ലീഗ്-കോണ്‍ഗ്രസ് തര്‍ക്കം: ഹയര്‍ സെക്കന്‍ഡറി തീരുമാനം വൈകുന്നു

Posted on: July 19, 2014 12:26 am | Last updated: July 19, 2014 at 12:27 am

udfതിരുവനന്തപുരം: മുസ്‌ലിം ലീഗും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കം മൂലം പുതിയ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളും അധിക ബാച്ചുകളും അനുവദിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം വൈകുന്നു.
പുതിയ സ്‌കൂളുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് ഏറെക്കുറെ തീരുമാനമായെങ്കിലും അധിക ബാച്ചുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ മന്ത്രിസഭാ ഉപസമിതിയില്‍ കോണ്‍ഗ്രസ് മന്ത്രിമാരും വിദ്യാഭ്യാസ മന്ത്രിയും തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുകയാണ്. തെക്കന്‍ ജില്ലകളിലെ ചില സ്‌കുളുകളിലും ലീഗ് അവകാശവാദം ഉന്നയിക്കുന്നതാണ് തര്‍ക്കത്തിന് കാരണമെന്നാണറിയുന്നത്. എന്നാല്‍ വിദ്യാഭ്യാസ വകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി കോണ്‍ഗ്രസ് കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നുവെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെയും ലീഗിന്റെയും ആരോപണം. പുതിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും ബാച്ചുകളും അനുവദിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാനുള്ള പ്രധാന തടസ്സം ധന വകുപ്പിന്റെ എതിര്‍പ്പാണെന്നാണ് പ്രചാരണം. എന്നാല്‍ ഇത് കാരണങ്ങളില്‍ ഒന്നുമാത്രമാണ്. ലീഗും കോണ്‍ഗ്രസും തമ്മിലുള്ള അഭിപ്രയാവ്യത്യാസമാണ് പ്രധാന തടസ്സമെന്നതാണ് യാഥാര്‍ഥ്യം.
ഇക്കാര്യം ധനമന്ത്രിയും ധന കാര്യവകുപ്പും നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ സ്‌കുളുകള്‍ അനുവദിക്കുക, അപ്‌ഗ്രേഡ് ചെയ്യുക, അധിക ബാച്ച് നല്‍കുക തുടങ്ങിയവയിലൂടെ ആകെ 600 എണ്ണത്തില്‍ കൂടരുതെന്ന് മാത്രമാണ് ധനവകുപ്പിന്റെ നിര്‍ദേശം. അധിക ബാച്ചുകള്‍ സംബന്ധിച്ചാണ് പ്രധാന തര്‍ക്കം നിലനില്‍ക്കുന്നത്. ഇതിനായി രണ്ട് തവണ മന്ത്രിസഭാ ഉപസമിതി യോഗം ചേര്‍ന്നിരുന്നെങ്കിലും അന്തിമ തീരുമാനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. നിലവില്‍ പ്ലസ്ടു സ്‌കൂളുകളില്ലാത്ത 134 ഗ്രാമപഞ്ചായത്തുകളില്‍ പുതിയ സ്‌കൂള്‍ അനുവദിക്കുന്ന കാര്യത്തിലും അപ്‌ഗ്രേഡ് ചെയ്യപ്പെടുന്ന സ്‌കൂളുകളുടെ കാര്യത്തിലും മന്ത്രിസഭാ ഉപസമിതിയില്‍ ഏകദേശ ധാരണ രൂപപ്പെട്ടിട്ടുണ്ടെങ്കിലും അധിക ബാച്ചുകളില്‍ ഭിന്നത നീങ്ങിയിട്ടില്ല. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ 189 അധിക ബാച്ചുകള്‍ അനുവദിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. ആകെ ബാച്ചുകള്‍ 600 കവിയരുതെന്ന ധനവകുപ്പിന്റെ നിഷ്‌കര്‍ഷ ഉള്ളതിനാല്‍ ഇടുക്കി മുതല്‍ തെക്കോട്ടുള്ള ജില്ലകള്‍ക്ക് ലഭിക്കുന്ന അധിക ബാച്ചുകള്‍ 75 ആയി പരിമിതപ്പെടും. ഇതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിക്കുന്നത്. മാത്രമല്ല തെക്കന്‍ ജില്ലകളിലെ ചില സിംഗിള്‍ മാനേജ്‌മെന്റ് സ്‌കൂളുകള്‍ക്ക് വേണ്ടി ലീഗും വിദ്യാഭ്യാസ വകുപ്പും സമ്മര്‍ദം ചെലുത്തുന്നതിലും കോണ്‍ഗ്രസിന് അമര്‍ഷമുണ്ട്. കോണ്‍ഗ്രസ് മന്ത്രിമാര്‍ ഉപസമിതി യോഗത്തില്‍ ഇതിനെ ചോദ്യം ചെയ്തിട്ടുണ്ട്. എറണാകുളം ജില്ലയിലെ പോത്താനിക്കാട് സെന്റ്‌ജോണ്‍സ് സ്‌കുളിന് വേണ്ടി ലീഗ് നേതൃത്വം വാശിപിടിക്കുന്നതിനെയാണ് കോണ്‍ഗ്രസ് മന്ത്രിമാര്‍ വിമര്‍ശിച്ചത്. കോട്ടയം ജില്ലയിലെ സ്‌കുളുകള്‍ക്ക് വേണ്ടി വിദ്യാഭ്യാസ മന്ത്രി വാദിച്ചപ്പോഴും കോണ്‍ഗ്രസ് എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇതാണ് ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിയുന്നതിന്റെ കാരണം. ഉത്തര മലബാറിലെ സി പി എം നിയന്ത്രണത്തിലുള്ള സ്‌കൂളുകള്‍ക്ക് പ്ലസ്ടു നേടിക്കൊടുക്കാന്‍ ലീഗ് നേതൃത്വം രംഗത്തിറങ്ങിയതും കെ സി ജോസഫിനെ പോലുള്ള മന്ത്രിമാരെ ചൊടിപ്പിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ കേസ് വന്നപ്പോള്‍ മുഴുവന്‍ നിര്‍ദേശങ്ങളും ഫയലുകളും കോടതിയില്‍ സമര്‍പ്പിച്ചതിനെയും കോണ്‍ഗ്രസ് വിമര്‍ശിച്ചു. സര്‍ക്കാറിന് വേണ്ടി കോടതിയില്‍ ഹാജരായ അഡീഷ്‌നല്‍ അഡ്വക്കറ്റ് ജനറല്‍ വേണ്ട വിധം ഇടപെട്ടില്ലെന്ന വിമര്‍ശവും മന്ത്രിസഭാ ഉപസമിതി യോഗത്തിലുയര്‍ന്നു. അതേസമയം പ്ലസ്‌വണ്‍ പ്രവേശന നടപടികള്‍ അന്തിമ ഘട്ടത്തിലെത്തി നില്‍ക്കെ ഇതുസംബന്ധിച്ച അന്തിമ തീരുമാനം അധികം നീട്ടിക്കൊണ്ടുപോകുന്നത് കൂടുതല്‍ തിരിച്ചടിയാകുമെന്നതിനാല്‍ ഭിന്നത പരിഹരിച്ച് ഉടന്‍ തീരുമാനമെടുത്തേക്കും.