‘ജ്യോതിര്‍ഗമയ’ നേത്രദാന പദ്ധതി സമാപനം 24ന്

Posted on: July 21, 2014 9:15 am | Last updated: July 21, 2014 at 9:15 am

കല്‍പ്പറ്റ: അമ്പലവയല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ക്കെന്‍ഡറി സ്‌കൂളിന്റെ ‘ജ്യോതിര്‍ഗമയ’ നേത്രദാന പദ്ധതിയുടെ സമാപനം ഈ മാസം 24ന് നടക്കുമെന്ന് പ്രധാനാധ്യാപിക എന്‍ പി അനിതാഭായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇതിനോടൊപ്പം സ്‌കൂളില്‍ നിന്ന് കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മൂഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെയും വി.എച്ച്.എസ്.സി, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ കുട്ടികളെയും ആദരിക്കും.
സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ കണ്ണ് ദാനം ചെയ്യുന്ന 1000ത്തോളം പേരുടെ സമ്മതപത്രം ജില്ലാ മെഡിക്കല്‍ ഓാഫീസര്‍ നിതാ വിജയന് നല്‍കും. 2012ല്‍ ആരംഭിച്ച പദ്ധതിയില്‍ വിവിധ പരിപാടികളാണ് സ്‌കൂളിലെ എന്‍.എസ്.എസ് യൂനിറ്റ് നടത്തിയത്. പൊതുജനങ്ങള്‍ക്കു നല്‍കിയ ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് ഇത്രയുമധികം ആളുകള്‍ നേത്രദാനത്തിന് തയ്യാറായതെന്ന് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പി.ആര്‍ വിനേഷ് പറഞ്ഞു.
150 ഓളം കുട്ടികളും അവരുടെ രക്ഷിതാക്കളുമടക്കമുള്ളവരാണ് നേത്രദാന സമ്മതപത്രം നല്‍കിയവര്‍. അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡന്റ് എം.യു. ജോര്‍ജാണ് ആദ്യ സമ്മതപത്രം നല്‍കിയത്.
അന്ധതയില്‍ നിന്ന് തങ്ങള്‍ക്ക് സാധിക്കുന്ന രീതിയില്‍ ചിലരെയെങ്കിലും വെളിച്ചത്തിലേക്ക് കൊണ്ട് വരികയും, ഈ ആശയം പുതു തലമുറയിലേക്ക് എത്തിക്കുകയുമാണ് സ്‌കൂളിലെ 2000ത്തോളം വരുന്ന കുട്ടികളുടെ ഇപ്പോഴത്തെ സ്വപ്‌നം.
സമാപന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദ്, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. വിജയ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ബഷീര്‍, അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡന്റ് എം.യു. ജോര്‍ജ്, ഡി.ഡി.ഇ എന്‍.ഐ. തങ്കമണി, വി.എച്ച്.എസ്.സി വടകര മേഖല അസിസ്റ്റന്റ് ഡയറക്ടര്‍ കെ. കുഞ്ഞിമുഹമ്മദ്, എന്‍.എസ്.എസ് ജില്ലാ കണ്‍വീനര്‍ ഡോ. ടി മനോജ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത പി ടി എ വൈസ്പ്രസിഡന്റ് പി.പി. മാര്‍ക്കോസ്, അംഗങ്ങളായ എം.ടി. അനില്‍, കെ.എസ്. സുനില്‍കുമാര്‍ തുടങ്ങിയവര്‍ അറിയിച്ചു.