Connect with us

Articles

ഈ നിസ്സംഗത അപകടകരം, അപലപനീയം

Published

|

Last Updated

ഗാസക്കും ഫലസ്തീനിനും മേല്‍ ദുരന്തങ്ങളുടെ പെരുമഴ പെയ്യിച്ചുകൊണ്ട് ഇസ്‌റാഈലിന്റെ ആക്രമണം തുടരുകയാണ്. ഓപറേഷന്‍ പ്രൊട്ടക്ടീവ് എഡ്ജ് എന്ന പേരില്‍ ജൂലൈ എട്ടിന് ഇസ്‌റാഈല്‍ സൈന്യം ഗാസയില്‍ ആരംഭിച്ച സൈനിക നടപടി കൈക്കുഞ്ഞുങ്ങളും കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവരെ ചുട്ടെരിച്ചുകൊണ്ട് നിര്‍ബാധം മുന്നേറുകയാണ്. ഈ കൂട്ടക്കൊലകള്‍ക്കെതിരെ കടുത്ത അന്താരാഷ്ട്ര സമ്മര്‍ദം ഉയര്‍ന്നിട്ടും അതിനെ അവഗണിച്ച് മുന്നോട്ടു പോകാനുള്ള ഇസ്‌റാഈലി സര്‍ക്കാറിന്റെ തിരുമാനം മധ്യപൂര്‍വ മേഖലയില്‍ മാത്രമല്ല ലോക സമൂഹത്തില്‍ തന്നെ ദൂരവ്യാപകമായ പ്രത്യഘാതം ഉളവാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
കഴിഞ്ഞ ജൂണ്‍ മാസത്തില്‍ മൂന്ന് ഇസ്‌റാഈലി ആണ്‍കുട്ടികളെ ഫലസ്തീന്‍ തീവ്രവാദി സംഘടനയായ ഹമാസ് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി എന്ന് ആരോപിച്ചു കൊണ്ടാണ് ജൂലൈ ഏട്ടിന് മുതല്‍ ഗാസക്ക് മുകളില്‍ ഇസ്‌റാഈല്‍ തീമഴ പെയ്യിക്കാന്‍ തുടങ്ങിയത്. പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ള ഏതാണ്ട് 500 ഓളം പേരാണ് ഈ നരനായാട്ടില്‍ അരും കൊല ചെയ്യപ്പെട്ടതെന്നാണ് ഇതുവരെയുള്ള കണക്ക്.
നിരാലംബരും നിരായുധരുമായ മനുഷ്യരെ നിഷ്‌കരുണം കൂട്ടക്കൊല ചെയ്യുന്നത് ഏത് പ്രതിരോധത്തിന്റെ പേരിലായാലും പരിഷ്‌കൃത ലോകത്തിന് അംഗീകരിക്കാന്‍ കഴിയില്ല. ഹമാസിനെ അടിച്ചമര്‍ത്താനെന്ന പേരില്‍ തുടരുന്ന ഈ നരനായാട്ട് ഐക്യ രാഷ്ട്ര സഭ ഇടപെട്ട് അവസാനിപ്പിക്കുകയും സമാധാനം പുനഃസ്ഥാപിക്കുകയും വേണം.
ഇതിന് ഐക്യരാഷ്ട്ര സംഘടനയെ പ്രേരിപ്പിക്കാനുള്ള ഉത്തരവാദിത്വവും ബാധ്യതയും ഇന്ത്യയടക്കമുള്ള ലോകത്തിലെ എല്ലാ രാജ്യങ്ങള്‍ക്കമുണ്ട്. ഗാസക്ക് മേല്‍ ഇസ്‌റാഈല്‍ അഴിച്ചുവിടുന്ന നിഷ്ഠൂരമായ ആക്രമണത്തെ അപലപിക്കാന്‍ മടിക്കുന്നവര്‍ സമാധാനത്തിന്റെ ശത്രുക്കളാണെന്ന് പറയേണ്ടിവരും.
