ദുംഗ വീണ്ടും ബ്രസീല്‍ കോച്ചാകുന്നു ?

Posted on: July 20, 2014 8:29 am | Last updated: July 20, 2014 at 11:44 am

DUNGAറിയോ ഡി ജനീറോ: ലൂയി ഫിലിപ്പ് സ്‌കൊളാരിക്ക് പകരം 1994ല്‍ ലോകകപ്പ് സ്വന്തമാക്കിയ നായകനും മുന്‍ കോച്ചുമായിരുന്ന ദുംഗയെ ബ്രസീല്‍ ഫുട്‌ബോള്‍ ടീം വീണ്ടും പരിശീലകനായി നിയമിക്കുന്നു. ബ്രസീലിലെ വാര്‍ത്താ ഏജന്‍സിയായ ലാന്‍സെന്റാണ് ഇത് സംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ബ്രസീല്‍ ഫുട്‌ബോള്‍ അധികൃതരുമായി ദുംഗ ചര്‍ച്ച നടത്തിയതായും 22ാം തീയതിക്കുള്ളില്‍ തന്നെ പ്രഖ്യാപനമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വന്തം മണ്ണില്‍ നടന്ന ലോകകപ്പില്‍ അതി ദയനീയമായ പ്രകടനത്തിലൂടെ ബ്രസീലിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോച്ച് ലൂയി ഫിലിപ്പ് സ്‌കൊളാരി സ്ഥാനമൊഴിയുകയും ചെയ്തു.
മുമ്പ് 2006 മുതല്‍ 2010 വരെ ബ്രസീല്‍ ഫുട്‌ബോള്‍ ടീമിനെ ദുംഗ പരിശീലിപ്പിച്ചിരുന്നു. 60 മത്സരങ്ങളില്‍ നിന്ന് 42 വിജയങ്ങള്‍ ടീമിന് സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. 2007ലെ കോപ അമേരിക്ക, 2009ലെ കോണ്‍ഫെഡറേഷന്‍ കപ്പ് കിരീടങ്ങള്‍ ദുംഗക്ക് കീഴില്‍ ബ്രസീല്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ 2010ലെ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടതോടെ ദുംഗയുടെ സ്ഥാനം തെറിക്കുകയായിരുന്നു. ദുംഗയുടെ അടുത്ത സുഹൃത്തും സഹതാരവുമായിരുന്ന ഗില്‍മര്‍ റിനാല്‍ഡിയെ കഴിഞ്ഞ ദിവസം ടെക്‌നിക്കല്‍ ഡയറക്ടറായി ബ്രസീല്‍ നിയമിച്ചിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശവും പിന്തുണയും ദുംഗയുടെ വരവ് എളുപ്പമാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ സ്‌കൊളാരിയുടെ പിന്‍ഗാമിയായി ചിലിയന്‍ സ്വദേശിയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കോച്ചുമായ മാനുവല്‍ പെല്ലെഗ്രിനിയെ ബ്രസീല്‍ പരിഗണിച്ചിരുന്നു. സ്‌കൊളാരി രാജി വെക്കുന്നതിന്റെ തൊട്ടുമുമ്പ് ബ്രസീല്‍ അധികൃതര്‍ പെല്ലെഗ്രിനിയുമായി വിഷയം ചര്‍ച്ച ചെയ്യുകയും ഉണ്ടായി. എന്നാല്‍ സിറ്റി കോച്ചായുള്ള കാലാവധി നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹം ക്ഷണം നിരസിക്കുകയായിരുന്നു.