സാമ്പ്രദായിക ബേങ്കുകളെക്കാള്‍ സ്വീകാര്യത ഇസ്‌ലാമിക് ബേങ്കുകള്‍ക്ക്; ആസ്തി 9,500 കോടി ഡോളര്‍

Posted on: July 21, 2014 8:41 pm | Last updated: July 21, 2014 at 8:41 pm

islamic bankദുബൈ: സാമ്പ്രദായിക ബേങ്കുകളെക്കാള്‍ സ്വീകാര്യത ഇസ്‌ലാമിക ബേങ്കുകള്‍ നേടുന്നുവെന്ന് ദുബൈ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി പ്രസിഡന്റ് ഹമദ് ബൂ അമീം അറിയിച്ചു. ദുബൈയില്‍ ഒക്‌ടോബര്‍ 28 മുതല്‍ നടക്കുന്ന പത്താം ലോക ഇസ്‌ലാമിക് എക്കണോമിക് ഫോറത്തിന് മുന്നോടിയായി ഏണസ്റ്റ് ആന്റ് യംഗ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
യു എ ഇയില്‍ ഇസ്‌ലാമിക ബേങ്കുകളുടെ ആസ്തി 9,500 കോടി ഡോളറായി വര്‍ധിച്ചിട്ടുണ്ട്. മുന്‍വര്‍ഷം ഇത് 8,300 കോടി ഡോളറായിരുന്നു. സാമ്പ്രദായിക ബേങ്കുകള്‍ക്കുണ്ടായതിനെക്കാള്‍ 16 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇസ്‌ലാമിക് ബേങ്കുകള്‍ക്ക് അനുകൂലമായ അവസ്ഥയാണ് യു എ ഇയിലുള്ളത്.
സാമ്പത്തിക മേഖലയിലെ മഞ്ഞുരുക്കത്തോടൊപ്പം തന്നെ ഇസ്‌ലാമിക് ബേങ്ക് ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറി എന്നത് ശ്രദ്ധേയമാണ്. ചില മേഖലകളില്‍ 50 ശതമാനത്തിലധികം വളര്‍ച്ചയാണ് കൈവരിച്ചത്. 2013-2018 കാലയളവില്‍ 17 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇസ്‌ലാമിക് ബേങ്കുകള്‍ക്ക് വലിയ സാധ്യതയാണ് ലോകമെങ്ങും ഉള്ളത്. ദുബൈ ഇടപാടുകളുടെ കേന്ദ്ര സ്ഥാനത്തെത്തുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
ലോകത്ത് 3.8 കോടി ഇടപാടുകാരാണുള്ളത്. ഖത്തര്‍, യു എ ഇ, ഇന്തോനേഷ്യ, സഊദി അറേബ്യ, മലേഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളിലാണ് മൂന്നില്‍ രണ്ട് ഇടപാടുകാര്‍.
സഊദി അറേബ്യയാണ് വലിയ കമ്പോളം. 28,500 കോടി ഡോളറിന്റെ ആസ്തിയുണ്ട്. സഊദിയില്‍ മൊത്തം ബേങ്കിംഗ് ആസ്തിയുടെ 53 ശതമാനം വരും ഇത്. ആഗോള തലത്തില്‍ 2018 ഓടെ ലാഭം 3,050 കോടി ഡോളറിന്റേതാകുമെന്നും ഹമദ് ബൂ അമീം പറഞ്ഞു. ദുബൈ, ഇസ്‌ലാമിക് ബേങ്കിംഗിന്റെ തലസ്ഥാനമാകുമെന്ന് ഗ്ലോബല്‍ ഇസ്‌ലാമിക് ഫിനാന്‍സ് മേധാവി അശ്‌റഫ് ജമാല്‍ പറഞ്ഞു. എട്ടു ദശലക്ഷം കോടി ഡോളറിന്റെ ഇടപാടുകള്‍ ദുബൈയില്‍ നടക്കുമെന്നും വേള്‍ഡ് എക്‌സ്‌പോ 2020 ഓടെ പാരമ്യത്തിലെത്തുമെന്നും അശ്‌റഫ് ജമാല്‍ പറഞ്ഞു.
യു എ ഇയില്‍ അബുദാബി ഇസ്‌ലാമിക് ബേങ്ക്, ദുബൈ ഇസ്‌ലാമിക് ബേങ്ക് എന്നിവയാണ് പ്രധാനമായും ഉള്ളത്. ദുബൈ ഇസ്‌ലാമിക് ബേങ്ക് 1,600 കോടി ഡോളറിന്റെ സുകൂക് (കടപ്പത്രം) ഇറക്കിയിട്ടുണ്ട്.