അഴിമതിക്കാരനെ യു പി എ സര്‍ക്കാര്‍ ജഡ്ജിയാക്കിയെന്ന് ജസ്റ്റിസ്‌ കട്ജു

Posted on: July 21, 2014 10:57 am | Last updated: July 22, 2014 at 7:20 am

JusticeKatjuന്യൂഡല്‍ഹി: കളങ്കിതനായ വ്യക്തിയെ മുന്‍ യു പി എ സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയാക്കി നിയമിച്ചെന്ന ആരോപണവുമായി പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കട്ജു. അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതിനാല്‍ അദ്ദേഹത്തെ മാറ്റാന്‍ കൊളീജിയം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് തടയുകയായിരുന്നുവെന്നും കട്ജു തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു ഉന്നത രാഷ്ട്രീയ നേതാവിന്റെ പിന്തുണ ആ ജഡ്ജിക്ക് ഉണ്ടായിരുന്നു. ജഡ്ജിയെ നീക്കിയാല്‍ സര്‍ക്കാര്‍ നിലംപതിക്കുമെന്ന് ഡി എം കെ ഭീഷണി മുഴക്കിയതാണ് അനുകൂല തീരുമാനമെടുക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചത്.
ജഡ്ജിയെ കുറിച്ച് പരാതി ലഭിച്ചപ്പോള്‍ തന്നെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ലഹോതിയോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇന്റലിജന്‍സ് ബ്യൂറോ നടത്തിയ അന്വേഷണത്തില്‍ ആരോപണം ശരിയാണെന്ന് കണ്ടെത്തിയിരുന്നു.

എന്നാല്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നോ സുപ്രീംകോടകി ചീഫ് ജസ്റ്റിസുമാരുടെ ഭാഗത്ത് നിന്നോ ജഡ്ജിയെ മാറ്റാന്‍ നടപടിയുണ്ടായില്ല. ചീഫ് ജസ്റ്റിസുമാരായിരുന്ന വൈ ബി സബര്‍വാള്‍, കെ ജി ബാലകൃഷ്ണന്‍ എന്നിവരും അഴിമതിക്കാരനായ ജഡ്ജിക്ക് അനുകൂല തീരുമാനമാണ് എടുത്തതെന്നും കട്ജു പറയുന്നു.