സപ്ലൈകോയിലെ കേസുകള്‍ സി ബി ഐയെ ഏല്‍പ്പിക്കണമെന്ന് റേഷന്‍ ഡീലേഴ്‌സ് അസോ.

Posted on: July 23, 2014 1:03 am | Last updated: July 23, 2014 at 1:03 am

കോട്ടയം: സപ്ലൈകോയിലെ 31 കേസുകള്‍ സി ബി ഐയെ ഏല്‍പ്പിക്കണമെന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ ആവശ്യപ്പെട്ടു. ഈ കേസുകളില്‍ വിജിലന്‍സ് നടത്തിയ അന്വേഷണം പ്രഹസനമായിരുന്നു.
സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ ഇ-ടെന്‍ഡറിലും ലോക്കല്‍ പര്‍ച്ചേഴ്‌സിലും അങ്കണ്‍വാടികള്‍ക്കുള്ള ഭക്ഷ്യ ധാന്യ വിതരണത്തിലും വ്യാപക അഴിമതിയില്‍ പ്രതിഷേധം ഉയരുമ്പോള്‍ അന്വേഷണത്തിന് പ്രഖ്യാപനം നടത്തി അഴിമതിക്കാരെ സംരക്ഷിക്കുന്ന നടപടി അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ അങ്കണ്‍വാടികളില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യത്തില്‍ വ്യാപക തിരിമറിയാണു നടക്കുന്നത്. സപ്ലൈകോ ഉദ്യോഗസ്ഥരും അങ്കണ്‍വാടിയിലേക്കുള്ള വിതരണക്കാരും ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന മാഫിയാസംഘം കൂടിയ വിലക്കു സാധനം വാങ്ങുന്നതായി ബില്ല് ഉണ്ടാക്കുകയും കുറഞ്ഞ നിരക്കിലുള്ള ഭക്ഷ്യ വസ്തുക്കള്‍ അങ്കണ്‍വാടികള്‍ക്കു നല്‍കുകയുമാണ് ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സപ്ലൈകോയില്‍ പ്രതിവര്‍ഷം നടത്തുന്ന 500 കോടി രൂപയുടെ കമ്മീഷന്‍ ഇടപാടുകളെപറ്റി ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്നും ബേബിച്ചന്‍ മുക്കാടന്‍ ആവശ്യപ്പെട്ടു.