റിജോ ഫ്രാന്‍സിസ് നോമ്പു നോല്‍ക്കുന്നു; എട്ടാം വര്‍ഷവും

Posted on: July 19, 2014 10:59 pm | Last updated: July 19, 2014 at 10:59 pm

Rijo fastingഅബുദാബി: എട്ടു വര്‍ഷമായി റമസാനില്‍ നോമ്പ് അനുഷ്ഠിക്കുകയാണ് തൃശൂര്‍ വരന്തരപള്ളി സ്വദേശി റിജോ ഫ്രാന്‍സിസ്. കൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കള്‍ നോമ്പ് അനുഷ്ടിക്കുന്നത് കണ്ടാണ് റിജോ ഫ്രാന്‍സിസും നോമ്പെടുത്ത് തുടങ്ങിയത്. 2006ലാണ് ഇദ്ദേഹം യു എ ഇയിലെത്തുന്നത്. ജബല്‍ അലി ഫ്രീസോണില്‍ ബോംബെ സ്വദേശിയുടെ പ്ലാസ്റ്റിക് കമ്പനിയില്‍ ജോലി ചെയ്യുന്ന റിജോ 2007 മുതല്‍ റമസാനിലെ നോമ്പ് പതിവാക്കിയിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം കമ്പനിയില്‍ റിജോയും സുഹൃത്തുക്കളും ഒന്നിച്ചായിരുന്നു നോമ്പ് മുറിച്ചിരുന്നത്. ഇപ്പോള്‍ ജോലി സമയം മാറിയതിനാല്‍ വീട്ടില്‍ നിന്നാണ് നോമ്പ് മുറിക്കുന്നത്. നോമ്പ് ശരീരത്തിന് ആനന്ദം നല്‍കുന്നുവെന്നാണ് റിജോ പറയുന്നത്.
നോമ്പ് അനുഷ്ഠിക്കുന്നതിന് ഭാര്യയുടെയും കുടുംബത്തിന്റെയും പൂര്‍ണ പിന്തുണയും പ്രോത്സാഹനവുമുണ്ട്. നാട്ടിലായിരുന്നപ്പോഴും റമസാനിലെ വ്രതം മുടക്കിയിരുന്നില്ല. തുടര്‍ന്നും മുടങ്ങാതെ റമസാനില്‍ നോമ്പ് അനുഷ്ഠിക്കുവാനാണ് റിജോ ഫ്രാന്‍സിസിന്റെ തീരുമാനം.