ഇവിടെയാണ് ഇന്ത്യ പോലുള്ള രാജ്യം ഇതിന് മുന്‍കൈ എടുക്കണമെന്നാവശ്യപ്പെടുന്നതിന്റെ പൊരുള്‍. ആക്രമം അപരിഷ്‌കൃത്വത്തിന്റെ അങ്ങേയറ്റമാണെന്ന് പറയുകയും പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്ന ഒരു മഹാത്മാവ് ജീവിച്ചിരുന്ന മണ്ണാണിത്. അദ്ദേഹം കാണിച്ചു തന്ന പാതയിലൂടെ മുന്‍പോട്ട് പോയാണ് ഈ നാട് ബ്രിട്ടീഷ് നുകത്തില്‍ നിന്ന് സ്വാതന്ത്യം നേടിയതും. ഫലസ്തീനിന്റെ സ്വാതന്ത്ര്യ പോരാട്ടത്തെ ദശാബ്ദങ്ങളായി നാം അംഗീകരിക്കുകയും അതിന് ധാര്‍മികമായ പിന്തുണ നല്‍കിവരികയും ചെയ്തിരുന്നു. ഒരുപക്ഷേ, ഫലസ്തീന്‍ ജനത ഏറെ നന്ദിയോടെ ഓര്‍ക്കുന്ന പേരായിരിക്കും ഇന്ത്യയുടെത്. അവരുടെ സമരനായകനായിരുന്ന യാസര്‍ അറഫാത്തിന് ഇന്ത്യ സ്വന്തം വീട് പോലെയായിരുന്നു. രാഷ്ട്രശില്‍പ്പി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും രാജ്യം കണ്ട ഏറ്റവും കരുത്തയായ നേതാവ് ഇന്ദിരാ ഗാന്ധിയും ഫലസ്തീന്‍ സ്വാതന്ത്ര്യ പോരാട്ടത്തിന് നല്‍കിയ പിന്തുണ അകമഴിഞ്ഞതും കരുത്തുറ്റതുമായിരുന്നു. ഫലസ്തീനിന്റെ സ്വതന്ത്രാസ്തിത്വത്തെ അംഗീകരിച്ച ആദ്യ അറബ് ഇതര രാജ്യമാണ് ഇന്ത്യ. മാത്രമല്ല യാസര്‍ അറഫാത്തിന്റെ ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ ഓഫീസ് ഡല്‍ഹിയില്‍ തുറക്കാന്‍ 1975ല്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി അനുമതി നല്‍കുകയും 1980ല്‍ അവര്‍ തന്നെ മുന്‍കൈ എടുത്ത് ഫലസ്തീന്‍-ഇന്ത്യ നയതന്ത്ര ബന്ധങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഫലസ്തീന്‍ ജനതക്കൊപ്പമായിരുന്നു എന്നും ഇന്ത്യന്‍ മനഃസാക്ഷി. ലോകം മടിച്ചു നിന്നപ്പോള്‍ അവര്‍ക്ക് വേണ്ടി ഉയര്‍ന്ന നാവ് നമ്മുടെ രാഷ്ട്രത്തിന്റെതായിരുന്നു. മഹത്തായ ഈ പാരമ്പര്യത്തില്‍ നിന്നുള്ള ചെറിയ പിന്‍മാറ്റം പോലും അന്താരാഷ്ട്ര രംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതകങ്ങള്‍ സൃഷ്ടിക്കും.
ഗാസയിലെ നിരപരാധികളെ കൊന്നൊടുക്കുന്ന ഇസ്‌റാഈല്‍ ക്രൂരത അവസാനിപ്പിച്ചേ മതിയാകൂ. ഇതിന് ഇസ്‌റാഈലിനെ പ്രേരിപ്പിക്കേണ്ട ബാധ്യതയില്‍ നിന്ന് ഐക്യരാഷ്ട്ര സഭക്കും അമേരിക്കയടക്കമുള്ള വന്‍ ശക്തികള്‍ക്കും ഒഴിഞ്ഞു മാറാനാകില്ല. കൂട്ടക്കൊലകളാരംഭിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് ഇടപെട്ടുകളയാം എന്ന തോന്നല്‍ ഐക്യരാഷ്ട്ര സംഘടനക്കുണ്ടായതെന്നത് ആശ്ചര്യം ജനിപ്പിക്കുന്നു. മറ്റ് പല ലോകരാഷ്ട്രങ്ങളും നിശ്ശബ്ദത തുടരുന്നത് നമ്മെ അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു. നിരായുധരായ ജനതയുടെ അതും പിഞ്ചുകുഞ്ഞങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ മേല്‍ വിനാശകാരിയായ ആത്യന്താധുനികായുധങ്ങള്‍ നിര്‍ലോഭം വര്‍ഷിക്കുന്നത് ഒരു രാഷ്ട്രമെന്ന നിലയില്‍ ഇസ്‌റാഈലിന്റെ അന്തസ്സിന് ചേര്‍ന്നതല്ല. നിസ്സഹായരായ മനുഷ്യരെ കൊന്നൊടുക്കുന്നത് ധീരതയല്ല; ഭീരുത്വമാണ്. ഹമാസിന്റെ പ്രവര്‍ത്തനരീതിയോട് നമുക്ക് വിയോജിക്കാം. എന്നാല്‍ അവരെ ഇല്ലാതാക്കുന്നതിന്റെ പേരില്‍ നിരപരാധികളായ നൂറുക്കണക്കിന് മനുഷ്യരെ കശാപ്പ് ചെയ്യുന്നത് അതിനേക്കാള്‍ അപലപനീയമാണ്.
ഇസ്‌ലാമിക സമൂഹം ഏറ്റവും വിശുദ്ധമായി കരുതുന്ന റമസാന്‍ മാസത്തില്‍ വ്രതശുദ്ധിയുമായി ദിനരാത്രങ്ങള്‍ കഴിക്കുന്ന ഒരു ജനതയുടെ മേല്‍ ദാക്ഷണ്യരഹിതമായി ആയുധങ്ങള്‍ വര്‍ഷിക്കുന്നതും അവരെ കൊന്നൊടുക്കുന്നതും പൈശാചികമാണെന്ന് പറയാതെ വയ്യ. പക്ഷേ നേരത്തെ സൂചിപ്പിച്ച പോലെ ലോക രാഷ്ട്രങ്ങള്‍ പുലര്‍ത്തുന്ന മൗനവും നിസ്സംഗതയും അപകടകരമാണെന്നും തുറന്നു പറയേണ്ടതുണ്ട്. ഈ മൗനത്തിനും നിസ്സംഗതക്കുമൊപ്പം ഇന്ത്യയും സഞ്ചരിക്കുന്നത് നമ്മള്‍ പരമ്പരാഗതമായി കാത്തു സൂക്ഷിക്കുന്ന എല്ലാ മൂല്യങ്ങളുടെയും നിരാസം കൂടിയാണെന്ന് നിസ്സംശയം പറയാം.
ഗാസയിലെ കൂട്ടക്കൊലകള്‍ അവസാനിപ്പിച്ച് സമാധാനം കൈവരുത്താന്‍ ഓരോ നിമിഷം വൈകുന്തോറും സ്ഥിതിഗതികള്‍ സങ്കീര്‍ണമാകുകയാണ്. അടുത്ത കാലത്തായി മധ്യേപൂര്‍വ പ്രദേശങ്ങള്‍ അതി ഗുരുതരമായ അവസ്ഥാ വിശേഷങ്ങളിലൂടെ കടന്നു പോകുകയാണ്. ഗാസക്ക് മേല്‍ ഇസ്‌റാഈല്‍ അഴിച്ചു വിടുന്ന ആക്രമണങ്ങള്‍ ഈ പ്രതിസന്ധിയെ കൂടുതല്‍ രൂക്ഷമാക്കാന്‍ മാത്രമേ ഉതകൂ. മധ്യപൂര്‍വ മേഖലയെ (മിഡില്‍ ഈസ്റ്റ്) ബാധിക്കുന്ന എല്ലാ പ്രതിസന്ധികളും നാളെ ലോകത്തിന് മുന്നിലുള്ള വെല്ലുവിളികളായി മാറും. അതുകൊണ്ട് ഗാസയിലെ ഇസ്‌റാഈല്‍ ആക്രമണങ്ങള്‍ അവസാനിപ്പിച്ച്, സമാധാനം പുനഃസ്ഥാപിക്കേണ്ടത് ലോക രാഷ്ട്രങ്ങളുടെ ചുമതലയും ഉത്തരവാദിത്വവുമായി മാറുകയാണ്. ഇത് അവര്‍ നിറവേറ്റിയില്ലങ്കില്‍ സമാധാന ലോകം എന്ന സങ്കല്‍പ്പത്തിന്റെ അസ്ഥിവാരമാണ് തകരാന്‍ പോകുന്നത്.
രാഷ്ട്രതന്ത്രത്തിന്റെ ഏത് അളവ് കോല്‍ വെച്ച് നോക്കിയാലും ഗാസയിലെ ഇസ്‌റാഈല്‍ നടപടിയെ നമുക്ക് അനുകൂലിക്കാന്‍ കഴിയില്ല. കാരണം ലോകത്തിലെ ഒരു പ്രശ്‌നവും പ്രതിസന്ധിയും അക്രമങ്ങള്‍ വഴി പരിഹരിച്ചിട്ടില്ല. മറിച്ച് രക്തരൂക്ഷിതമായ അക്രമണങ്ങളും പ്രത്യാക്രമണങ്ങളും രാഷ്ട്രങ്ങളെയും സമൂഹങ്ങളെയും അവസാനിക്കാത്ത ദുരന്തങ്ങളിലേക്കും ദുരിതങ്ങളിലേക്കും തള്ളിവിടുകയാണ് ചെയ്തിട്ടുള്ളത്.
ലോകം കൂടുതല്‍, കൂടുതല്‍ ആധുനികവത്കരിക്കപ്പെടുന്തോറും മനുഷ്യമനസ്സുകള്‍ മൃഗീയമായി മാറുന്നു എന്നതിന്റെ തെളിവാണ് ഇത്തരം സംഘര്‍ഷങ്ങളും യുദ്ധങ്ങളും. വന്‍ ശക്തികളുടെ ആയുധക്കൂമ്പാരത്തിന് വിപണി കണ്ടെത്താനുള്ള വ്യഗ്രതകള്‍ക്കിടയില്‍ ചതഞ്ഞരഞ്ഞ് തീരുന്ന നിരപരാധികളായ മനുഷ്യര്‍ നമുക്ക് ഭീതിജനകമായ കാഴ്ചയായി തീരുന്നു. ഗാസയിലെ യുദ്ധത്തിന്റെ ചിത്രങ്ങളുമായി പുറത്തിറങ്ങുന്ന വാര്‍ത്താ മാധ്യമങ്ങള്‍ മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നു. ചിതറിത്തെറിച്ച പിഞ്ചു കുഞ്ഞുങ്ങളുടെ ശരീരത്തിന് മുകളില്‍, അലമുറയിടുന്ന അമ്മമാരുടെ കണ്ണീര്‍ കണങ്ങള്‍ക്ക് മുകളില്‍ ഏത് സാമ്രാജ്യം സ്ഥാപിച്ചാലും അത് ശാശ്വതമാകില്ലന്ന് ആക്രമണത്തിന്റെയും കൂട്ടക്കൊലകളുടെയും വക്താക്കള്‍ മനസ്സിലാക്കണം.
ഇത് ലോക മനഃസാക്ഷി ഉണരേണ്ട സമയമാണ്. മനുഷ്യസമൂഹം ഒന്നിച്ചു നിന്ന് ഈ കൂട്ടക്കൊലക്കാര്‍ക്കെതിരെ പ്രതികരിക്കണം. സമാധാനത്തിന് പകരം വെക്കാന്‍ ലോകത്തില്‍ മറ്റൊന്നുമില്ല. മറ്റേത് സമൂഹത്തെയും പോലെ പലസ്തീനികള്‍ക്കും അതിന് അവകാശമുണ്ട്. ആ അവകാശത്തെ നിഷേധിക്കാന്‍ ലോകത്തൊരു ശക്തിക്കും അവകാശമില്ല. ഇസ്‌റാഈല്‍ പൗരന്‍മാരുടെ മേല്‍ ഹമാസിനെപ്പോലുള്ള സംഘടനകള്‍ നടത്തുന്നതായി പറയുന്ന ആക്രമണങ്ങളെ ന്യായീകരിക്കാനുള്ള ശ്രമമല്ലിത്. ആക്രമണോത്സുകത ഏത് ഭാഗത്ത് നിന്നായാലും അതിനെ ഉള്‍ക്കൊള്ളുക സാധ്യമല്ല.
പക്ഷേ, അടിയന്തരമായി ചെയ്യേണ്ടത് ഇസ്‌റാഈല്‍ ആക്രമണം അവസാനിപ്പിക്കുകയും സമാധാനം പുനഃസ്ഥാപിക്കുകയുമാണ്. മൂന്ന് ഇസ്‌റാഈലി യുവാക്കളെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതിന്റെ പേരിലാണല്ലോ ഈ കൊടും ക്രൂരതകള്‍ അരങ്ങേറുന്നത്. മൂന്ന് പേരുടെ ജീവന്‍ നഷ്ടപ്പെട്ടതിന് മൂന്നൂറ് പേരുടെ ജീവനെടുത്ത് പരിഹാരം കണ്ടെത്താമെന്ന് കരുതുന്നത് മധ്യകാല രീതിയാണ്. ആധുനിക ലോകത്ത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാട്ടുനീതി കൂടിയാണിത്. ഈ മാനസികാവസ്ഥയെ ചെറുത്തുതോല്‍പ്പിക്കുന്നതിനുള്ള ഉത്തരവാദിത്വം സമാധാനം ആഗ്രഹിക്കുന്ന ലോകത്തെ എല്ലാ മനുഷ്യര്‍ക്കുമുള്ളതാണ്.