Connect with us

Idukki

ശഫീഖ് ഇനി സ്‌നേഹത്തണലില്‍

Published

|

Last Updated

തൊടുപുഴ: ആറു വയസിനിടെ ഒരു ആയുസിന്റെ മുഴുവന്‍ ദുരിതങ്ങളും ഏറ്റുവാങ്ങിയ ശഫീഖ് ഇനി അമ്മത്താരാട്ടിന്റെ സ്‌നേഹത്തണലില്‍. പിതാവിന്റെയും രണ്ടാനമ്മയുടെയും കൊടും ക്രൂരതക്കിരയായി കേരള മനസാക്ഷിയെ ഞെട്ടിച്ച ശഫീഖിനെ ഇന്നലെ എഴല്ലൂര്‍ അല്‍അസ്ഹര്‍ മെഡിക്കല്‍ കോളേജ് ഏറ്റെടുത്തു. മെഡിക്കല്‍ കോളേജില്‍ ശഫീഖിനായി ഒരുക്കിയ അമ്മത്താരാട്ടെന്ന് പേരിട്ട മുറിയില്‍ ഇനി ഇവന്‍ കേരളത്തിന്റെ മുഴുവന്‍ സ്‌നേഹവും ഏറ്റുവാങ്ങി വളരും.

ശഫീഖിന്റെ സംരക്ഷണച്ചുമതല സാമൂഹ്യനീതി മന്ത്രി ഡോ. എം കെ മുനീര്‍ ഇന്നലെ ആശുപത്രി അധികൃതര്‍ക്ക് കൈമാറി. കുമളി ചെങ്കര പുത്തന്‍പുരയ്ക്കല്‍ ശറീഫിന്റെ മകന്‍ ശഫീഖിനെ ഇന്നലെ പകല്‍ 11.45 ഓടെയാണ് വെല്ലൂര്‍ മെഡിക്കല്‍ കോളേജിലെ രണ്ടാംഘട്ട ചികിത്സയ്ക്കുശേഷം അല്‍-അസ്ഹര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചത്. ജില്ലാ സാമൂഹ്യക്ഷേമ ഓഫീസര്‍ എച്ച് .രാമമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വെല്ലൂരില്‍നിന്ന് കുട്ടിയെ കൊണ്ടുവന്നത്. ജില്ലാ ശിശുക്ഷേമസമിതിയും ആശുപത്രി അധികൃതരുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു കൈമാറ്റം. ആശുപത്രിയുടെ അഞ്ചാംനിലയില്‍ ശിശുരോഗവിഭാഗത്തിനടുത്തായി തയ്യാറാക്കിയ മുറിയില്‍ ആയ രാഗിണിക്കൊപ്പമെത്തിയ ശഫീഖ് സന്തോഷവാനായിരുന്നു.
ശഫീഖിനെ അല്‍-അസ്ഹര്‍ മെഡിക്കല്‍ കോളേജിന് കൈമാറുന്നതുമായി ബന്ധപ്പെട്ട ചടങ്ങ് ആശുപത്രി അങ്കണത്തില്‍ തയ്യാറാക്കിയ പന്തലിലായിരുന്നു. പകല്‍ 11.30ഓടെ യോഗനടപടികള്‍ ആരംഭിച്ചു. അല്‍-അസ്ഹര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്് ചെയര്‍മാന്‍ കെ എം മൂസ സ്വാഗതം പറയുന്നതിനിടെ വീല്‍ചെയറില്‍ ആയ രാഗിണിക്കൊപ്പം എത്തിയ ശഫീഖിനെ സദസ്സ് കരഘോഷത്തോടെ എതിരേറ്റു. അല്‍-അസ്ഹര്‍ ദന്തല്‍ കോളേജിലെയും ആര്‍ട്‌സ് കോളേജിലെയും കുട്ടികള്‍ സ്വാഗതഗാനം പാടി. യോഗത്തില്‍ ജലവിഭവമന്ത്രി പി ജെ ജോസഫ് അധ്യക്ഷനായി. കൈമാറ്റം സംബന്ധിച്ച പ്രഖ്യാപനം മന്ത്രി എം കെ മുനീര്‍ നിര്‍വഹിച്ചു. കുടുംബത്തോടൊപ്പമാണ് മന്ത്രി മുനീര്‍ ചടങ്ങിനെത്തിയത്. തന്റെ കുടുംബത്തിലെ ഒരംഗമാണ് ശഫീഖ് എന്ന മന്ത്രിയുടെ പ്രഖ്യാപനം സദസ് കരഘോഷത്തോടെയാണ് സ്വീകരിച്ചത്. ശഫീഖിനെ പരിചരിക്കുന്ന രാഗിണിക്ക് സാമൂഹ്യ ക്ഷേമവകുപ്പിലെ താല്‍ക്കാലിക ജോലി സ്ഥിരപ്പെടുത്തി നല്‍കുമെന്നും മന്ത്രി അറിയിച്ചു.
ശഫീഖിന് രക്ഷിതാക്കളില്‍നിന്നുണ്ടായ ക്രൂരമായ പീഡനത്തെക്കുറിച്ചും ശിശുക്ഷേമസമിതിയുടെ ഇടപെടല്‍ വേണ്ടിവന്ന സാഹചര്യത്തെക്കുറിച്ചും ജില്ലാ ശിശുക്ഷേമസമിതി ചെയര്‍മാന്‍ പി ജി ഗോപാലകൃഷ്ണന്‍ നായര്‍ വിശദീകരിച്ചു. എംഎല്‍എമാരായ റോഷി അഗസ്റ്റിന്‍, ജോസഫ് വാഴയ്ക്കന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം ടി തോമസ് എന്നിവര്‍ സംസാരിച്ചു.
ശിശുക്ഷേമസമിതി ചെയര്‍മാന്‍ പി ജി ഗോപാലകൃഷ്ണന്‍ നായര്‍, അംഗങ്ങളായ അഡ്വ. സണ്ണി തോമസ്, സി. മെല്‍ബി, സി. ബിജി ജോസ്, ജെസി ജോണ്‍ എന്നിവര്‍ക്ക് മന്ത്രി മുനീര്‍ ഉപഹാരങ്ങള്‍ നല്‍കി. കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ബാലകൃഷ്ണന്‍, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ് എന്നിവരും സന്നിഹിതരായി. ശഫീഖിനും രാഗിണിക്കും മന്ത്രി മുനീറും കുടുംബാംഗങ്ങളും പെരുന്നാള്‍ സമ്മാനം നല്‍കി.