ത്രിവര്‍ണ പതാകക്ക് 67 വയസ്സ്

Posted on: July 22, 2014 10:57 am | Last updated: July 22, 2014 at 10:58 am

nationa flagന്യൂഡല്‍ഹി: രാജ്യ സ്‌നേഹിയായ ഓരോ ഭാരതീയനും നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന നമ്മുടെ ത്രിവര്‍ണ പതാകക്ക് ഇന്ന് 67 വയസ്സ് തികയുന്നു. 1947 ജൂലൈ 22ന് കൂടിയ ഭരണഘടനാ സമിതിയുടെ പ്രത്യേക സമ്മേളനമാണ് ഇന്ത്യയുടെ ദേശീയ പതാക ഇന്നുള്ള രൂപത്തില്‍ അംഗീകരിച്ചത്. സ്വാതന്ത്ര്യ സമര സേനാനിയും മികച്ച ഡിസൈനറുമായ പിങ്കാളി വെങ്കയ്യയാണ് ത്രിവര്‍ണ പതാകയുടെ രൂപകല്‍പന നിര്‍വ്വഹിച്ചത്.

സ്വയം ഭരണ ഇന്ത്യയുടെ ദേശീയ പതാകയായി 1947 ഓഗസ്റ്റ് 15മുതല്‍ 1950 ജനുവരി 26 വരെയും അതിന് ശേഷം സ്വതന്ത്ര ഇന്ത്യയുടെ ദേശീയ പതാകയായും പിന്നീട് ത്രിവര്‍ണ്ണ പതാക മാറി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പതാകയില്‍ ചില മാറ്റങ്ങള്‍ വരുത്തിയതാണ് ഇന്ന് നാം കാണുന്ന ദേശീയ പതാക. ത്രിവര്‍ണ പതാകയിലെ കുങ്കുമം ത്യാഗത്തിന്റേയും വെളുപ്പ് സമാധാനത്തിന്റേയും പച്ച പ്രകൃതിയുടേയും ചക്രം നീതിയുടേയും പ്രതീകങ്ങളാണ്.

ത്രിവര്‍ണ പതാകയുടെ നിറം, നിര്‍മ്മാണം, പ്രദര്‍ശനം, വലിപ്പം, അനുപാതം എന്നിവയില്‍ കര്‍ശനമായ നിയമങ്ങളാണ് നില നില്‍ക്കുന്നത്. പതാകയുടെ കൈകാര്യത്തില്‍ വരുത്തുന്ന വീഴ്ച പിഴവോ തടവോ ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യമാണ്. 2002വരെ ത്രിവര്‍ണ പതാക പൊതു ജനങ്ങള്‍ക്ക് നിശ്ചിത ദിവസങ്ങളിലൊഴികെ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കുണ്ടായിരുന്നു. നവീന്‍ ജിന്റാല്‍ എന്ന വ്യവസായി ഇതിനെതിരെ നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് പതാകയുടെ അന്തസ്സിന് കോട്ടം തട്ടാത്ത വിധത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി ലഭിച്ചത്. പതാകയുടെ കൈകാര്യങ്ങള്‍ക്കായി ഇന്ത്യന്‍ പതാക നിയമം എന്നപേരില്‍ പ്രത്യേക നിയമവും പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്.