ഹയര്‍സെക്കന്‍ഡറി: 93 സ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്യും; അധികബാച്ച് അന്തിമ തീരുമാനമായില്ല

Posted on: July 23, 2014 12:31 am | Last updated: July 23, 2014 at 12:31 am

തിരുവനന്തപുരം: സംസ്ഥാനത്ത് 93 സ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗം തീരുമാനിച്ചു. 18 സര്‍ക്കാര്‍ സ്‌കൂളുകളും 78 എയ്ഡഡ് സ്‌കൂളുകളുമാണ് അപ്‌ഗ്രേഡ് ചെയ്യുന്നത്. അതേസമയം, അധിക ബാച്ച് അനുവദിക്കുന്ന കാര്യത്തില്‍ ഇന്നലെ രണ്ട് തവണ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിലും അന്തിമ തീരുമാനത്തിലെത്താനായില്ല.
അതേസമയം നേരത്തെ ധാരണയിലെത്തിയ സംസ്ഥാനത്തെ 134 പഞ്ചായത്തുകളില്‍ പുതിയ പ്ലസ്ടു സ്‌കൂളുകള്‍ അനുവദിക്കുന്നതിനും ഉപസമിതിയോഗം അനുമതി നല്‍കി. ഇതില്‍ 43 സര്‍ക്കാര്‍ സ്‌കൂളുകളും 88 എയ്ഡഡ് സ്‌കൂളുകളും ഉള്‍പ്പെടും. ഓരോ സ്‌കൂളുകളിലും രണ്ട് ബാച്ചുകള്‍ വീതമാണ് അനുവദിക്കുക. ഏറ്റവും കൂടുതല്‍ സ്‌കൂളുകള്‍ അനുവദിച്ചിരിക്കുന്നത് എറണാകുളം ജില്ലയിലാണ്. 25 സ്‌കൂളുകളാണ് എറണാകുളത്തുള്ളത്.
തത്വദീക്ഷയില്ലാതെ പ്ലസ്ടു ബാച്ചുകള്‍ അനുവദിക്കുന്നത് സര്‍ക്കാറിന് അധിക ബാധ്യതയാകുമെന്ന് ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ മന്ത്രി പി കെ അബ്ദുര്‍റബ്ബിന് കുറിപ്പ് നല്‍കിയിരുന്നു. ഒരു ബാച്ചിന് 70 ലക്ഷത്തോളം രൂപയുടെ പ്രാരംഭച്ചെലവുകള്‍ വേണം. 600 ബാച്ചുകള്‍ അനുവദിക്കുമ്പോള്‍ 400 കോടി രൂപയുടെ അധിക ബാധ്യതാണ് സര്‍ക്കാറിനുണ്ടാകുക. ഇത്തരത്തില്‍ അനുവദിക്കുന്ന വലിയൊരു ഭാഗം ബാച്ചുകളില്‍ മൂന്ന് വര്‍ഷത്തിന് ശേഷം കുട്ടികളില്ലാത്ത അവസ്ഥയും വരും. പൊതുവിദ്യാഭ്യാസ മേഖലയില്‍ 2009ന് ശേഷം അഞ്ച് ലക്ഷത്തോളം കുട്ടികളുടെ കുറവുണ്ടായിട്ടുണ്ടെന്നാണ് കണക്ക്. ഇത് ഹയര്‍സെക്കന്‍ഡറി മേഖലയിലും പ്രതിഫലിക്കും. ഒരു ബാച്ചില്‍ ചുരുങ്ങിയത് 25 വിദ്യാര്‍ഥികളെങ്കിലും ഇല്ലാത്തിടത്ത് പുതിയ ബാച്ച് അനുവദിക്കരുതെന്നും കുറിപ്പില്‍ നിര്‍ദേശിച്ചു. ഇന്നലെ രാവിലെ ചേര്‍ന്ന ഉപസമിതി യോഗത്തില്‍ ഇക്കാര്യങ്ങളും ചര്‍ച്ച ചെയ്തിരുന്നു.
ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് പ്ലസ് ടു ഇല്ലാത്ത 134 പഞ്ചായത്തുകളിലെ സ്‌കൂളുകളില്‍ ഓരോ പ്ലസ്ടു ബാച്ച് വീതം അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. എന്നാല്‍, ഏതൊക്കെ സ്‌കൂളുകളെയാണ് ഇത്തരത്തില്‍ അപ്‌ഗ്രേഡ് ചെയ്യേണ്ടത്, എവിടെയൊക്കെ എത്ര ബാച്ച് വേണം എന്നത് സംബന്ധിച്ച് മന്ത്രിസഭാ ഉപസമിതിയില്‍ രൂക്ഷമായ ഭിന്നത തുടരുകയാണ്.
90 ബാച്ചുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം തുടരുന്നത്. ഒരു ബാച്ച് അനുവദിച്ചാല്‍ മതിയെന്ന് ഒരുവിഭാഗം വാദിക്കുമ്പോള്‍ പ്രതിസന്ധി പരിഹരിക്കാന്‍ രണ്ട് ബാച്ചുകള്‍ വേണമെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ നിലപാട്. വടക്കന്‍ കേരളത്തില്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കുന്നുവെന്ന വാദവുമായി ചില മന്ത്രിമാര്‍ ഇത്തവണയും രംഗത്തെത്തി. ഓരോ മന്ത്രിമാരും തങ്ങളുടെ വാദങ്ങളില്‍ ഉറച്ചുനിന്നതോടെ അന്തിമതീരുമാനമെടുക്കാനായില്ല. പുതിയ പ്ലസ്ടു സ്‌കൂളുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുര്‍റബ്ബ് വ്യക്തമാക്കി. ബാച്ചുകള്‍ ഒഴിച്ച് മറ്റ് കാര്യങ്ങളില്‍ ധാരണയായി. മുഖ്യമന്ത്രിയായിരിക്കും അന്തിമ തീരുമാനം പ്രഖ്യാപിക്കുക. 600 ബാച്ചുകള്‍ക്കായി 800 ഓളം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.