Connect with us

Ongoing News

ആശുപത്രികളെ ബാധിക്കാതെ ഡോക്ടര്‍മാരുടെ നിസ്സഹകരണ സമരം

Published

|

Last Updated

തിരുവനന്തപുരം: കെ ജി എം ഒയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ആരംഭിച്ച നിസ്സഹകരണ സമരം ആശുപത്രികളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചില്ല. ഒ പികള്‍ സാധാരണപോലെ പ്രവര്‍ത്തിച്ചു. വാര്‍ഡുകളില്‍ കിടത്തി ചകിത്സതേടിവരുന്ന രോഗികളുടെ പരിശോധനകളും വിദഗ്ധചികിത്സ ആവശ്യമായി വന്ന രോഗികളെ പ്രവേശിക്കുന്ന നടപടികളും തടസ്സം കൂടാതെ നടന്നു. അതേസമയം, നിസ്സഹകരണ സമരത്തെ അവഗണിക്കാനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ കുടുതല്‍ ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. സര്‍ക്കാര്‍ പുതുതായി ആരംഭിക്കുന്ന മെഡിക്കല്‍ കോളജുകളിലേക്ക് ആരോഗ്യവകുപ്പിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരടക്കമുള്ളവരെ ഡെപ്യൂട്ടേഷനില്‍ അയക്കാനുള്ള ഉത്തരവില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരത്തിലേക്ക് നീങ്ങിയത്. ആവശ്യത്തിന് സ്‌പെഷ്യലിസ്റ്റുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഉള്ളവരെ തന്നെ മാറ്റുന്നത് ജില്ലാ, ജനറല്‍ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇതിന് പുറമെ സീനിയോറിറ്റി പ്രശ്‌നവും മരുന്നുക്ഷാമം പരിഹരിക്കണമെന്ന ആവശ്യവുമുണ്ട്. നിസ്സഹകരണ സമരത്തിന്റെ ഭാഗമായി പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം, അവലോകനയോഗം, മെഡിക്കല്‍ ക്യാമ്പുകള്‍, വി ഐ പി ഡ്യൂട്ടി എന്നിവ ഡോക്ടര്‍മാര്‍ ബഹിഷ്‌കരിച്ചിരിക്കുകയാണ്. പത്ത് ദിവസത്തിനുള്ളില്‍ അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ നിസ്സഹകരണ സമരം ശക്തിപ്പെടുത്താനാണ് തീരുമാനം. നാലാം ഘട്ടത്തില്‍ പണിമുടക്കിലേക്ക് നീങ്ങും.
അതേസമയം പകര്‍ച്ചവ്യാധി റിപ്പോര്‍ട്ടിംഗില്‍ നിന്ന് ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കും. ഇതുസംബന്ധിച്ച് കഴിഞ്ഞ ജനുവരി മുതല്‍ നിരവധി ചര്‍ച്ചകള്‍ നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല. ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ എട്ട് തവണയും രണ്ട് തവണ മന്ത്രിയുമായും ചര്‍ച്ച നടന്നിരുന്നു. ആറ് മാസം കഴിഞ്ഞിട്ടും തീരുമാനം എടുക്കാത്ത സ്ഥിതിക്കാണ് ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരം ആരംഭിച്ചത്.
സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രയോഗിച്ചിരിക്കുകയാണ്. എന്നാല്‍ ധാര്‍മികമായി ഇത് സര്‍ക്കാറിന് യോജിച്ച നടപടിയല്ലെന്ന് കെ ജി എം ഒ എ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ പി മോഹനന്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ ഡ്യൂട്ടിക്ക് ഹാജരാകുകയും ഒപ്പിടുകയും ചെയ്യുകയാണ്. അത്തരമൊരു സാഹചര്യത്തില്‍ ഡയസ്‌നോണ്‍ നീതീകരിക്കാന്‍ കഴിയാത്തതാണെന്നും അദ്ദേഹം ആരോപിച്ചു. സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രം ശമ്പള ബില്‍ പാസാക്കിയാല്‍ മതിയെന്നാണ് ഉത്തരവ്.

 

Latest