മെട്രോ റെയിലില്‍ പൊട്ടിയ ടയര്‍: ഗതാഗതം താറുമാറായി

Posted on: July 22, 2014 9:29 pm | Last updated: July 22, 2014 at 9:29 pm

416823375ദുബൈ: മെട്രോ റെയിലില്‍ ലോറിയുടെ ടയര്‍ പൊട്ടിത്തെറിച്ച് വീണത് സര്‍വീസുകള്‍ താറുമാറാക്കി. ലോറിയും മറ്റൊരു വാഹനവും കൂട്ടിയിടിച്ചതാണ് ടയര്‍ ട്രാക്കില്‍ വീഴാന്‍ ഇടയാക്കിയത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. ചുകപ്പ് പാതയില്‍ ഇബ്‌നുബത്തൂത്ത സ്റ്റേഷനും ജബല്‍ അലിക്കുമിടയില്‍ മേല്‍പ്പാലത്തോട് കൂടിയ ഇന്റര്‍സെക്ഷനിലൂടെ കടന്നു പോയ ലോറിയുടെ ടയറാണ് പൊട്ടിത്തെറിച്ച് മെട്രോ ട്രാക്കില്‍ വീണതെന്ന് ആര്‍ ടി എ വ്യക്തമാക്കി. ഇതോടെ ഈ രണ്ടു സ്‌റ്റേഷനുകള്‍ക്കും ഇടയില്‍ ഗതാഗതം താറുമാറാവുകയായിരുന്നു. റോഡ് അപകടത്തെ തുടര്‍ന്നാണ് സര്‍വീസ് തടസപ്പെട്ടതെന്ന് ആര്‍ ടി എ നിരവധി ട്വിറ്റര്‍ സന്ദേശങ്ങളിലൂടെ പൊതുജനങ്ങളെ അറിയിച്ചിരുന്നു. ഈ മേഖലയില്‍ ഇരു ദിശയിലേക്കുമുളള സര്‍വീസുകളാണ് തടസപ്പെട്ടത്. എനര്‍ജി, ഡാന്യൂബ് തുടങ്ങിയ സ്റ്റേഷനുകളിലും ഇതുമൂലം യാത്രക്കാര്‍ക്ക് മെട്രോയില്‍ കയറാന്‍ സാധിച്ചില്ല.

തടസം നേരിട്ട സ്‌റ്റേഷനുകള്‍ക്കിടയില്‍ യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ആര്‍ ടി എ കൂടുതല്‍ ഷട്ടില്‍ ബസ് സര്‍വീസുകളും ടാക്‌സികളും ഏര്‍പ്പെടുത്തിയിരുന്നു. ചുവപ്പ് പാതയിലെ ജബല്‍ അലിയിലെ അവസാന സ്‌റ്റേഷനിലും ഇതുമൂലം സര്‍വീസുണ്ടായിരുന്നില്ല. റാശിദിയയില്‍ നിന്നു നഖീല്‍ ഹാര്‍ബര്‍ സ്‌റ്റേഷന്‍ വരെയായിരുന്നു മെട്രോ ഇതേ തുടര്‍ന്ന് സര്‍വീസ് നടത്തിയത്. സാങ്കേതികസുരക്ഷാ കാരണങ്ങളാല്‍ ദീര്‍ഘ നേരത്തെ പരിശോധനക്കും മറ്റും ശേഷം ഇന്നു മാത്രമേ ഈ മേഖലയില്‍ സര്‍വീസ് പുനരാരംഭിക്കൂവെന്നും ആര്‍ ടി എ ഓപ്പറേഷന്‍സ് ഡയറക്ടര്‍ മുഹമ്മദ് യൂസുഫ് അല്‍ മുദറബ് വ്യക്തമാക്കി.