Connect with us

Ongoing News

കെ എസ് ആര്‍ ടി സിയുടെ താത്പര്യം സംരക്ഷിക്കാന്‍ പുതിയ സ്‌കീം

Published

|

Last Updated

തിരുവനന്തപുരം: സ്വകാര്യ ബസുകള്‍ക്ക് സൂപ്പര്‍കഌസ് പെര്‍മിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കെ എസ് ആര്‍ ടി സിയുടെ താത്പര്യം സംരക്ഷിക്കാന്‍ കോര്‍പ്പറേഷന്‍ സി എം ഡിയോട് പുതിയ സ്‌കീം തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് ലഭ്യമാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇത് അടിസ്ഥാനമാക്കി സര്‍ക്കാര്‍ നിലപാടെടുക്കും. സ്വകാര്യ ബസുകളുടെ സൂപ്പര്‍കഌസ് പെര്‍മിറ്റ് വിഷയത്തില്‍ പെര്‍മിറ്റ് പുതുക്കി നല്‍കണമെന്ന് കക്ഷിഭേദമന്യേ എം എല്‍ എമാര്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കെ എസ് ആര്‍ ടി സിക്ക് ലഭ്യമാക്കാവുന്ന ബസുകളുടെയും സ്റ്റാഫിന്റെയും എണ്ണം റൂട്ടുകളുടെ സാമ്പത്തികവശം തുടങ്ങിയ പ്രസക്തമായ എല്ലാ ഘടകങ്ങളും കണക്കിലെടുത്താകും സ്‌കീം തയ്യാറാക്കുക. സൂപ്പര്‍കഌസ് പെര്‍മിറ്റ് സംബന്ധിച്ച് കെ എസ് ആര്‍ ടി സി എം ഡിയും ഗതാഗത വകുപ്പും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ല. ഫാസ്റ്റ് പാസഞ്ചര്‍ മുതല്‍ മുകളിലോട്ടുള്ള സൂപ്പര്‍കഌസ് സര്‍വീസുകള്‍ കെ എസ് ആര്‍ ടി സിക്കു മാത്രമായി നിജപ്പെടുത്താന്‍ 2009ല്‍ നടപടി തുടങ്ങിയതാണ്. കഴിഞ്ഞ സര്‍ക്കാറിന്റെ അവസാനകാലം വരെയും അതിനായി യാതൊരു നടപടിയുമെടുത്തിട്ടില്ല. ഈ സര്‍ക്കാര്‍ വന്നതിനു ശേഷമാണ് നടപടി സ്വീകരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്.
സ്വകാര്യ സ്‌റ്റേജ് കാര്യേജ് ഓപ്പറേറ്റര്‍മാര്‍ക്ക് താത്ക്കാലിക പെര്‍മിറ്റ് നല്‍കുന്നതിനായി 2014 ജൂലൈ 15ന് എസ് ടി എ സെക്രട്ടറിക്കും ആര്‍ ടി ഐകളുടെ സെക്രട്ടറിമാര്‍ക്കും നല്‍കിയ നിര്‍ദേശത്തില്‍ ഈ നടപടി ഒരു താത്ക്കാലിക നടപടി മാത്രമാണെന്നും സ്‌റ്റോപ്പ് ഗ്യാപ്പ് അറേഞ്ചുമെന്റാണെന്നും വ്യക്തമായി പറഞ്ഞിട്ടുണ്ട്. കെ എസ് ആര്‍ ടിസിയുടെ പെന്‍ഷന്‍ ബാധ്യതയുടെ പകുതി സര്‍ക്കാര്‍ വഹിച്ചാല്‍ മാത്രമെ പെന്‍ഷന്‍ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാവുകയുള്ളൂ. ഇക്കാര്യത്തില്‍ ധനകാര്യ വകുപ്പിന്റെ എതിര്‍പ്പ് നിലനില്‍ക്കുകയാണെന്നും മന്ത്രി അറിയിച്ചു.

Latest