എസ് എസ് സി ചോദിക്കുന്നു: ഉയരം കൂടിയ ബോളിവുഡ് നടി ആര്?

Posted on: July 22, 2014 7:53 am | Last updated: July 22, 2014 at 8:05 am

sscന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിലെ ഉന്നത തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന എസ് എസ് സി കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് തല പരീക്ഷയിലെ ചോദ്യം വിവാദമായി. ഏറ്റവും ഉയരം കൂടിയ ബോളിവുഡ് നടി ആര്? എന്ന ചോദ്യമാണ് വിവാദമായത്. റീസണിംഗ് വിഭാഗത്തിലെ എല്ലാ സ്ത്രീകളും പൂച്ചകളും എല്ലാ പൂച്ചകളും എലികളും ആണെങ്കില്‍….. എന്നു തുടങ്ങുന്ന ചോദ്യവും വിവാദമായി. ഇരു ചോദ്യങ്ങളും സ്ത്രീവിരദ്ധമാണ് എന്ന ആരോപണവും ഉയര്‍ന്നു. അര്‍ഥ രഹിതമായ ചോദ്യം തയ്യാറാക്കിയതിനെ കുറിച്ച് കേരള വനിതാ കമ്മീഷന്‍ എസ് എസ് സി അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടു.

ചോദ്യപേപ്പര്‍ വിവാദമായതോടെ വിശദീകരണവുമായി എസ് എസ് സി ചെയര്‍മാന്‍ എ ഭട്ടാചാര്യ രംഗത്തെത്തി. സംഭവം ദൗര്‍ഭാഗ്യകരവും അപലപനീയവുമാണെന്ന് പറഞ്ഞ അദ്ദേഹം സ്ത്രീ സമൂഹത്തോട് മാപ്പ് പറഞ്ഞു. കേരള വനിതാ കമ്മീഷന് വിശദീകരണം നല്‍കുമെന്നും ഇരു ചോദ്യങ്ങളും മൂല്യനിര്‍ണയത്തിന് പരിഗണിക്കില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു.