Connect with us

National

നേതൃത്വവുമായി ഭിന്നത; മഹാരാഷ്ട്ര മന്ത്രി രാജിവെച്ചു

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയിലെ പൃഥിരാജ് ചവാന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുകയാണെന്ന് വ്യവസായ മന്ത്രി നാരായണ്‍ റാണെ. മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വലിയ വഴിത്തിരിവുണ്ടാക്കിയേക്കാന്‍ സാധ്യതയുള്ള നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഈ രാജിയെ കാണുന്നത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വവുമായി കുറച്ചുകാലമായി സ്വരച്ചേര്‍ച്ചയിലായിരുന്നില്ല അദ്ദേഹം. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന ശൈലിയിലും റാണ അസംതൃപ്തനായിരുന്നു.
താന്‍ ഈ മാസം സ്ഥാനം രാജിവെക്കുമെന്നും അതേസമയം കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്നും റാണ അറിയിച്ചു. ശിവസേനയിലെ സജീവമായ അംഗമായിരുന്ന അദ്ദേഹം രാജിവെച്ച് 2005ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ശിവസേനക്ക് വേണ്ടി രത്‌നഗിരി- സിന്ധുദുര്‍ഗ് ലോക്‌സഭയില്‍ നിന്ന് മത്സരിച്ചിരുന്ന തന്റെ മകന്‍ നിലേഷ് പരാജയപ്പെട്ടതോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളായത്. കോണ്‍ഗ്രസ് സഖ്യ കക്ഷിയായ എന്‍ സി പി തന്റെ മകനെ തോല്‍പ്പിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് അദ്ദേഹം കരുതുന്നത്. 27 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് സംസ്ഥാനത്ത് വെറും രണ്ട് സീറ്റുകളിലാണ് ജയം കണ്ടെത്താന്‍ സാധിച്ചുള്ളൂ. തന്റെ പ്രവര്‍ത്തന പരിചയം കോണ്‍ഗ്രസ് വേണ്ട പോലെ ഉപയോഗപ്പെടുത്തുന്നില്ലെന്നും അന്ന് പ്രചാരണ വേളയില്‍ റാണ കുറ്റപ്പെടുത്തിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച അന്ന് തന്നെ റാണ തന്റെ രാജിക്കത്ത് മുഖ്യമന്ത്രി ചവാന് നല്‍കിയിരുന്നു. പക്ഷേ അദ്ദേഹം ഇത് നിരസിക്കുകയായിരുന്നു. ചവാന് പകരം റാണെയെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി നിയോഗിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇത് അനുവദിച്ചില്ല. കോണ്‍ഗ്രസ് വിട്ടു പോകില്ലെന്ന് റാണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബി ജെ പിയില്‍ ചേരാനുള്ള സാധ്യതകളും നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല.