മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് കര്‍ണാടക മുഖ്യമന്ത്രി

Posted on: July 22, 2014 10:21 pm | Last updated: July 23, 2014 at 12:22 am

ndamj_Karnata_1137635gബംഗളൂരു: ആറ് വയസ്സുകാരിയെ സ്‌കൂളില്‍ ക്രൂരമായ പീഡനത്തിരയാക്കിയ സംഭവത്തില്‍ പ്രതിഷേധം വ്യാപിക്കെ, ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തില്‍ നിന്ന് കര്‍ണാടക മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയത് മറ്റൊരു വിവാദത്തിന് തിരികൊളുത്തി. ഇത് സംബന്ധിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട്, നിങ്ങള്‍ക്ക് റിപോര്‍ട്ട് ചെയ്യാന്‍ പറ്റുന്ന വാര്‍ത്ത ഇതല്ലാതെ മറ്റൊന്നുമില്ലേയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഈ വാര്‍ത്ത മാത്രമേ നിങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ഉള്ളു. സാധ്യമായതൊക്കെ ഇപ്പോള്‍ ചെയ്യുന്നുണ്ട്. വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു. ഗുണ്ടാ ആക്ട് നടപ്പാക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അതിനും തയ്യാറാണ്. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ബി ജെ പി രാഷ്ട്രീയവത്കരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്‌കൂളില്‍ നടന്ന പീഡനത്തില്‍ പ്രതിഷേധിച്ച് ബി ജെ പി ബംഗളൂരു നഗരത്തില്‍ കഴിഞ്ഞ ദിവസം പ്രകടനം നടത്തിയിരുന്നു. മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യഡിയൂരപ്പ, ബി ജെ പി നേതാവ് പ്രഹഌദ് ജോഷി ഉള്‍പ്പെടെ നേതാക്കളും റാലിയില്‍ പങ്കെടുത്തിരുന്നു. കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രോഷകുലരായ രക്ഷിതാക്കള്‍ സ്‌കുള്‍ തല്ലിത്തകര്‍ത്തിരുന്നു. സ്‌കൂള്‍ അധികൃതരില്‍ നിന്നുള്ള വിശദീകരണം ആവശ്യപ്പെട്ടായിരുന്നു രക്ഷിതാക്കളുടെ രോഷപ്രകടനം. അടിയന്തരമായി ഇത് സംബന്ധിച്ച് സ്‌കൂള്‍ അധികൃതര്‍ ബന്ധപ്പെട്ടവരെ അറിയിച്ചില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.