Connect with us

Kozhikode

ഫലസ്തീന്‍: മുസ്‌ലിം യൂത്ത്‌ലീഗ് ഐക്യദാര്‍ഢ്യ സംഗമം നടത്തി

Published

|

Last Updated

കോഴിക്കോട്: ഫലസ്തീനിലെ നിരപരാധികളെ ഇസ്‌റാഈല്‍ കൂട്ടക്കുരിതി നടത്തുമ്പോള്‍ ഇതിനെതിരെ മൗനം പാലിക്കുന്നതല്ല ഇന്ത്യയുടെ പാരമ്പര്യമെന്ന് മുസ്‌ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ അഹമ്മദ് എം പി. മര്‍ദകരെയും മര്‍ദിതരെയും ഒരു പോലെ കാണാന്‍ ഇന്ത്യക്കാവില്ല. ഇന്ത്യയും ഫലസ്തീനും തമ്മില്‍ വൈകാരികമായ അടുപ്പമുണ്ട്. നെഹ്‌റുവിന്റെ കാലം മുതല്‍ മന്‍മോഹന്‍ സിംഗ് വരെ അത് തുടര്‍ന്നിരുന്നു. തന്റെ സഹോദരന്‍ എന്നായിരുന്നു രാജീവ് ഗാന്ധിയെ പി എല്‍ ഒ (ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍) നേതാവ് യാസര്‍ അറഫാത്ത് വിശേഷിപ്പിച്ചിരുന്നത്. മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അഹമ്മദ്.
ഇസ്‌റാഈലുമായുള്ള ബന്ധത്തില്‍ അറബ് നേതാക്കള്‍ക്ക് അഭിപ്രായ വിത്യാസം ചിലപ്പോഴുണ്ടാകും. എന്നാല്‍ അറേബ്യന്‍ ജനതയുടെ വികാരം ഫലസ്തീനൊപ്പമാണ്. ഇത് അവഗണിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാറിന് കഴിയില്ലെന്നും അഹമ്മദ് കൂട്ടിച്ചേര്‍ത്തു. യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സ്വാദിഖലി അധ്യക്ഷത വഹിച്ചു. അശറഫ് കടക്കല്‍, ഉമര്‍ പാണ്ടികശാല, ഡോ. എ എസ് മാത്യൂ, സി പി എ അസീസ് പ്രസംഗിച്ചു. യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി സി കെ സുബൈര്‍ സ്വാഗതവും ട്രഷറര്‍ കെ എം അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.