരണ തലങ്ങളില്‍ നിന്നുണ്ടാകുമ്പോള്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്.

ALSO READ  യു എസിന്റെ പിന്മടക്കവും അവശേഷിക്കുന്ന അഫ്ഗാനും