Connect with us

Eranakulam

കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ വാര്‍ഷിക പൊതുയോഗം ആഗസ്ത് 29 ന്‌

Published

|

Last Updated

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ വാര്‍ഷിക പൊതുയോഗം ആഗസ്റ്റ് 29 ന് നടക്കും. എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ രാവിലെ 11 ന് നടക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ഇടക്ക് നിന്നുപോയ എയര്‍ കേരള പദ്ധതി, വിമാനത്താവളത്തിലെ പുതിയ അന്താരാഷ്ട്ര ടെര്‍മിനലിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തല്‍, ഡയറക്ടര്‍ ബോര്‍ഡ് തീരുമാനമനുസരിച്ചുള്ള 18 ശതമാനം ലാഭവിഹിതം വിതരണത്തിനുള്ള പൊതുയോഗത്തിന്റെ അംഗീകാരം വാങ്ങല്‍, മറ്റ് വികസന പദ്ധതികള്‍ എന്നിവയാണ് പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുക.
കഴിഞ്ഞ വാര്‍ഷിക പൊതുയോഗത്തില്‍ അംഗീകരിച്ച അവകാശ ഓഹരി അനുസരിച്ചുള്ള തീരുമാനം ഇപ്പോഴും നടപ്പിലാക്കാന്‍ കഴിയാതെ വന്നത് വാര്‍ഷിക പൊതുയോഗത്തില്‍ ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട്. ഓഹരി ഉടമകള്‍ ഈ വിഷയം വീണ്ടും ശക്തമായി ഉന്നയിച്ചേക്കാം. ഡയറക്ടര്‍ ബോര്‍ഡിലെ ചില അംഗങ്ങളുടെ നിക്ഷിപ്ത താത്പര്യം മൂലമാണ് ഇത് നടപ്പിലാക്കാന്‍ കഴിയാതെ പോയതെന്ന് പരക്കെ ആക്ഷേപമുണ്ട്. ഒരു ഓഹരിക്ക് ഒന്ന് എന്ന അനുപാതത്തില്‍ പത്ത് രൂപ മുഖവിലക്ക് നിലവിലുള്ള ഓഹരിയുടമകള്‍ക്ക് അവകാശ ഓഹരി നല്‍കാനായിരുന്നു കഴിഞ്ഞ വാര്‍ഷിക പൊതുയോഗത്തില്‍ തീരുമാനിച്ചത്. കൂടുതല്‍ ഓഹരി ഉള്ളവര്‍ക്ക് പരമാവധി 2,000 ഓഹരി കൊടുത്താല്‍ മതിയെന്നും അന്ന് പൊതുയോഗം വ്യക്തമാക്കിയിരുന്നു. വിമാനത്താവളത്തിന്റെ ആരംഭ കാലഘട്ടത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള നിര്‍മാണത്തിന് സഹകരിച്ച് സഹായിച്ച ചെറുകിട ഓഹരി ഉടമകളെ സഹായിക്കുകയായിരുന്നു ഉദ്ദേശ്യം. നിലവിലുള്ള ഓഹരിക്ക് അനുപാതികമായി അവകാശ ഓഹരി നല്‍കണമെന്ന നിയമോപദേശം വിമാനത്താവള കമ്പനി അധികതര്‍ക്ക് ലഭിച്ചിട്ടും ഓഹരി വിതരണത്തില്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതില്‍ ചെറുകിട ഓഹരി ഉടമകളില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
2003-2004 സാമ്പത്തിക വര്‍ഷം മുതല്‍ ലാഭവിഹിതം നല്‍കുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ ഓഹരിയുടമകള്‍ക്ക് ഈ പ്രാവശ്യം 18 ശതമാനം ലാഭവിഹിതം നല്‍കാനാണ് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുള്ളത്. പൊതുയോഗത്തിന്റെ അംഗീകാരം ലഭിച്ചാല്‍ ഇത് ഉടന്‍ വിതരണം ചെയ്യും. ഇതുവരെ 114 ശതമാനം ലാഭ വിഹിതമായി വിമാനത്താവള കമ്പനി വിതരണം ചെയ്തിട്ടുണ്ട്. 2013-2014 സാമ്പത്തിക വര്‍ഷത്തില്‍ 361.36 കോടി വരുമാനം ഉണ്ടായിട്ടുണ്ട്. ഇതില്‍ ലാഭം 124.42 കോടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 17.9 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. യാത്രക്കാരിലും ചരക്ക് നീക്കത്തിലും വന്‍ വര്‍ധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇനിയും ലാഭം വര്‍ധിക്കാനാണ് സാധ്യത.