Connect with us

Gulf

ഷാര്‍ജയില്‍ മോഷണം;31 കിലോ സ്വര്‍ണം കണ്ടെടുത്തു

Published

|

Last Updated

സ്വര്‍ണ മോഷണക്കേസില്‍ പിടിയിലായ പ്രതികള്‍

ഷാര്‍ജ: ഷാര്‍ജയിലെ ഒരു പ്രമുഖ ജ്വല്ലറിയില്‍ നിന്ന് മോഷണം പോയ 31 കിലോ സ്വര്‍ണം കണ്ടെടുത്തതായും എട്ടുപേരെ അറസ്റ്റു ചെയ്തതായും പോലീസ് സി ഐ ഡി വിഭാഗം തലവന്‍ ജിഹാദ് സാഹു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജൂലൈ 14നാണ് മോഷണം. ഏഴ് അഫ്ഗാനിസ്ഥാന്‍കാരും ഒരു തുര്‍ക്കി സ്വദേശിയുമാണ് പിടിയിലായത്. ഇവര്‍ ആസൂത്രണം ചെയ്താണ് മോഷണം നടത്തിയത്. മോഷ്ടിച്ച സ്വര്‍ണത്തിന് 50 ലക്ഷം ദിര്‍ഹം വിലവരുമെന്നും പോലീസ് പറഞ്ഞു. പ്രതികള്‍ എല്ലാവരും 20നും 50നും ഇടയില്‍ പ്രായമുള്ളവരാണ്.
ഈ മാസം 14ന് പുലര്‍ച്ചെ അഞ്ചരയ്ക്കായിരുന്നു സംഭവം. റോളയിലെ ജ്വല്ലറിയുടെ മുന്‍വശത്തെ ചില്ലു വാതിലും പൂട്ടും തകര്‍ത്താണ് സംഘം അകത്ത് പ്രവേശിച്ചത്.
ഞൊടിയിടയില്‍ 31 കിലോ സ്വര്‍ണക്കട്ടികളും ആഭരണങ്ങളുമായി പ്രതികള്‍ രക്ഷപ്പെട്ടു. 5.45 ഓടെ പൊലീസിന് കവര്‍ച്ചയെക്കുറിച്ച് വിവരം ലഭിച്ചു. ഉടന്‍ നടത്തിയ അന്വേഷണത്തില്‍ സംഘത്തെ കുറിച്ച് സൂചനയും ലഭിച്ചു. ഇതിനകം സംഘത്തലവന്മാരായ ഒരു അഫ്ഗാനിസ്ഥാന്‍ സ്വദേശിയും തുര്‍ക്കി സ്വദേശിയും യുഎഇ വിട്ടിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ പിറ്റേദിവസം അജ്മാനിലെ ഒരു അപാര്‍ട്ട്‌മെന്റില്‍ നിന്ന് കവര്‍ച്ച നടത്തിയ സംഘത്തിലെ ഒരാളെ പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച സൂചന അനുസരിച്ചാണ് മറ്റുള്ളവരെ പിടികൂടിയത്.
സ്വര്‍ണാഭരണങ്ങള്‍ ഉരുക്കി കട്ടിയാക്കിയ നിലയിലാണ് കണ്ടെത്തിയത്. ഇത് അജ്മാനിലെ ഒരു പ്രതിയുടെ ഉടമസ്ഥതയിലുള്ള ഫാക്ടറിയില്‍ നിന്നാണ് ചെയ്തത്. എട്ടംഗ സംഘം എട്ട് മാസത്തെ ആസൂത്രണത്തിന് ശേഷമാണ് കവര്‍ച്ച നടത്തിയത്. ഇതിനായി മാത്രം സംഘം യുഎഇയിലെത്തുകയായിരുന്നുവെന്ന് ജിഹാദ് സാഹു പറഞ്ഞു. ദുബൈ, അജ്മാന്‍ പൊലീസിന്റെ സഹകരണത്തോടെയായിരുന്നു കേസന്വേഷണം.
പൊലീസ് മാധ്യമ വിഭാഗം തലവന്‍ സുല്‍ത്താന്‍ അബ്ദുല്ല ഖയാല്‍, ദിഹാബ് ബുഹുന്ദി എന്നിവരും സംബന്ധിച്ചു.

---- facebook comment plugin here -----

Latest