ജൂനിയര്‍ ഡോക്ടര്‍മാര്‍ ഉപരിപഠനത്തിന് ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം താളം തെറ്റും

Posted on: July 23, 2014 12:30 am | Last updated: July 23, 2014 at 12:30 am

കണ്ണൂര്‍: പനിയും പകര്‍ച്ചവ്യാധിയും പടരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പില്‍ എഴുപതോളം ജൂനിയര്‍ ഡോക്ടര്‍മാര്‍ ഉപരിപഠനത്തിന്. അടുത്തമാസം മുതല്‍ ഇവര്‍ സര്‍വീസില്‍ നിന്നും പിന്‍വാങ്ങുന്നതോടെ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം താളംതെറ്റും. നഴ്‌സുമാരും പാരാമെഡിക്കല്‍ ജീവനക്കാരും അടക്കം ആയിരക്കണക്കിന് ഒഴിവുകളാണ് നിലവിലുള്ളത്. ഒഴിവ് നേരത്തേ തന്നെ ആരോഗ്യവകുപ്പ് പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2011 ജനുവരിയിലെ പി എസ് സി റാങ്ക് ലിസ്റ്റില്‍ നിന്ന് 1809 പേര്‍ക്ക് നിയമന ശിപാര്‍ശ ലഭിച്ചിരുന്നു.
നിയമന നടപടി പൂര്‍ത്തിയാകാതെ 2012 നവംബറില്‍ പരീക്ഷയില്ലാതെ, അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ റാങ്ക്‌ലിസ്റ്റ് തയാറാക്കിയെങ്കിലും നിയമന നടപടി ഇഴയുകയാണ്. കണ്ണൂര്‍, കാസര്‍കോട്, വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് കൂടുതല്‍ ഒഴിവുകളുള്ളത്. സീനിയര്‍ കണ്‍സള്‍ട്ടന്റ്, സിവില്‍ സര്‍ജന്‍, കണ്‍സള്‍ട്ടന്റ്, ചീഫ് കണ്‍സള്‍ട്ടന്റ്, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്.
തിരുവനന്തപുരം ജില്ലയില്‍ ഏഴ് ജൂനിയര്‍ കണ്‍സള്‍ട്ടന്റുകളുടെയും നാല് കണ്‍സള്‍ട്ടന്റ#ുകളുടെയും ഒരു സീനിയര്‍ കണ്‍സള്‍ട്ടന്റിന്റെയും 30 അസിസ്റ്റന്റ് സര്‍ജന്മാരുടെയും ഒഴിവുണ്ട്. കൊല്ലത്ത് 11 ജൂനിയര്‍ കണ്‍സള്‍ട്ടന്റുമാരുടെയും ഒരോ കണ്‍സള്‍ട്ടന്റ്, സീനിയര്‍ കണ്‍സള്‍ട്ടന്റ്, 10 അസിസ്റ്റന്റ് സര്‍ജന്‍മാരുടെയും എട്ട് സിവില്‍ സര്‍ജന്‍മാരുടെയും ഒഴിവുണ്ട്. പത്തനംതിട്ടയില്‍ ഒമ്പത് ജൂനിയര്‍ കണ്‍സള്‍ട്ടന്റുമാരുടെയും നാല് കണ്‍സള്‍ട്ടന്റുമാരുടെയും 10 അസിസ്റ്റന്റ് സര്‍ജന്‍മാരുടെയും നാല് സിവില്‍ സര്‍ജന്‍മാരുടെയും ഒഴിവുണ്ട്. ആലപ്പുഴയില്‍ 32 ഡോക്ടര്‍മാരുടെ ഒഴിവുണ്ട്. കോട്ടയത്ത് 30 ജൂനിയര്‍ കണ്‍സള്‍ട്ടന്റുമാരുടെയും എട്ട് കണ്‍സള്‍ട്ടന്റുമാരുടെയും ഏഴ് സീനിയര്‍ കണ്‍സള്‍ട്ടന്റുമാരുടെയും ഒരു സീനിയര്‍ കണ്‍സള്‍ട്ടന്റിന്റെയും 13 അസിസ്റ്റന്റ് സര്‍ജമാരുടെയും ആറ് സിവില്‍ സര്‍ജന്‍മാരുടെയും ഒഴിവുണ്ട്. എറണാകുളത്ത് 23 ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, എട്ട് കണ്‍സള്‍ട്ടന്റ്, രണ്ട് സീനിയര്‍ കണ്‍സള്‍ട്ടന്റ്, ഒരു ചീഫ് കണ്‍സള്‍ട്ടന്റ് 15 അസിസ്റ്റന്റ്് സര്‍ജന്‍മാരുടെയും 10 സിവില്‍ സര്‍ജന്‍മാരുടെയും രണ്ട് ഡെന്റല്‍ സര്‍ജന്‍മാരുടെയും ഒഴിവുണ്ട്.എറണാകുളം ജില്ലയിലെ ഒരു താലൂക്ക് ആശുപത്രിയില്‍ മാത്രം 15 പേരുടെ ഒഴിവുണ്ട്.
കണ്ണൂരില്‍ 31 ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, 21 കണ്‍സള്‍ട്ടന്റ്, ഓരോ സീനിയര്‍ കണ്‍സള്‍ട്ടന്റ്, ചീഫ് കണ്‍സള്‍ട്ടന്റ്, 16 അസിസ്റ്റന്റ് സര്‍ജന്‍, അഞ്ച് സിവില്‍ സര്‍ജന്‍, രണ്ട് ഡെന്റല്‍ അസിസ്റ്റന്റ് സര്‍ജന്‍ എന്നീ തസ്തികകള്‍ ഒഴിവാണ്. കാസര്‍കോട്ട് 16 ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, മൂന്ന് കണ്‍സള്‍ട്ടന്റ്, 23 അസിസ്റ്റന്റ് സര്‍ജന്‍, നാല് സിവില്‍ സര്‍ജന്‍ എന്നീ തസ്തികകളിലും ആളില്ല. പിന്നാക്ക ജില്ലയായ വയനാട്ടില്‍ മാത്രം 71 ഡോക്ടര്‍മാരുടെ ഒഴിവുണ്ട്. സീനിയര്‍ കണ്‍സള്‍ട്ടന്റ്, സിവില്‍ സര്‍ജന്‍, കണ്‍സള്‍ട്ടന്റ്, ചീഫ് കണ്‍സള്‍ട്ടന്റ്, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. മലപ്പുറത്ത് 14 ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, 10 കണ്‍സള്‍ട്ടന്റ്, മൂന്ന് സീനിയര്‍ കണ്‍സള്‍ട്ടന്റ്, ഒരു ചീഫ് കണ്‍സള്‍ട്ടന്റ്, 14 അസിസ്റ്റന്റ് സര്‍ജന്‍, രണ്ട് ഡെന്റല്‍ അസിസ്റ്റന്റ് സര്‍ജന്‍ എന്നിങ്ങനെയാണ് ഒഴിവ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രൊമോഷന്‍ നടപടികളും അനിശ്ചിതത്വത്തിലാണ്. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒഴിവ് നികത്തണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
മഴ കനത്തതോടെ ദിനംപ്രതി ആയിരത്തോളം പേരാണ് ഒ പി, ഐ പി വിഭാഗങ്ങളില്‍ ചികിത്സ തേടിയെത്തുന്നത്. ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതു കാരണം ഉള്ളവര്‍ക്ക് രാവും പകലും ജോലി ചെയ്യേണ്ട സ്ഥിതിയാണ്.