ഇത്തിഹാദ് പാലം 2018ല്‍ പൂര്‍ത്തിയാവുമെന്ന് ആര്‍ ടി എ

Posted on: July 23, 2014 9:25 pm | Last updated: July 23, 2014 at 9:25 pm

772267192ദുബൈ: ദേര ദുബൈയെയും ബര്‍ദുബൈയെയും ബന്ധിപ്പിക്കുന്ന അല്‍ ഇത്തിഹാദ് പാലം 2018ല്‍ പൂര്‍ത്തിയാവുമെന്ന് ആര്‍ ടി എ വ്യക്തമാക്കി. ഫ്‌ളോട്ടിംഗ് പാലത്തിന് പകരമായാണ് ദുബൈ ക്രീക്കിന് മുകളില്‍ ആര്‍ ടി എ ഇത്തിഹാദ് പാലം പണിയുന്നത്. ഇതിനൂള്ള കാരാര്‍ ഒക്ടോബറില്‍ ടെണ്ടര്‍ ചെയ്യാനാണ് ആര്‍ ടി എ ഒരുങ്ങുന്നത്. 110 കോടി ദിര്‍ഹത്തിനാണ് ഇത്തിഹാദ് പാലം നിര്‍മിക്കാന്‍ ആര്‍ ടി എ ടെണ്ടര്‍ നല്‍കുക. ഇതിനുള്ള നടപടികള്‍ ദുബൈയിലെ ആര്‍ ടി എ ആസ്ഥാനത്ത് ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്. 420 മീറ്റര്‍ നീളത്തിലാവും പാലം. നൂറു മീറ്റര്‍ ഉയരത്തില്‍ ഉരുക്കില്‍ കമാനവും പാലത്തിന് മുകളില്‍ പണിയും. ഇതിനെ ബര്‍ ദുബൈ ദിശയില്‍ അല്‍ റിയാദ് റോഡു വരെ വ്യാപിപ്പിക്കും.

ദേര ഭാഗത്ത് ദുബൈ ഷാര്‍ജ റോഡു വരെയും പാലത്തിന് നീളമുണ്ടാവും. പാലത്തില്‍ പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് സുഗമമായി ഷാര്‍ജക്കും അല്‍ റിയാദ് റോഡിലേക്കും പോകാന്‍ വേണ്ടിയാണിത്. 22 മീറ്റര്‍ മുതല്‍ 52 മീറ്റര്‍ വരെയാവും വിവിധ ഭാഗങ്ങളില്‍ പാലത്തിന്റെ വീതി. 2,700 മീറ്ററായിരിക്കും പാലത്തിന്റെയും റോഡിന്റെയും മൊത്തം നീളം. ക്രീക്കിന് മുകളില്‍ ഇരു ദിശയിലും ആറു ട്രാക്കുകള്‍ വീതമാവും സജ്ജമാക്കുക. ഇരു ഭാഗത്തും കാല്‍നട യാത്രക്കാര്‍ക്കായി ഫുട്പാത്തും നിര്‍മിക്കും.
അടിപ്പാത നിര്‍മാണം, റാമ്പുകള്‍, ഇന്റര്‍ചെയ്ഞ്ചുകള്‍, കട്ട് ആന്‍ഡ് കവര്‍ ടണലുകള്‍, റോഡ് പണി, യൂട്ടിലിറ്റി റീലൊക്കേഷന്‍സ്, പാലം ലൈറ്റ്‌നിംഗ്, ലാന്റ്‌സ്‌കേപ്പിംഗ്, ലാന്റ് റീക്ലെയിമിംഗ് തുടങ്ങിയവയും ടെണ്ടറില്‍ ഉള്‍പ്പെടുത്തും.കഴിഞ്ഞ ഫെബ്രുവരിയില്‍ 2014 വര്‍ഷത്തേക്കായി 700 കോടി ദിര്‍ഹത്തിന് മുകളില്‍ പദ്ധതികള്‍ക്കായി ആര്‍ ടി എ വിലയിരുത്തിയിരുന്നു. ഇതില്‍ ഉള്‍പ്പെടുന്ന മുഖ്യ പദ്ധതികളില്‍ ഒന്നാണ് പാലം നിര്‍മാണം. ഈ തുകയില്‍ 300.88 കോടി ദിര്‍ഹം നിലവിലെ റോഡുകളുടെ നവീകരണത്തിനും പുതിയ റോഡുകള്‍ക്കുമായാണ് ചെലവിടുക. ഇതിലാണ് ഇത്തിഹാദ് പാലം നിര്‍മാണവും ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2014ല്‍ ഒരുപാട് പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ആര്‍ ടി എക്ക് സാധിച്ചതാണ് പുതിയ പദ്ധതികള്‍ ഏറ്റെടുക്കാന്‍ ശക്തിപകരുന്നത്.
വന്‍ പദ്ധതികളില്‍ ഒന്നായ ദുബൈ ട്രാം സര്‍വീസ് ഈ വര്‍ഷം അവസാനിക്കാറാവുമ്പോഴേക്കും പൂര്‍ത്തിയാവും. 2014 ബജറ്റില്‍ 23.4 കോടി ദിര്‍ഹം ചെലവഴിക്കുന്നത് ഉള്‍നാടന്‍ റോഡുകളുടെ വികസനത്തിന് മാത്രമായാണ്. അല്‍ മക്തൂം പാലത്തിലെയും ഗര്‍ഹൂദ് പാലത്തിലെയും ഗതാഗതത്തിരക്കിന് പരിഹാരം കാണാന്‍ ലക്ഷ്യമിട്ട് 2007ലാണ് ദുബൈ ഭരണകൂടം ഫ്‌ളോട്ടിംഗ് പാലം പണിതത്.