കട്ജുവിന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് രാഷ്ട്രീയ കക്ഷികള്‍ക്ക് വ്യത്യസ്ത പ്രതികരണം

Posted on: July 22, 2014 12:35 am | Last updated: July 22, 2014 at 12:35 am

ന്യൂഡല്‍ഹി: അഴിമതിക്കാരനായ ജഡ്ജിയെ യു പി എ സര്‍ക്കാര്‍ സംരക്ഷിച്ചുവെന്ന ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജുവിന്റെ വെളിപ്പെടുത്തലില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യത്യസ്ത തട്ടില്‍. എ ഐ എ ഡി എം കെ അടക്കമുള്ള ചില കക്ഷികള്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ വെളിപ്പെടുത്തല്‍ നടത്താന്‍ കട്ജു തിരഞ്ഞെടുത്ത സമയം ശരിയായില്ലെന്ന നിലപാടാണ് മറ്റു ചിലര്‍ക്ക്. ഡി എം കെ അടക്കം ഉള്‍പ്പെട്ട യു പി എ സംവിധാനത്തിലെ നിരവധി നേതാക്കളും പാര്‍ട്ടികളും നീതിന്യായ വ്യവസ്ഥയില്‍ ഇടപെട്ടതിന്റെ ചരിത്രമാണ് കട്ജു മുന്നോട്ടുവെക്കുന്നതെന്നും ഗുരുതരമായ ഈ വെളിപ്പെടുത്തലില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും എ ഐ എ ഡി എം കെ നേതാവ് എം തമ്പിദുരൈ ലോക്‌സഭയില്‍ ശൂന്യവേളയില്‍ പറഞ്ഞു. ബി എസ് പി മേധാവി മായാവതിയും ഇതേ ആവശ്യമുന്നയിച്ചു.
എന്നാല്‍ വെളിപ്പെടുത്തലില്‍ യാതൊരു കഴമ്പുമില്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. പുതിയ സര്‍ക്കാറിനോട് ഒട്ടിച്ചേര്‍ന്ന് നില്‍ക്കാനും വാര്‍ത്തയില്‍ നിറയാനും ജസ്റ്റിസ് കട്ജു നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ ആരോപണമെന്ന് പാര്‍ട്ടി നേതാവ് രാജീവ് ശുക്ല പറഞ്ഞു. അതേസമയം, അഴിമതിക്കാരനായ ജഡ്ജിപദവിയില്‍ തുടരുമ്പോള്‍ ഉന്നയിക്കേണ്ട ആരോപണം ഇപ്പോള്‍ എടുത്തിട്ടതിന്റെ ഔചിത്യം മനസ്സിലാകുന്നില്ലെന്ന് ശിവസേനാ മേധാവി സഞ്ജയ് റാവത്തും സി പി ഐ നേതാവ് ഡി രാജയും പറഞ്ഞു.
നീതിന്യായ വിഭാഗത്തില്‍ അഴിമതിയുണ്ടെന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. അന്നുതന്നെ അത് പറഞ്ഞിരുന്നുവെങ്കില്‍ ഈ വെളിപ്പെടുത്തലിന് ശക്തി ലഭിക്കുമായിരുന്നു. ഇന്ന് കട്ജുവും ആരോപണവിധേയരുമെല്ലാം വിരമിച്ചു. സര്‍ക്കാര്‍ മാറി. ഇപ്പോള്‍ ഇത് പറയുന്നതിന് യാതൊരു പ്രധാന്യവുമില്ല- റാവത്ത് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ കട്ജു എവിടെയായിരുന്നുവെന്ന് സി പി ഐ നേതാവ് ഡി രാജ ചോദിച്ചു. ആരോപണത്തിന്റെ ശരിതെറ്റുകളെക്കുറിച്ച് പറയേണ്ടത് കൊളീജിയമാണെന്ന് മുന്‍ നിയമമന്ത്രി വീരപ്പ മൊയ്‌ലി പ്രതികരിച്ചു. കട്ജു പറഞ്ഞത് പൂര്‍ണമായി ശരിയാകാന്‍ തന്നെയാണ് സാധ്യതയെന്ന് ജെ ഡി യു നേതാവ് ശരത് യാദവ് പറഞ്ഞു.
കുട്ജുവിന്റെ പ്രസ്താവന തികച്ചും അടിസ്ഥാനമില്ലാത്തതാണെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി കെ ജി ബാലകൃഷ്ണന്‍ പ്രതികരിച്ചു.