ഗാസ: പ്രമേയം പാസാക്കത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Posted on: July 21, 2014 12:10 pm | Last updated: July 22, 2014 at 7:30 am

parliment of india

ന്യൂഡല്‍ഹി: ഗാസ വിഷയത്തില്‍ പ്രമേയം പാസാക്കാന്‍ വിസമ്മതിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച പ്രതിപക്ഷം രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന മനുഷ്യത്വ രഹിതമായ അതിക്രമങ്ങളെ അപലപിക്കാന്‍ ഇന്ത്യ തയ്യാറാവാണമെന്ന് ചര്‍ച്ച തുടങ്ങി വെച്ച കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. പി രാജീവ് അടക്കമുള്ള എം പിമാരാണ് ചര്‍ച്ചക്ക് നോട്ടീസ് നല്‍കിയത്. ചര്‍ച്ചക്ക് അനുമതി നല്‍കരുതെന്ന് കാണിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ചര്‍ച്ച നടത്താതിരിക്കാന്‍ പറ്റില്ലെന്ന് രാജ്യസഭാ അദ്ധ്യക്ഷന്‍ റൂളിംഗ് നല്‍കിയതോടെയാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് വഴങ്ങിയത്.

ചര്‍ച്ച പൂര്‍ത്തിയാക്കിയ ശേഷം അക്രമത്തെ അപലപിച്ച് പ്രമേയം പാസാക്കണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ തള്ളുകയായിരുന്നു. ഇസ്രായേലുമായിള്ള ബന്ധം ഇന്ത്യ നരസിംഹ റാവുവിന്റെ കാലത്ത് തുടങ്ങിയതാണെന്നും അത് ശക്തമായി മുന്നോട്ട് കൊണ്ടുപോവുമെന്നും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞി. സമവായമുണ്ടായാല്‍ മാത്രമേ പ്രമേയം പാസാക്കാനാവൂ എന്ന് ചെയറിലുണ്ടായിരുന്ന പി ജെ കുര്യന്‍ റൂളിംഗ് നല്‍കിയതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.