ഇസ്‌റാഈല്‍ സ്‌നിപ്പര്‍മാര്‍ ഗാസയില്‍ യുവാവിനെ കൊല്ലുന്ന ദൃശ്യം പുറത്ത്

Posted on: July 23, 2014 12:18 am | Last updated: July 23, 2014 at 12:18 am
gaza
ഇസ്‌റാഈല്‍ സ്‌നിപ്പര്‍മാരുടെ വെടിയേറ്റ് വീണ ഫലസ്തീന്‍ യുവാവ്‌

ഗാസ സിറ്റി: ഇസ്‌റാഈലി സൈന്യത്തിന്റെ ക്രൂരതയുടെ നേര്‍പരിച്ഛേദമായി മാറിയിരിക്കുകയാണ് ഫലസ്തീന്‍ ഇന്റര്‍നാഷനല്‍ സോളിഡാരിറ്റി മൂവ്‌മെന്റ് പുറത്തുവിട്ട വീഡിയോദൃശ്യങ്ങള്‍. ഗാസ സിറ്റിക്ക് സമീപമുള്ള ശിജാഇയ്യയില്‍ #ഇസ്‌റാഈല്‍ സൈന്യത്തിന്റെ ഭ്രാന്ത് പിടിച്ച ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തില്‍ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോ അതോ അവസാന രക്ഷക്കായി കേഴുന്നുണ്ടോയെന്ന് അറിയാനായി തിരച്ചില്‍ നടത്തുകയായിരുന്ന ഫലസ്തീന്‍ യുവാവിനെ ഇസ്‌റാഈലി ഒളിസൈനികര്‍ അതിക്രൂരമായി വെടിവെച്ചു കൊല്ലുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ആദ്യം വെടിയേറ്റ് വീണ യുവാവ്, രക്ഷക്കായി കേണ് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും വെടിവെച്ച് കൊല്ലുകയായിരുന്നു ഇസ്‌റാഈല്‍ സൈനികര്‍.
ഇസ്‌റാഈലിന്റെ ആക്രമണത്തില്‍ ശവപ്പറമ്പായിരുന്ന ശിജാഇയ്യയില്‍ സന്നദ്ധ പ്രവര്‍ത്തനത്തിനെത്തിയതായിരുന്നു സംഘടനയെന്ന് അംഗമായ മുഹമ്മദ് അബ്ദുല്ല പറയുന്നു. ‘ഇസ്‌റാഈലീ സ്‌നിപ്പര്‍മാരുടെ തോക്കിനിരയായ യുവാവിനെ കണ്ടുമുട്ടുകയും കുടുംബത്തെ അന്വേഷിക്കുകയാണെന്ന വിവരം അറിയുകയും ചെയ്തു. തുടര്‍ന്ന് സഹായിക്കാനും മറ്റുമായി ഇദ്ദേഹത്തൊടൊപ്പം സന്നദ്ധ പ്രവര്‍ത്തകര്‍ ചേര്‍ന്നു. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ കുന്നുകൂടിയിരിക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ പെട്ടെന്ന് വെടിയൊച്ച കേട്ടു. ആദ്യ വെടിവെപ്പില്‍ ആര്‍ക്കും പരുക്കേറ്റില്ലെങ്കിലും രണ്ടാമത്തെ വെടിവെപ്പില്‍ പച്ച ടീ ഷര്‍ട്ട് ധരിച്ച ആ യുവാവിന് വെടിയേറ്റു. ഊരക്ക് വെടിയേറ്റതിനെ തുടര്‍ന്ന് അദ്ദേഹം വീണു. എഴുന്നേല്‍ക്കാന്‍ കഴിയുമോയെന്ന് അദ്ദേഹത്തോട് വിളിച്ചു ചോദിച്ചു. അങ്ങനെയാണെങ്കില്‍ നിലത്ത് ഉരുണ്ടെങ്കിലും മറ്റൊരു സ്ഥലത്തേക്ക് എത്താമായിരുന്നു. എന്നാല്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്‌നിപ്പര്‍മാര്‍ തങ്ങളെയും ലക്ഷ്യം വെക്കുമോയെന്ന ഭയത്താല്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അദ്ദേഹത്തിന്റെ അടുക്കലെത്താന്‍ സാധിച്ചില്ല. തൊട്ടടുത്ത നിമിഷം വീണ്ടും സ്‌നിപ്പര്‍മാര്‍ അദ്ദേഹത്തിന് നേരെ വെടിവെച്ചു. വെടിയുണ്ട അദ്ദേഹത്തിന്റെ നെഞ്ചിലോ സമീപ ഭാഗങ്ങളിലോ ആണ് ഏറ്റതെന്ന് മുഹമ്മദ് അബ്ദുല്ല പറഞ്ഞു. അദ്ദേഹത്തിന്റെ മരണ നിമിഷം ഉള്‍ക്കിടിലത്തോടെ മാത്രമേ ഓര്‍ക്കാന്‍ സാധിക്കുകയുള്ളൂവെന്ന് മുഹമ്മദ് അബ്ദുല്ല പറയുന്നു.