പഞ്ചായത്ത് തലത്തില്‍ പൈതൃക സമ്പത്തുകളുടെ സര്‍വേ ആരംഭിക്കും: മന്ത്രി കെ സി ജോസഫ്

Posted on: July 22, 2014 6:00 am | Last updated: July 22, 2014 at 12:16 am

kc-josephതിരുവനന്തപുരം: സംസ്ഥാനത്ത് പഞ്ചായത്ത് തലത്തില്‍ പൈതൃക സമ്പത്തുകളുടെ സര്‍വേ ആരംഭിക്കുമെന്ന് മന്ത്രി കെ സി ജോസഫ്. സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പിന്റെ ഹെറിറ്റേജ് പുരസ്‌കാര വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ആദ്യ ഘട്ടത്തില്‍ പത്ത് പഞ്ചായത്തുകളിലാണ് സര്‍വേ നടത്തുന്നത്. ഇടക്കല്‍ ഗുഹ, പത്മനാഭപുരം കൊട്ടാരം എന്നിവ യുനെസ്‌കോയുടെ പ്രാഥമിക പൈതൃക പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. മതിലകം രേഖകളുടെ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയായി. താളിയോല രേഖകള്‍, കൃതികള്‍ എന്നിവ ഘട്ടംഘട്ടമായി ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
നമ്മുടെ മഹത്തായ പൈതൃകം ലോകത്തെ അറിയിക്കാന്‍ ഇതിലൂടെ സാധിക്കും. തലസ്ഥാനത്ത് സ്വാതന്ത്ര്യസമര സ്മാരകമില്ലെന്നത് കണക്കിലെടുത്താണ് വട്ടിയൂര്‍ക്കാവില്‍ സ്മാരകം നിര്‍മിക്കുന്നത്. സ്വാതന്ത്ര്യസമര മ്യൂസിയം നിര്‍മിക്കുന്നതിനായി സ്ഥലം അന്വേഷിക്കുകയാണ്. ചരിത്ര വസ്തുക്കള്‍ കേടുപാടുകള്‍ ഉണ്ടാകാതെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ നാം സ്വീകരിക്കുന്നുണ്ടോയെന്ന് വിലയിരുത്തണം. ആ സമീപനത്തില്‍ വ്യത്യസ്തമായ മാറ്റങ്ങള്‍ വരുത്തുന്നതിന് സ്‌കൂളുകളിലെ ഹെറിറ്റേജ് ക്ലബ്ബുകളിലൂടെ തീവ്രമായ ശ്രമങ്ങള്‍ സ്വീകരിക്കണം. തിരഞ്ഞെടുത്ത സ്‌കൂളുകളില്‍ ഹെറിറ്റേജ് ക്ലബ്ബുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.